Tuesday, November 26, 2024

ഹമാസ് ആക്രമണത്തിൽ മുറിവേറ്റ ഇസ്രായേൽ കൂടുതൽ അപകടകാരിയാകും

ഹമാസ് ആക്രമണത്തിനുശേഷം പലസ്തീനികളുടെ വിശ്വാസത്തിനും പ്രതിരോധശേഷിക്കും മുന്നിൽ ഇല്ലാതാകാൻ വിധിക്കപ്പെട്ട ഒരു ഇസ്രായേലിനെക്കുറിച്ചാണ് അറബ് എതിരാളികൾ ഇപ്പോൾ സംസാരിക്കുന്നത്. മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന വഴികൾ, ഭീകരരാൽ കശാപ്പ് ചെയ്യപ്പെട്ട കുടുംബങ്ങൾ, മക്കളുടെ മുന്നിൽവച്ച് മാതാപിതാക്കളെ കൊലപ്പെടുത്തുന്ന ഭീകരർ; അതിലൊരു കുട്ടിയുടെ ഫോണിൽ നിന്നുതന്നെ ആ ക്രൂരദൃശ്യങ്ങൾ ലൈവ് സ്ട്രീമിങ് ചെയ്യുന്നു. ട്രക്കിൽ വലിച്ചിഴയ്ക്കപ്പെട്ട്, ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ കൊലചെയ്യപ്പെട്ട യുവതിയുടെ അർധനഗ്നമായ മൃതദേഹം; ആ മൃതദേഹത്തെ അങ്ങേയറ്റം അപമാനിക്കുന്ന ഭീകരർ, ഒരു ഇസ്രായേൽ സൈനികന്റെ ചേതനയറ്റ ദേഹം ചവിട്ടുന്ന ക്രൂരതയുടെ മനുഷ്യർ… എന്നാൽ മുറിവേറ്റ ഇസ്രായേൽ കൂടുതൽ അപകടകാരിയാകും, അത് താങ്ങാൻ ഹമാസിനു കഴിയുമോ എന്നതാണ് ചോദ്യം. തുടർന്നു വായിക്കുക.

മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന വഴികൾ, ഭീകരരാൽ കശാപ്പ് ചെയ്യപ്പെട്ട കുടുംബങ്ങൾ, മക്കളുടെ മുന്നിൽവച്ച് മാതാപിതാക്കളെ കൊലപ്പെടുത്തുന്ന ഭീകരർ; അതിലൊരു കുട്ടിയുടെ ഫോണിൽ നിന്നുതന്നെ ആ ക്രൂരദൃശ്യങ്ങൾ ലൈവ് സ്ട്രീമിങ് ചെയ്യുന്നു. ട്രക്കിൽ വലിച്ചിഴയ്ക്കപ്പെട്ട്, ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ കൊലചെയ്യപ്പെട്ട യുവതിയുടെ അർധനഗ്നമായ മൃതദേഹം; ആ മൃതദേഹത്തെ അങ്ങേയറ്റം അപമാനിക്കുന്ന ഭീകരർ, ഒരു ഇസ്രായേൽ സൈനികന്റെ ചേതനയറ്റ ദേഹം ചവിട്ടുന്നു; ടാങ്കിൽനിന്ന് വലിച്ച്‌ നിലത്തിടുന്നു. ഭയന്ന്, സഹായത്തിനായി നിലവിളിക്കുന്ന ആളുകൾക്കുചുറ്റും ആയുധധാരികളായ ഭീകരർ, ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രിയപ്പെട്ടവരുടെ മൃതദേഹമെങ്കിലും വിട്ടുകിട്ടുന്നതിനായി കരഞ്ഞപേക്ഷിക്കുന്നവർ… ഇസ്രായേലിൽനിന്നും ഇന്ന് പുറത്തുവരുന്നത് ഹമാസ് ഭീകരരുടെ ക്രൂരതയുടെ പര്യായമായി മാറിയ ദൃശ്യങ്ങളും വാർത്തകളുമാണ്.

പകച്ചുപോയ ഇസ്രായേൽ

ഇന്നലെവരെ ആർക്കും തകർക്കാനാകാത്ത ശക്തിയായിരുന്നു ഇസ്രായേൽ. സൈനികബലത്തിലും രഹസ്യാന്വേഷണ സംഘത്തിന്റെ അതിസാമർഥ്യത്തിലും ആയുധബലത്തിലും സ്വയം അഭിമാനിച്ചിരുന്നവർ! അതിർത്തികളിൽ ഭീരകശക്തികൾ പതിയിരിക്കുമ്പോഴും ശക്തമായ സൈനികബലത്തിന്റെയും പ്രതിരോധസംവിധാനങ്ങളുടെയും കരവലയത്തിനുള്ളിൽ സ്വസ്ഥമായി കിടന്നുറങ്ങിയ ഇസ്രായേൽജനം. എന്നാൽ ഇന്ന് അവിടെനിന്നുമുയരുന്നത് നിലവിളികളാണ്. ക്രൂരതകളുടെ അസഹനീയമായ നേർക്കാഴ്ചകളാണ്. ഹമാസ് നടത്തിയ, അപ്രതീക്ഷിത ആക്രമണത്തിൽ പകച്ചുപോയ ഈ രാജ്യം കഴിഞ്ഞ ദിവസം നേരിട്ടത് വിവരിക്കാനാവാത്തവിധം അതിക്രമങ്ങളാണ്.

