ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന. ഗാസയിലെ അല്‍ ഷിഫ ആശുപത്രിയുടെ സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യെഹുദിത് വെയ്സ് എന്ന 65കാരിയെ ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മരണവാര്‍ത്ത ഇവരുടെ കുടുംബത്തെ അറിയിച്ചുവെന്നും, മൃതദേഹം ഇസ്രായേലിലേക്ക് എത്തിച്ചതായും ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി വ്യക്തമാക്കി. ഗാസ അതിര്‍ത്തിക്ക് സമീപമുള്ള ബിയേരിയിലെ നീട്ടില്‍ നിന്നാണ് വെയ്സിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.
സ്തനാര്‍ബുദത്തെ തുടര്‍ന്നുള്ള ചികിത്സയിലായിരുന്നു ഇവരെന്ന് കുടുംബം പറയുന്നു. വെയ്സിന്റെ ഭര്‍ത്താവ് ഷമുലിക്ക് ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം വെയ്സ് എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഐഡിഎഫ് പുറത്ത് വിട്ടിട്ടില്ല.
240ഓളം പേരെയാണ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയത്. ഇതില്‍ നാല് പേരെ മാത്രമാണ് ഇതുവരെ മോചിപ്പിച്ചത്. അല്‍ ഷിഫ ആശുപത്രിയെ ഹമാസ് അവരുടെ കമാന്‍ഡ് സെന്ററായി ഉപയോഗിക്കുകയാണെന്ന ആരോപണം നേരത്തെയും ഇസ്രായേല്‍ ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ റെയ്ഡില്‍ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു.