എന്താണ് ഓട്‌സ്? ഹൃദയത്തെ സംരക്ഷിക്കുന്ന, കൊളസ്‌ട്രോൾ കുറയ്ക്കുന്ന, പ്രമേഹത്തെ പിടിച്ചുകെട്ടുന്ന ഒരു അദ്ഭുത ‘സൂപ്പർ ഫുഡ്’ ആയി ഓട്‌സ് മാറിയിട്ട് കാലമേറെയായി. എന്നാൽ, നമ്മൾ വിശ്വസിക്കുന്നതുപോലെ അത്ര വലിയ താരമാണോ ഓട്‌സ്? ഡോക്ടറുടെ ഒ.പി. മുറിയിലെ രസകരമായ അനുഭവത്തിൽ നിന്ന് തുടങ്ങുന്ന ഈ അന്വേഷണം, ഓട്‌സിനെക്കുറിച്ച് നിങ്ങൾ ഇതുവരെ വിശ്വസിച്ച പല കാര്യങ്ങളും തെറ്റാണെന്ന് തെളിയിക്കും. മാർക്കറ്റിംഗിന്റെ കെണിയിൽ വീഴാതെ, നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർഥങ്ങളെ എങ്ങനെ ശരിയായി മനസ്സിലാക്കാം എന്ന് ഈ ലേഖനം നിങ്ങളെ കാണിച്ചുതരും. വായനക്കാരെ അദ്ഭുതപ്പെടുത്തുന്ന ചില ‘ട്വിസ്റ്റുകൾ’ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഈ കുറിപ്പ് വായിച്ചുനോക്കൂ, ഓട്‌സിനെക്കുറിച്ചുള്ള നിങ്ങളുടെ ധാരണകൾ ഇതോടെ മാറിയേക്കാം! ഡോ. ജോജോ ജോസഫ് എഴുതുന്നു.
കഴിഞ്ഞയാഴ്ച ഒ.പി.യിൽ നടന്ന ഒരു സംഭവമാണ് ഈ ലേഖനത്തിന് പ്രചോദനം. മേജർ കാൻസർ സർജറി കഴിഞ്ഞ് ആദ്യത്തെ ഫോളോ-അപ്പ് വിസിറ്റിന് വന്ന ഒരു രോഗി. പ്രതീക്ഷിച്ച രീതിയിലുള്ള ഒരു ആരോഗ്യാവസ്ഥയിലേക്കോ, റിക്കവറിയിലേക്കോ അദ്ദേഹം എത്തിയിട്ടില്ല. ഇത്തരം സന്ദർഭങ്ങളിൽ രോഗിയുടെ ആരോഗ്യസ്ഥിതിയെ ബാധിക്കുന്ന മറ്റ് ഘടകങ്ങളൊന്നുമില്ലെങ്കിൽ, ഞാൻ ആദ്യം ചോദിക്കാറുള്ളത് അവരുടെ ഭക്ഷണരീതിയെക്കുറിച്ചാണ്. പോസ്റ്റ്-ഓപ്പറേഷൻ കാലഘട്ടത്തിൽ ശരീരം വേഗത്തിൽ സുഖം പ്രാപിക്കാൻ കൂടുതൽ പ്രോട്ടീനും കലോറിയും ആവശ്യമാണെന്നതാണ് ഇതിന്റെ കാരണം.
രോഗിയോട് എന്താണ് കഴിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഭാര്യയാണ് മറുപടി നൽകിയത്. അഭിമാനത്തോടെ അവർ പറഞ്ഞു: “ഡോക്ടർ തന്ന ഡയറ്റ് ചാർട്ടിനേക്കാൾ ഹെൽത്തിയായിട്ടുള്ള ഭക്ഷണമാണ് ഞാൻ ചേട്ടന് കൊടുക്കുന്നത്. രാവിലെ ഓട്‌സ് പുട്ട്, ഉച്ചയ്ക്ക് ഓട്‌സ് കഞ്ഞിയും മീറ്റും, വൈകുന്നേരം ഓട്‌സ് ബിസ്‌കറ്റ്, പിന്നെ രാത്രിയിൽ മകൾ കൊടുത്തയച്ച ഒരു സാധനം… ഇതൊക്കെ ദഹിക്കാൻ എളുപ്പമാണല്ലോ! ചേട്ടന് തീരെ താൽപര്യമില്ലെങ്കിലും ഞാൻ നിർബന്ധിച്ച് കഴിപ്പിക്കുകയാണ്.”
ഞാൻ ചോദിച്ചു, “ആരുടെ ഉപദേശപ്രകാരമാണ് ഈ ഡയറ്റ് പിന്തുടരുന്നത്?”
എന്റെ ചോദ്യം അവർക്ക് അത്ര പിടിച്ചില്ല. മറുപടിയിലൂടെ അവർ എന്നെ പഠിപ്പിക്കാൻ തുടങ്ങി: “ഡോക്ടർക്കറിയില്ലേ? അരിയും ഗോതമ്പും റാഗിയുമൊക്കെ വെറും കാർബോഹൈഡ്രേറ്റ് അല്ലേ? പ്രമേഹവും കൊളസ്‌ട്രോളും ഉള്ളവർക്കും അതുപോലെ പ്രോട്ടീൻ കിട്ടാനും ഓട്‌സ് ആണ് ഏറ്റവും നല്ലതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ.”
ഇന്റർനെറ്റിൽ നിന്നോ, സ്നേഹിതരിൽ നിന്നോ ലഭിച്ച ചില അറിവുകൾ വച്ച്, താൻ പറയുന്നതാണ് അന്തിമ സത്യമെന്ന ഭാവത്തിലായിരുന്നു അവരുടെ സംസാരം.
ഒരു സ്റ്റാറ്റസ് സിംബലായി മാറിയ ഓട്‌സ്
നമ്മളിൽ ഭൂരിഭാഗം പേരുടെയും ചിന്താഗതി ഏതാണ്ട് ഇതുപോലെയാണ്. ആശുപത്രി വിട്ട് വീട്ടിലെത്തിയാലോ, ചെറിയൊരു അസുഖം വന്നാലോ, കൂടുതൽ ആരോഗ്യത്തോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുമ്പോഴോ പലരും ആദ്യം തേടിപ്പോകുന്നത് ഓട്‌സിനെയാണ്. അരിയും ഗോതമ്പും മറ്റ് ധാന്യങ്ങളും ഒക്കെ വെറും കാർബോഹൈഡ്രേറ്റ് ആണെന്നും ഓട്‌സ് മാത്രമാണ് ‘സൂപ്പർ ഫുഡ്’ എന്നും അവർ വിശ്വസിക്കുന്നു. ഇന്ന് അതൊരു സ്റ്റാറ്റസ് സിംബൽ കൂടിയാണ്. ഏത് സൂപ്പർമാർക്കറ്റിൽ കയറിയാലും, ധാന്യങ്ങൾക്കായി മാറ്റിവച്ചിരിക്കുന്ന ഷെൽഫ് നിറയെ ഓട്‌മീൽ, ഓട്‌സ് സീറിയലുകൾ, ഓട്‌സ് മിൽക്ക്, ഓട്‌സ് പ്രോട്ടീൻ പൗഡർ തുടങ്ങിയവയുടെ നീളുന്ന നിരയാണ്.
ഇതൊക്കെ കഴിച്ചാൽ ആരോഗ്യം വർധിക്കുമെന്നാണ് ഭൂരിഭാഗം പേരുടെയും ധാരണ. ഇതിന്റെയെല്ലാം കവറുകളിൽ നൽകിയിരിക്കുന്ന ആകർഷകമായ പരസ്യവാചകങ്ങൾ നോക്കൂ: “ഹൃദയാരോഗ്യത്തിന് ഉത്തമം,” “ഡയബറ്റിക് ഫ്രണ്ട്‌ലി,” “ഭാരം കുറയ്ക്കാൻ സഹായിക്കുന്നു,” “കൊളസ്ട്രോൾ നിയന്ത്രിക്കുന്നു.” ചുരുക്കത്തിൽ, ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ഓട്‌സ് തന്നെ കഴിക്കണം എന്ന നിലയിലാണ് കാര്യങ്ങൾ.
ഓട്‌സിന്റെ ചരിത്രവഴികൾ
ആദ്യം എന്താണ് ഈ ഓട്‌സ് എന്ന് മനസ്സിലാക്കാം. നാം സാധാരണ കഴിക്കുന്ന പുല്‍വര്‍ഗത്തില്‍പെട്ട, അതായത് അരി, ഗോതമ്പ്, റാഗി, ചോളം, ബാര്‍ലി തുടങ്ങിയ ധാന്യങ്ങളെപ്പോലെ തന്നെയുള്ള ഒരു ധാന്യം മാത്രമാണ് ഈ ഓട്‌സ്. ഒരല്‍പം ഓട്‌സ് ചരിത്രം കൂടി പറയാം. നമ്മുടെ മിഡില്‍ ഈസ്റ്റിലെ മെസപ്പൊട്ടോമിയ ആണ് ഓട്‌സിന്റെ ജന്മദേശം. അവിടെ ഗോതമ്പ് പാടങ്ങളില്‍ വളരുന്ന ഒരു കളയായിരുന്നു ഇത്. റോമാക്കാരും ഗ്രീക്കുകാരും അവിടെ നിന്നും ഇതിനെ ഒരു കുതിരത്തീറ്റയായി വളര്‍ത്തി. പിന്നീട് നടന്ന മഹായുദ്ധങ്ങളുടെ കാലത്ത് വടക്കന്‍ യൂറോപ്പിലെ അതിശൈത്യമേഖലയില്‍ ഗോതമ്പ് വളരാത്തതിനാല്‍ അവര്‍ ഇത് കൃഷി ചെയ്ത് കഴിച്ച് യുദ്ധകാലം അതിജീവിച്ചു. അങ്ങനെ ഓട്‌സ് സ്‌കോട്‌ലന്‍ഡുകാരുടെ പ്രധാന ഭക്ഷണമായി മാറി. അവിടെ നിന്നുമുള്ള അമേരിക്കന്‍ കുടിയേറ്റത്തിന്റെ ഭാഗമായി ഓട്‌സ് അമേരിക്കയിലെത്തി. 1980 കളില്‍ ഓട്‌സ്, കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്ന് അറിഞ്ഞതോടെ ഒപ്പം പേപ്പര്‍ പാക്കറ്റുകളിലും ഇത് ലഭ്യമാക്കിയതോടെ അമേരിക്കന്‍ തീന്‍മേശയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭക്ഷണമായി ഓട്‌സ് മാറി. 1997 ല്‍ എഫ്. ഡി.എ. (FDA) ആദ്യമായി ഭക്ഷണപ്പൊതിക്കു പുറത്ത് ‘ഇത് ഹൃദ്രേഗസാധ്യത കുറയ്ക്കു’മെന്ന പരസ്യവാചകം ചേര്‍ക്കാന്‍ അനുമതി നല്‍കി. പിന്നെ നടന്നത് ചരിത്രം. ഇന്ന് കേരളത്തിലെ കുഗ്രാമത്തില്‍ പോലും ബ്രേക്ക്ഫാസ്റ്റിന് ഒരു സാധാരണ വിഭവമായി മാറി ഓട്‌സ്.
അന്നജവും പ്രോട്ടീനും: യാഥാർഥ്യം എന്ത്?
