കുഞ്ഞിന് ആറു മാസം പ്രായമായപ്പോള്‍ മുതല്‍ ജീനയുടെ തൃശ്ശൂരുള്ള വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അപ്പുറത്തുള്ള ഒരു ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ പോകാന്‍ തുടങ്ങി. അതിരാവിലെ നാലരക്കൊക്കെ ആയിരുന്നു ജീന പ്രാക്ടിസിനു പൊയ്‌ക്കൊണ്ടിരുന്നത്.
‘കുഞ്ഞ് എഴുന്നേല്‍ക്കുമ്പോഴേക്കും പോയി വരാം എന്നൊക്കെ ആലോചിച്ചിട്ടായിരുന്നു അതിരാവിലെയുള്ള ഈ പ്രാക്ടീസ്. എങ്കിലും ഞാന്‍ പോകുമ്പോള്‍ അവന്‍ എഴുന്നേല്‍ക്കുമോ, കരയുമോ എന്നുള്ള ചിന്തയൊക്കെ എന്റെ മനസിനെ വിഷമിപ്പിച്ചിട്ടുണ്ട്. അവനെ വല്ലാതെ മിസ് ചെയ്യാറൊക്കെ ഉണ്ടെങ്കിലും ഇതും ഒരു ആവശ്യമായി കണക്കാക്കി. ഞാന്‍ അടുത്തുള്ളപ്പോള്‍ അവനെ കൂടുതല്‍ സ്‌നേഹിക്കാന്‍ തുടങ്ങി. കുഞ്ഞിനെ മാതാപിതാക്കളെ ഏല്പിച്ചിട്ട് ടൂര്‍ണ്ണമെന്റിനു പോയാലോ എന്ന ചിന്ത ഇടയ്ക്ക് വരും. പക്ഷേ, പ്രെഗ്‌നന്‍സി കാലയളവില്‍ അവനോടുള്ള അടുപ്പം കൂടുതലാകാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ എവിടെപ്പോയാലും കുഞ്ഞിനേയും കൊണ്ടേ പോകൂ എന്ന് തീരുമാനിച്ചിരുന്നു’ – ജീന ചിരിക്കുകയാണ്.
കളിക്കളത്തില്‍ ജീന; ഗാലറിയില്‍ കുഞ്ഞുഡേവ്
അങ്ങനെ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇക്കഴിഞ്ഞ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച, മാതൃദിനത്തിന്റെ അന്നാണ് ജീന ഡേവ് ജനിച്ചതിനു ശേഷം ആദ്യമായി കോര്‍ട്ടിലിറങ്ങുന്നത്. തിരുവനന്തപുരത്തു വച്ചു നടന്ന കേരളാ ഗെയിംസ് വനിതാ ബാസ്‌കറ്റ് ബോള്‍ ഫൈനലില്‍ വിജയിച്ചതിനു ശേഷം സ്വര്‍ണ്ണമെഡലുമായി ജീന ഗാലറിയിലേക്കു നീങ്ങി. തനിക്ക് കിട്ടിയ സ്വര്‍ണ്ണ മെഡല്‍ ഗാലറിയില്‍ അമ്മയെ കണ്ടുകൊണ്ടിരുന്ന ഏഴു മാസം പ്രായം മാത്രമുള്ള കുഞ്ഞുഡേവിനാണ് ജീന സമ്മാനിച്ചത്. അതിനു ശേഷം കോയമ്പത്തൂരില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ കെഎസ്ഇബി-ക്കു വേണ്ടി സ്വര്‍ണ്ണ മെഡല്‍ വാങ്ങിയിരുന്നു. എവിടെ ടൂര്‍ണമെന്റിനു പോയാലും ഇപ്പോള്‍ ജീനക്കൊപ്പം ഡേവും ഉണ്ട്. ജീനയുടെ മാതാപിതാക്കളോ, ജാക്‌സന്റെ അമ്മ ഷീലയോ ഒക്കെയായിരിക്കും ജീന കോര്‍ട്ടിലിറങ്ങുമ്പോള്‍ കുഞ്ഞുമായി ഗാലറിയില്‍ ഉണ്ടാകുക.