ഇസ്രായേൽക്കാരെ കാണിക്കുന്നതിനായിഹമാസ് ഭീകരർ പങ്കുവച്ച മറ്റൊരു ദൃശ്യത്തിൽ, വെറും ആറുവയസ്സു മാത്രമുള്ള ഒരു ചെറിയകുട്ടിയെ ഹമാസ് കുട്ടികളുടെ സർക്കിളിൽ ഉൾപ്പെടുത്തി അവനെ ഭീഷണിപ്പെടുത്തുന്നതുകാണാം. ആ യഹൂദക്കുട്ടിയെ അവർ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോയതാണ്. ഇസ്രയേലിന്റെ ഭരണകൂടത്തെ-സൈന്യത്തെ പരോക്ഷമായി വെല്ലുവിളിക്കുകയാണ് ഹമാസ് ഭീകരർ ഈ ദൃശ്യത്തിലൂടെ.

ഇസ്രായേൽ സൈന്യം എവിടെ?

സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകമെമ്പാടും ഈ ക്രൂരദൃശ്യങ്ങൾ പ്രചരിക്കപ്പെടുമ്പോൾ, തങ്ങളുടെ ആധിപത്യത്തിന്റെ തെളിവായി ഈ ക്രൂരതകൾ ഹമാസ് ഭീകരർ ആഘോഷിക്കുമ്പോൾ ലോകം ഒന്നടക്കം ചോദിക്കുകയാണ് ഇസ്രായേൽ സൈന്യം എവിടെ, ശക്തമായ ഇസ്രായേലിരാഷ്ട്രം എവിടെ എന്ന്. സംഭവം നടന്ന് അഞ്ചുമണിക്കൂർ പിന്നിട്ടിട്ടും സൈന്യം പൂർണ്ണമായും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ടു, സംഭവങ്ങൾ വിശദീകരിക്കുന്നതിൽ മന്ത്രിമാർ പരാജയപ്പെട്ടു, രാഷ്ട്രീയക്കാർ മുതൽ താഴേക്കിടയിലുള്ള സർക്കാർസംവിധാനങ്ങൾ മുഴുവൻ നിശബ്ദരായി.

ഇസ്രായേൽജനതയെ അപമാനിക്കാനും ഭയപ്പെടുത്താനും കുട്ടികളെ തട്ടിക്കൊണ്ടുപോകാനും മൃതദേഹങ്ങൾ അവഹേളിക്കാനും ലോകത്തിനുമുമ്പിൽ കൂകിവിളിക്കാനും കഴിയുന്നതെല്ലാം ഹമാസ് ചെയ്തുകഴിഞ്ഞു. ഇസ്രായേൽക്കാർ അതെല്ലാം വീക്ഷിച്ചു; നെഞ്ചുതകരുന്ന വേദനയോടെ. അവർ അംഗീകരിച്ചു; അവരുടെനിസ്സഹായാവസ്ഥയെ.

ഹമാസ് പോലും പ്രതീക്ഷിക്കാത്ത വിജയം

ഒരുപക്ഷേ, ഇസ്രായേലിനെതിരെ ഇത്രയും വലിയ വിജയം ഹമാസ് പോലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. “എന്റെ കണക്കുകൂട്ടലിൽ, ഹമാസിന്റെ സൈനിക-രാഷ്ട്രീയനേതൃത്വം ഈ വിജയങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. വൻ കൊലപാതകപരമ്പരയുടെ ഭാഗമായി രണ്ടോ, മൂന്നോ പേരെ തട്ടിക്കൊണ്ടുപോകാനാണ് അവർ ഉദ്ദേശിച്ചത്. എന്നാൽ ഇത്രയും! ഈ വിജയം അതിയായ നാശനഷ്‌ടങ്ങളിലൂടെ ലഭിച്ച വിജയമായി മാറി എന്നതാണ് ഹമാസിന്റെ പ്രശ്നം. ഇനിയൊന്നും പഴയതുപോലെ ആകില്ല എന്നകാര്യത്തിൽ ഇസ്രയേലി നേതാക്കന്മാർക്കിടയിലും പൊതുജനങ്ങൾക്കിടയിലും ഒരു ധാരണയുണ്ട് എന്ന് എനിക്ക് തോന്നുന്നു” – അനലിസ്റ്റ് അവി ഇസച്ചറോഫ് ട്വീറ്റ് ചെയ്തത് ഇപ്രകാരമാണ്.