കേരളത്തിൽ ഓട്‌സിന് ഇത്രയധികം പ്രചാരം ലഭിച്ചത് ഇതൊരു ‘ഡയറ്റ് ഫ്രണ്ട്ലി’ (Diet Friendly) ഭക്ഷണമാണ് എന്ന വിശ്വാസം കൊണ്ടാണ്; മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് ഇതിൽ അന്നജം (Carbohydrates) വളരെ കുറവാണെന്നൊരു ധാരണ പരക്കെ നിലനിൽക്കുന്നുണ്ട്. എന്നാൽ, ഈ വാദത്തിലെ വാസ്തവം പരിശോധിക്കാൻ വിവിധ ധാന്യങ്ങളിലെ 100 ഗ്രാം അളവിലെ അന്നജത്തിന്റെ അളവ് താഴെ പറയുന്ന പട്ടികയുമായി താരതമ്യം ചെയ്യാം:
അരി: 77 ഗ്രാം
ബാർലി: 73 ഗ്രാം
ഗോതമ്പ്: 70 ഗ്രാം
റാഗി: 70 ഗ്രാം
ഓട്‌സ്: 66 ഗ്രാം
ബജ്‌റ: 65 ഗ്രാം
ഈ കണക്കുകൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്; ഓട്‌സും മറ്റ് ധാന്യങ്ങളും തമ്മിൽ അന്നജത്തിന്റെ കാര്യത്തിൽ വലിയൊരു അന്തരമൊന്നുമില്ല. ചുരുക്കത്തിൽ, ഓട്‌സ് അന്നജം വളരെ കുറഞ്ഞ ഒരു അദ്ഭുത ഭക്ഷണമാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്.
അതുപോലെത്തന്നെ, ഓട്‌സ് ഒരു ‘പ്രോട്ടീൻ റിച്ച്’ (Protein Rich) ഭക്ഷണമാണെന്നതാണ് അടുത്ത അവകാശവാദം. വിവിധ ധാന്യങ്ങളിലെ പ്രോട്ടീൻ അളവ് പരിശോധിച്ചാൽ, ഗോതമ്പിനെ അപേക്ഷിച്ച് 100 ഗ്രാമിൽ കഷ്ടിച്ച് മൂന്ന് ഗ്രാം മാത്രമാണ് ഓട്‌സിൽ കൂടുതൽ. അന്നജവും മാംസവും മാറ്റിനിർത്തി ഫൈബർ, വിറ്റാമിൻ, കൊഴുപ്പ് എന്നിവയുടെ കാര്യമെടുത്താലും, മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് ഇതൊരു ‘സൂപ്പർ ഫുഡ്’ എന്ന് വിശേഷിപ്പിക്കാൻ തക്കതായ വലിയ വ്യത്യാസമൊന്നുമില്ലെന്നതാണ് വാസ്തവം.
ബെറ്റാഗ്ലൂക്കാൻ എന്ന ‘താരം’
അപ്പോൾ സ്വാഭാവികമായും അടുത്ത ചോദ്യം ഉയരും: “പിന്നെ എന്താണ് ഓട്‌സിന്റെ പ്രത്യേകത? ഇത്രയധികം ആളുകൾ മണ്ടന്മാരാണെന്നാണോ ഡോക്ടർ വിചാരിക്കുന്നത്?”
അവിടെയാണ് സലിംകുമാർ കഥാപാത്രം പറയുന്നതുപോലെ, കഥയിലെ ‘ട്വിസ്റ്റ്’ തുടങ്ങുന്നത്.
ഓട്‌സിന്റെ യഥാർഥ പ്രത്യേകത ഇതിൽ ധാരാളം അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകളാണ് (Soluble Fibre). ഇതിന്റെ ഗുണങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓട്‌സിലെ ഈ ലയിക്കുന്ന നാരുകളുടെ പേരാണ് ‘ബെറ്റാഗ്ലൂക്കാൻ’ (Betaglucan). ഇത് വളരെ മികച്ചൊരു പ്രീബയോട്ടിക് (Prebiotic) ആണ്; അതായത് നമ്മുടെ വൻകുടലിലെ നല്ല ബാക്ടീരിയകളുടെ പ്രധാന ഭക്ഷണമാണിത്.
