“ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു ടൈം ബോംബാണിത്” – വടക്കുകിഴക്കന്‍ സിറിയയിലെ അല്‍-ഹോള്‍ എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പിനെക്കുറിച്ച് ഇറാഖിലെ മൈഗ്രേഷന്‍ ആന്‍ഡ് ഡിസ്പ്ലേസ്ഡ് മന്ത്രാലയത്തിന്റെ വക്താവ് അലി ജഹാംഗീര്‍ പറഞ്ഞ വാക്കുകളാണിത്. സിറിയയിലെ അല്‍-ഹോള്‍ ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പ് അടച്ചുപൂട്ടാനുള്ള നീക്കവുമായി ബന്ധപ്പെട്ടാണ് ഇറാഖിന്റെ പ്രതികരണം. ഇറാഖി പൗരന്മാരടക്കം ആയിരക്കണക്കിനാളുകള്‍ അധിവസിക്കുന്ന ക്യാമ്പാണ് അല്‍-ഹോള്‍. എന്നാല്‍ ഈ ക്യാമ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഇറാഖിന്റെ പുതിയ പ്രഖ്യാപനം. എന്തുകൊണ്ട് ഈ ക്യാമ്പുകള്‍ പൂട്ടുന്നു എന്നതിനെക്കുറിച്ച് പരിശോധിക്കാം.
ആഗോളതലത്തില്‍ ഏറ്റവും വലിയ വെല്ലുവിളി നടത്തുന്ന ഭീകരഗ്രൂപ്പാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അഥവ ഐ.എസ്. ഇവരുടെ ഭാര്യമാരും കുട്ടികളും, അതോടൊപ്പം തീവ്രവാദഗ്രൂപ്പിനെ പിന്തുണയ്ക്കുന്നവരും അധിവസിക്കുന്ന ക്യാമ്പാണ് അല്‍-ഹോള്‍. സിറിയ – ഇറാഖ് അതിര്‍ത്തിയോടു ചേര്‍ന്നാണ് അല്‍-ഹോള്‍ ക്യാമ്പ് സ്ഥിതിചെയ്യുന്നത്. ഇത് ഭാവിയില്‍ തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ഇറാഖ് ഭയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ‘ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു ടൈം ബോംബാണിത്’ എന്ന് ഇറാഖ്, അല്‍-ഹോള്‍ ക്യാമ്പിനെ വിശേപ്പിച്ചതും. അതോടൊപ്പം ക്യാമ്പ് പൂട്ടുമെന്ന് പ്രഖ്യാപിച്ചതും.
ജനുവരി മുതല്‍ അല്‍-ഹോളില്‍നിന്ന് 5,000 -ലധികം ഇറാഖികളെ തിരിച്ചയച്ചിട്ടുണ്ട്. വരും ആഴ്ചകളില്‍ കൂടുതല്‍ ആളുകളെ മടക്കി അയയ്ക്കും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഐ.എസ് അനുകൂലികള്‍ ഈ ക്യാമ്പിലുണ്ട്. ഇറാഖിപൗരന്മാരെ തങ്ങള്‍ മടക്കിവിളിക്കുന്നതോടൊപ്പം ക്യാമ്പിലുള്ള ഐ.എസ് അനുഭാവികളെ അതാതു രാജ്യങ്ങള്‍ തിരിച്ചുകൊണ്ടുപോകണമെന്ന് ഇറാഖ് ആവശ്യപ്പെട്ടുകഴിഞ്ഞു; പ്രധാനമായും സ്ത്രീകളും കുട്ടികളുമാണ് ഇവിടെനിന്ന് അയയ്ക്കപ്പെടുന്നത്. ഐ.എസ് അംഗങ്ങളെന്ന നിലയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത ഇറാഖിപുരുഷന്മാര്‍ വിചാരണ നേരിടേണ്ടിവരുമെന്ന് ഭയന്ന് മടങ്ങിപ്പോകാന്‍ വിമുഖത കാട്ടുന്നുണ്ട് .
കണക്കുകള്‍പ്രകാരം, ഏകദേശം 60 -ഓളം രാജ്യങ്ങളിലെ ഐ.എസ് അനുകൂലികളാണ് ഈ ക്യാമ്പിലുള്ളതെന്നാണ് വിവരം. ക്യാമ്പില്‍ നിലവില്‍ 23,353 ഇറാഖികളും 17,456 സിറിയക്കാരും 7,438 മറ്റ് രാജ്യക്കാരുമുണ്ടെന്ന് വടക്കുകിഴക്കന്‍ സിറിയയിലെ കുടിയൊഴിപ്പിക്കപ്പെട്ട ക്യാമ്പുകളുടെ മേല്‍നോട്ടം വഹിക്കുന്ന കുര്‍ദിഷ് ഉദ്യോഗസ്ഥനായ ഷെയ്ഖ്മൂസ് അഹ്മദ് പറഞ്ഞു.