കുഞ്ഞിനേയും കൊണ്ടുള്ള യാത്രകളും ടൂര്‍ണ്ണമെന്റുകളിലെ മാനസികസമ്മര്‍ദ്ദവും എല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നതല്ലേ എന്ന് ചോദിച്ചപ്പോള്‍ ജീനയ്ക്ക് പറയാന്‍ ഒരേയൊരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ. ‘ഇവനെ കൂടെ കൂട്ടുമ്പോള്‍ റിസ്‌ക് ഉണ്ട്. എന്റെ കൂടെ എപ്പോഴും മാതാപിതാക്കളില്‍ ആരെങ്കിലുമൊക്കെ ഉണ്ടാകണം. എങ്കിലും അവന്‍ കൂടെയുണ്ടല്ലോ എന്നുള്ള ഒരു സമാധാനമുണ്ട്. എന്നാല്‍ യാത്രാക്ഷീണവും കാലാവസ്ഥാ മാറ്റങ്ങളുമൊക്കെ കുഞ്ഞിനെ ബാധിക്കുമോ എന്നുള്ള റിസ്‌ക് ഒക്കെ ഉണ്ടെങ്കിലും ദൈവം നോക്കിക്കോളും എന്നൊരു വിശ്വാസമാണ്. ഒരു ബാസ്‌കറ്റ് ബോള്‍ പ്ലെയര്‍ എന്ന രീതിയില്‍ ഇനി എത്ര നാള്‍ തുടരാനാകുമെന്നു നമുക്ക് പറയാന്‍ സാധിക്കില്ലല്ലോ. കാരണം ഫിറ്റ്‌നസ് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഒരു ഗെയിം ആണിത്. അതുകൊണ്ടു തന്നെ ഒരു പ്രായം കഴിഞ്ഞാല്‍ നമുക്ക് തുടരാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. എങ്കിലും കുഞ്ഞിനെ വിട്ടുപിരിഞ്ഞുകൊണ്ട് ഒരു ടൂര്‍ണ്ണമെന്റിനും പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ – ജീന തന്റെ കുഞ്ഞിനോടുള്ള സ്‌നേഹം വാക്കുകളിലൂടെ പങ്കുവയ്ക്കുന്നു.
പ്ലെയര്‍ vs പ്രെയര്‍
എത്ര വലിയ തിരക്കിനിടയിലും ജീനയ്ക്ക് പ്രാര്‍ത്ഥന മുഖ്യമാണ്. പ്രാക്റ്റീസിനിടയിലും ഒഴിവുസമയങ്ങളിലും എന്തിനേറെ കളിക്കിടെ ബോളുമായി പായുമ്പോള്‍ പോലും ജീന പ്രാര്‍ത്ഥിക്കാറുണ്ട്. ‘പ്രാര്‍ത്ഥന എനിക്ക് എപ്പോഴും പ്രധാനപ്പെട്ട ഒന്നാണ്. കിട്ടുന്ന സമയത്തെല്ലാം ജപമാലയും മറ്റു പ്രാര്‍ത്ഥനകളും ചൊല്ലാന്‍ ശ്രമിക്കാറുണ്ട്. ഗര്‍ഭിണിയായിരുന്ന സമയത്തൊക്കെ പ്രത്യേകമായി പ്രാര്‍ത്ഥിച്ചിരുന്നു. ജപമാലയൊക്കെ ചൊല്ലുമ്പോള്‍ പരമാവധി മുട്ടിന്മേല്‍ തന്നെ നിന്ന് പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കും. കോര്‍ട്ടിലിറങ്ങുന്നതിനു മുന്‍പ് 91-ാം സങ്കീര്‍ത്തനം ചൊല്ലുക എന്നത് എനിക്ക് ഒരിക്കലും ഒഴിവാക്കാനാകില്ല’ – ജീന തന്റെ ആത്മീയജീവിതത്തെ കുറിച്ച് വാചാലയായി.
പരാജയങ്ങളെ നേരിടേണ്ടി വന്നപ്പോഴെല്ലാം പ്രാര്‍ത്ഥന വളരെയധികം സഹായകരമായിട്ടുണ്ടെന്നു ജീന പങ്കുവയ്ക്കുന്നു.