മതവും ഘടകമാകുന്നു

ആക്രമണത്തിന്റെ ക്രൂരസ്വഭാവവും തങ്ങളുടെ ആവശ്യങ്ങൾ ഒരിക്കലും സാധിക്കാൻപോകുന്നില്ല എന്ന ചിന്തയും ഹമാസ് ഭീകരർക്കുണ്ട്. സംയമനത്തോടെ, പ്രതികരിക്കാൻ കഴിയാത്തവിധം അവർ വളർന്നു എന്ന് ഈ ആക്രമണത്തിലൂടെ ഹമാസ് ഭീകരർ ഇസ്രായേലികളെ ബോധ്യപ്പെടുത്തുന്നു. ഇസ്രായേലിനെതിരെയുള്ള ഹമാസിന്റെ ആക്രമണത്തിൽ മതവും വിശ്വാസവും ഒരു ഘടകമാണ്. ചുരുക്കത്തിൽ ഹമാസിന്റെ ആക്രമണം ഒരുന്യായവും അർഹിക്കാത്തതാണ്. നിരായുധരായ സ്ത്രീകളെയും, കുഞ്ഞുങ്ങളെയും കൂട്ടക്കൊല ചെയ്യുമ്പോഴും, കൊല്ലപ്പെട്ടവരുടെ മൃതദേഹത്തെ പോലും വെറുതെ വിടാതെ തുപ്പുകയും ചവിട്ടുകയും ഒക്കെ ചെയ്യുമ്പോഴും ഈ തീവ്രവാദികൾ ‘അള്ളാഹു അക്ബർ’ വിളിക്കുകയാണ്.

ഇസ്രായേൽ ഇനി എന്തുചെയ്യും?

ഹമാസ് സ്വയം അസഹനീയമായ ഭീഷണി ഉയർത്തുകയാണ് ഇസ്രായേലിനു മുന്നിൽ. ഈ മാറ്റം വളരെ ഗഹനവും സ്പഷ്ടവുമാണ്. പല ഇസ്രായേലി വിദഗ്ധരും വിശകലനം ചെയ്യുന്നതുപോലെ, പ്രത്യക്ഷത്തിൽ ഇസ്രായേലിനുണ്ടായ ഈ മാനസികതകർച്ചയിലൂടെ ഗാസയിൽ ഉണ്ടാക്കാവുന്ന അനന്തരഫലങ്ങൾ എന്താണെന്ന് തിരിച്ചറിയാൻ ഹമാസിന് കഴിഞ്ഞേക്കും.

ഹമാസ് ആക്രമണത്തിനുശേഷം പലസ്തീനികളുടെ വിശ്വാസത്തിനും പ്രതിരോധശേഷിക്കും മുന്നിൽ ഇല്ലാതാകാൻ വിധിക്കപ്പെട്ട ഒരു ഇസ്രായേലിനെക്കുറിച്ചാണ് അറബ് എതിരാളികൾ ഇപ്പോൾ സംസാരിക്കുന്നത്. എന്നാൽ ലോകം മറ്റൊരു യാഥാർഥ്യത്തെ കാത്തിരിക്കുകയാണ്. ആർതർ ഗോൾഡൻ ‘മെമ്മോയേഴ്സ് ഓഫ് എ ഗീഷ’യിൽ എഴുതിയതുപോലെ, ‘മുറിവേറ്റ കടുവ അപകടകാരിയായ മൃഗമാണ്.’ അതെ, നിഷ്കളങ്കരായ ജനങ്ങൾ മുറിവേൽക്കപ്പെടുമ്പോഴും കൊല്ലപ്പെടുമ്പോഴും ക്രൂരതകൾക്കിരയാകുമ്പോഴും നിസ്സഹായരായി നോക്കിനിൽക്കേണ്ടിവന്ന ഇസ്രായേൽ ഇനി പ്രതികരിക്കുമ്പോൾ അതുതാങ്ങാൻ ഹമാസിനു സാധിക്കുമോ എന്നു കണ്ടറിയണം. അത് വലിയ വിപത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഹമാസ് ക്രൂരതയിൽ പൊലിഞ്ഞ നിഷ്കളങ്ക രക്തങ്ങൾക്കായി പ്രതികാരം ചെയ്യുവാൻ ഒരു ഉയിർത്തെഴുന്നേൽപ്പ് ഇസ്രായേൽ ഉടൻ നടത്തും. അതിനു സമാധാനം ആഗ്രഹിക്കുന്ന, ഇത്തരം തീവ്രവാദത്തിന്റെ അവസാനം ആഗ്രഹിക്കുന്ന അനേകം രാജ്യങ്ങളുടെ പിന്തുണയുണ്ടാകും.

(https://www.timesofisrael.com/ എന്ന മാധ്യമത്തിൽ HAVIV RETTIG GUR എഴുതിയ ലേഖനത്തോടു കടപ്പാട്)

Latest News