ഇത് കഴിക്കുമ്പോൾ വയർ നിറഞ്ഞതായി തോന്നും (Satiety), ഗ്ലൂക്കോസ് ആഗിരണം സാവധാനത്തിലാക്കും (Slower Glucose Absorption). കൂടാതെ, പിത്തരസ ആസിഡുകളെ ബന്ധിപ്പിച്ച് കൊളസ്‌ട്രോൾ കുറയ്ക്കാനും (Bile Acid Binding) ഇത് സഹായിക്കും. ഇതെല്ലാം വഴി വളരെ ചെറിയ തോതിൽ എൽ.ഡി.എൽ. (LDL) കൊളസ്‌ട്രോൾ കുറയാൻ സാധ്യതയുണ്ട്. ഇതൊരു ശാസ്ത്രീയ സത്യമാണ്; ഈ ഗുണങ്ങളാണ് ഓട്‌സിനെ ഒരു ‘താരമാക്കി’ മാറ്റിയത്.
മാർക്കറ്റിംഗിന്റെ മാന്ത്രികത
ഇവിടെയാണ് മാർക്കറ്റിംഗിന്റെയും പി.ആർ. (PR) വർക്കിന്റെയും യഥാർഥ മാന്ത്രികത നാം തിരിച്ചറിയേണ്ടത്. ഓട്‌സിന്റെ തലവര മാറ്റിയെഴുതിയതും ഈ പരസ്യങ്ങളാണ്. വാസ്തവത്തിൽ, നമ്മുടെ നാട്ടിൽ ലഭ്യമായ ഓട്‌സിനേക്കാൾ ഇരട്ടി ബെറ്റാഗ്ലൂക്കാൻ (Betaglucan) അടങ്ങിയ മറ്റൊരു ധാന്യമുണ്ട്; അതിന്റെ പേരാണ് ബാർലി (Barley). എന്നാൽ, ബാർലിക്ക് ഓട്‌സിനെപ്പോലെ ശക്തമായ പി.ആർ. വർക്കിനോ, മാർക്കറ്റിംഗിനോ ആളില്ലാത്തതുകൊണ്ട്, അത് ഇന്നും നമ്മുടെ അടുക്കളയ്ക്ക് പുറത്തുതന്നെ തുടരുന്നു.
ഇവിടെയും കഥയിലെ ‘ട്വിസ്റ്റ്’ തീരുന്നില്ല. ഇതിലും രസകരമായ മറ്റൊരു കാര്യം താഴെ പറയുന്നതാണ്. ബെറ്റാഗ്ലൂക്കാൻ (Betaglucan) ഒരു ലയിക്കുന്ന നാര് (Soluble Fibre) ആണെന്നും അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും നാം കണ്ടു. എന്നാൽ, പ്രീബയോട്ടിക് പ്രഭാവം (Prebiotic effect), ഗ്ലൂക്കോസ് ആഗിരണം (Glucose absorption) സാവധാനത്തിലാക്കുക, പിത്തരസ ആസിഡുകളെ ബന്ധിപ്പിക്കുക (Bile Acid Binding), എൽ.ഡി.എൽ. (LDL) കൊളസ്‌ട്രോൾ കുറയ്ക്കുക തുടങ്ങിയ എല്ലാ ഗുണങ്ങളും മറ്റ് ലയിക്കുന്ന നാരുകളും (Soluble Fibres) നമുക്ക് നൽകുന്നുണ്ട് എന്നതാണ് വാസ്തവം.
കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, പയർ, കടല എന്നിവയിലെ ലയിക്കുന്ന നാരുകൾ (Soluble Fibre Mix), ധാന്യങ്ങളിലെ തവിട് (Bran) എന്നിവയെല്ലാം ഇതേ ഫലം നൽകുന്നവയാണ്. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം: ഒരു പേരയ്ക്ക, ഒരു ഓറഞ്ച്, ഒരു ടേബിൾ സ്പൂൺ ചണവിത്ത് (Flax seeds) എന്നിവ കഴിച്ചാൽ ലഭിക്കുന്ന അത്രയും ലയിക്കുന്ന നാരുകൾ (Soluble Fibre) മാത്രമേ ഒരു ബൗൾ ഓട്‌സിൽ നിന്നും ലഭിക്കുന്നുള്ളൂ. ഇതാണ് ഈ കഥയിലെ യഥാർഥ ട്വിസ്റ്റ്.
തെറ്റിധാരണകളുടെ മറുപുറം
അപ്പോൾ സ്വാഭാവികമായും ചിലർ ചോദിക്കും: “എങ്കിൽ സായിപ്പ് നമ്മളെ പറ്റിച്ചതല്ലേ?”
അല്ല, സായിപ്പ് കൃത്യമായി തന്റെ പി.ആർ (PR) വർക്ക് ചെയ്തു എന്ന് പറയുന്നതാണ് ശരി. ‘ബെറ്റാഗ്ലൂക്കാൻ’ (Betaglucan) എന്ന ലയിക്കുന്ന നാരുകളുടെ ഗുണങ്ങളെക്കുറിച്ച് അവർ നമ്മളോട് പറഞ്ഞു; അത് ധാരാളമായി അടങ്ങിയ ഭക്ഷണമാണ് ഓട്‌സ് എന്നും പറഞ്ഞു. അത് കേട്ട നമ്മളാണ് തെറ്റിധരിച്ചത് – ഈ നാരുകൾ ലഭിക്കാൻ ഓട്‌സ് തന്നെ കഴിക്കണമെന്ന്! “ബാർലിയിൽ ബെറ്റാഗ്ലൂക്കാൻ ഇല്ല” എന്നോ, “മറ്റൊന്നിലും ലയിക്കുന്ന നാരുകൾ ഇല്ല” എന്നോ സായിപ്പ് ഒരിക്കലും പറഞ്ഞിട്ടില്ല.
ഇവിടെ മഹാഭാരതത്തിലെ ആ പഴയ തന്ത്രമാണ് അവർ പ്രയോഗിച്ചത്. ‘അശ്വത്ഥാമാവ്’ എന്ന് ഉച്ചത്തിലും, ‘ആന’ എന്ന് ശബ്ദം കുറച്ചും പറഞ്ഞതുപോലെ; ‘ബെറ്റാഗ്ലൂക്കാൻ’ എന്നത് ഉച്ചത്തിലും, മറ്റ് ലയിക്കുന്ന നാരുകളുടെ സാധ്യതകൾ സീറോ വോളിയത്തിലും അവർ അവതരിപ്പിച്ചു എന്നുമാത്രം.
ഇനി കഥയിലെ അടുത്ത ‘ട്വിസ്റ്റ്’ നോക്കാം. ഓട്‌സ് ഏതു രൂപത്തിൽ കഴിച്ചാലും ഈ ഗുണങ്ങളെല്ലാം ലഭിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ, ആ ധാരണയും തെറ്റാണ്.
ഓട്‌സിന്റെ അൺറിഫൈൻഡ് (Unrefined) രൂപങ്ങളായ ഓട് ഗ്രോട്സ് (Oat groats), സ്റ്റീൽ കട്ട് ഓട്‌സ് (Steel cut oats) അഥവാ ഓട്‌സ് നുറുക്ക് എന്നിവയ്ക്കു മാത്രമേ മേൽപ്പറഞ്ഞ ആരോഗ്യഗുണങ്ങൾ നൽകാൻ കഴിയൂ. ഇവയല്ലാത്ത ഓട്‌സിന്റെ റിഫൈൻഡ് (Refined) രൂപങ്ങളെല്ലാം പരിശോധിച്ചാൽ, അവയുടെ ഗ്ലൈസമിക് ഇൻഡക്സ് (Glycemic Index) ഏകദേശം നമ്മുടെ സാധാരണ അരിയുടെയും ഗോതമ്പുപൊടിയുടെയും നിലവാരത്തിലാണ്.
ഓട്‌സ് പൊടി കൊണ്ട് ഉണ്ടാക്കുന്ന പുട്ട്, ദോശ, കുക്കീസ്, പ്രോട്ടീൻ ബാറുകൾ, അതുപോലെ വിപണിയിൽ സുലഭമായി ലഭിക്കുന്ന ഇൻസ്റ്റന്റ് ഓട്‌സ് (Instant oats) എന്നിവ കഴിക്കുന്നത്, ഒരു മൈദാ പൊറോട്ട കഴിക്കുന്നതിനു തുല്യമാണ് എന്നതാണ് പച്ചയായ സത്യം.
ഓട്‌സ് മിൽക്കും മറ്റ് തെറ്റിധാരണകളും
പ്രമേഹമുള്ളവർക്ക് ഓട്‌സ് എത്ര വേണമെങ്കിലും കഴിക്കാം എന്ന ധാരണയും അബദ്ധമാണ്. അരിയും ഗോതമ്പും പോലെ തന്നെ ഇതൊരു ധാന്യമാണ്. നേരത്തെ പറഞ്ഞതുപോലെ അൺറിഫൈൻഡ് ആയ മുഴുവൻ ധാന്യമോ അല്ലെങ്കിൽ ‘സ്റ്റീൽ കട്ട് ഓട്‌സ്’ അഥവാ നുറുക്ക് ഓട്‌സ് അല്ലാതെ, റിഫൈൻഡ് ചെയ്ത ഓട്‌സ് ഉൽപ്പന്നങ്ങൾ കഴിക്കുന്നത് മൈദാ കൊണ്ടുള്ള പൊറോട്ട കഴിക്കുന്നതിനു തുല്യമാണ്.
മറ്റൊരു തെറ്റിധാരണയാണ് പാലിന് പകരം ഓട്‌സ് മിൽക്ക് (Oat milk) ഉപയോഗിക്കാമെന്നത്. ‘പാൽ വിഷമാണ്’ എന്ന് കപടശാസ്ത്രജ്ഞർ പ്രചരിപ്പിച്ചപ്പോൾ ഉണ്ടായതാണ് ഈ ചിന്ത. എന്നാൽ, ഓട്‌സ് മിൽക്ക് കുടിക്കുന്നത് പഞ്ചസാര കലക്കിക്കുടിക്കുന്നതിന് തുല്യമാണ്. ‘ബയോഹാക്കർ’ (Biohacker) എന്ന പേരിൽ ഇറങ്ങിയ ഒരു കൂട്ടർ, ലിവർ ഡിറ്റോക്സിനും ഗട്ട് ഡിറ്റോക്സിനും ഇത് നല്ലതാണെന്ന് പ്രചരിപ്പിക്കാറുണ്ട്; ഇതും കേവലം മാർക്കറ്റിംഗ് തന്ത്രം മാത്രമാണ്.
ചുരുക്കത്തിൽ, ഈ ധാന്യങ്ങളെയെല്ലാം ഒരു ക്രിക്കറ്റ് ടീമിലെ അംഗങ്ങളായി കരുതുക. മാർക്കറ്റിംഗ് വിദഗ്ധർ ഓട്‌സിനെ സച്ചിൻ, സൗരവ്, ധോണി, കോഹ്‌ലി തുടങ്ങി എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ താരമായി ചിത്രീകരിക്കും. എന്നാൽ, ഓരോ കളിക്കാരനും ഓരോ പ്രത്യേക കഴിവുള്ളതുപോലെ, ഓരോ ധാന്യത്തിനും ഓരോ ഗുണം കൂടുതലായി ഉണ്ടായിരിക്കും. അല്ലാതെ, എല്ലാം കൂടി ഒരാൾക്കുള്ളതുപോലെ ഒരു ‘സൂപ്പർ ഫുഡ്’ അല്ല ഓട്‌സ്.
ക്ലാസ്സിലെ മിടുക്കന്മാരും മാർക്കറ്റിംഗിന്റെ മാന്ത്രികതയും: ഒരു കൊച്ചുകഥ
ഈ വിഷയത്തെ ഒന്നുകൂടി വ്യക്തമാക്കാൻ ഒരു ഉദാഹരണം കൂടി പറയാം. ഇതൊരു ക്ലാസ്സ്‌റൂം ആണെന്ന് സങ്കൽപിക്കുക. അവിടെ ‘ധാന്യങ്ങൾ’ എന്ന വിഷയത്തിൽ ഒരു പരീക്ഷ നടന്നു. ഫലം വന്നപ്പോൾ എല്ലാവരും അമ്പരന്നുപോയി: ഓട്‌സിന് 92 മാർക്ക്, ബാർലിക്ക് 91, റാഗിക്ക് 90, ഗോതമ്പിന് 89, അരിക്ക് 88 എന്നിങ്ങനെ എല്ലാവരും ഒപ്പത്തിനൊപ്പം മാർക്ക് നേടി മികച്ച വിജയം കൈവരിച്ചു. ചുരുക്കത്തിൽ, ഇവരെല്ലാവരും ഈ ക്ലാസ്സിലെ മിടുക്കന്മാരായ വിദ്യാർഥികളാണ്.
പക്ഷേ, ഇവിടത്തെ ‘മാർക്കറ്റിംഗ്’ എന്ന അധ്യാപകൻ ഒരു തട്ടിപ്പ് നടത്തുകയാണ്! പരീക്ഷാഫലം പുറത്തുവന്നപ്പോൾ, ഓട്‌സിന് മാത്രം 920 മാർക്ക് ലഭിച്ചുവെന്നും, ബാക്കിയുള്ളവരെല്ലാം തോറ്റുപോയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാവർക്കും ഏതാണ്ട് ഒരേ നിലവാരത്തിലുള്ള കഴിവുണ്ടായിട്ടും, ഓട്‌സിനെ മാത്രം ഒരു ‘സൂപ്പർ ഹീറോ’ ആക്കി ഉയർത്തിക്കാട്ടാനാണ് അദ്ദേഹം ശ്രമിച്ചത്. ഇതാണ് ഇപ്പോൾ നമ്മുടെ ഇടയിൽ സംഭവിക്കുന്നത്.
ശാസ്ത്രം പറയുന്നത് ലളിതമായ ഒരു സത്യമാണ്: ഇവരെല്ലാവരും ഒരേ നിലവാരത്തിൽപെടുന്ന, ഒരേപോലെ ഗുണങ്ങളുള്ള മിടുക്കന്മാരായ വിദ്യാർഥികളാണ്. ആരെയും തോൽപിക്കാനോ, ആരെയും അമിതമായി വാഴ്ത്തി സൂപ്പർസ്റ്റാർ ആക്കാനോ ശാസ്ത്രത്തിൽ ഇടമില്ല. മാർക്കറ്റിംഗ് തന്ത്രങ്ങൾ മെനയുന്നവരുടെ ഈ ‘920 മാർക്ക്’ എന്ന കെണിയിൽ വീഴാതെ, സത്യം തിരിച്ചറിയുക എന്നതാണ് പ്രധാനം. ഓരോ ധാന്യത്തിനും അതിന്റേതായ ഗുണങ്ങളുണ്ട്; അല്ലാതെ ഓട്‌സ് മാത്രം എന്തിലും ഏതിലും മുന്നിൽ നിൽക്കുന്ന ഒരു അദ്ഭുതമല്ല.
ചുരുക്കത്തിൽ, മറ്റ് ധാന്യങ്ങൾക്കും അവകാശപ്പെടാവുന്ന ഗുണങ്ങൾ മാത്രമുള്ള ഒരു സാധാരണ ധാന്യമാണ് ഓട്‌സ്. അതും അൺറിഫൈൻഡ് ആയി കഴിച്ചാൽ മാത്രം ഗുണം ലഭിക്കുന്ന ഒന്ന്! അല്ലാതെ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വേഗത്തിലുള്ള റിക്കവറിക്കോ, പ്രമേഹത്തിനോ, കൊളസ്‌ട്രോൾ കുറയ്ക്കാനോ ഉള്ള അദ്ഭുതമരുന്നോ, ഒറ്റമൂലിയോ അല്ല ഓട്‌സ്.