‘എല്ലാ ഗെയിംസും ജയിക്കണമെന്നു നിര്‍ബന്ധമില്ലല്ലോ. ചിലപ്പോള്‍ വളരെ നിര്‍ണ്ണായകമായ സമയങ്ങളിലൊക്കെ കോര്‍ട്ടിലായിരിക്കുമ്പോള്‍ തന്നെ ‘എത്രയും ദയയുള്ള മാതാവേ’ ഒക്കെ ചൊല്ലാറുണ്ട്. അതിനുള്ള മറുപടിയും ദൈവം ചില സമയങ്ങളില്‍ പെട്ടന്നു തന്നെ നല്‍കാറുണ്ട്. തോല്‍വികളുണ്ടാകുമ്പോള്‍ പോലും അതിനെ പോസിറ്റീവ് ആയി കാണാന്‍ പ്രാര്‍ത്ഥന വളരെയധികം സഹായിച്ചിരുന്നു. ഇതിനേക്കാള്‍ മികച്ചത് നല്‍കാനായിരിക്കും ദൈവം ചിലപ്പോള്‍ ഇത് നമുക്ക് തരാത്തത് എന്നൊക്കെ പോസിറ്റീവ് ആയി ചിന്തിക്കാറുണ്ട്. ചിലപ്പോഴൊക്കെ ടൂര്‍ണ്ണമെന്റ് തോല്‍ക്കുമെങ്കിലും ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ് ഒക്കെ കിട്ടും. സങ്കടങ്ങള്‍ക്കിടയിലും ദൈവം എവിടെയെങ്കിലും ഒക്കെ സന്തോഷം ഒളിപ്പിച്ചിട്ടുണ്ടാകും’ – ജീന ലൈഫ്‌ഡേയോടു വെളിപ്പെടുത്തി.
കുടുംബമെന്ന പിന്തുണ
ജീനയ്ക്ക് രണ്ടു വീടുകളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ജീനയുടെ ആഗ്രഹം പോലെ തന്നെ കുഞ്ഞിനേയും കൊണ്ട് ടൂര്‍ണ്ണമെന്റുകള്‍ക്കു പോകാന്‍ സാധിക്കുന്നതൊക്കെ ഭര്‍ത്താവ് ജാക്‌സന്റെയും അമ്മ ഷീലയുടെയും അതുപോലെ തന്നെ മാതാപിതാക്കളായ സ്‌കറിയയുടെയും ലിസിയുടെയും പിന്തുണ കൊണ്ടാണ്.
‘രണ്ട് അമ്മമാരും മാറിമാറിയാണ് എന്റെ കൂടെ കുഞ്ഞിനെയും കൊണ്ടു വരുന്നത്. ഭര്‍ത്താവിന്റെ അമ്മ അധ്യാപികയാണ്. അതിനാല്‍ തന്നെ ജോലിയെ ബാധിക്കാതെ മമ്മിയും എല്ലാ കാര്യങ്ങളും ബാലന്‍സ് ചെയ്യുന്നുണ്ട്. ഇത് ഇപ്പോള്‍ കോര്‍ട്ടിലിറങ്ങുമ്പോള്‍ എനിക്ക് ഒരു എക്‌സ്ട്രാ ഉത്തരവാദിത്വം നല്‍കുന്നുണ്ട്. ജയമോ, തോല്‍വിയോ എന്നതിനെക്കാളുപരിയായി, ഗാലറിയില്‍ ഇരിക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി ഞാന്‍ നന്നായി പെര്‍ഫോം ചെയ്യുക എന്നത് വലിയ ഒരു ഉത്തരവാദിത്വമാണ്. അത് ഏറ്റവും ഭംഗിയായി ചെയ്യാന്‍ സാധിക്കാനായി ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ട്’ – ജീന പറയുന്നു.
കുഞ്ഞുഡേവിന് ഇപ്പോള്‍ ഒരു വയസായി. അമ്മയെപ്പോലെ തന്നെ ഡേവും ഇപ്പോള്‍ പന്തുമായി ചങ്ങാത്തത്തിലാണ്. 2019-ലെ സാഫ് ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ വാങ്ങിയതിനു ശേഷം ഭാരതത്തിന്റെ ദേശീയഗാനം കേട്ടപ്പോഴായിരുന്നു ജീനയ്ക്ക് ഏറ്റവും കൂടുതല്‍ അഭിമാനം തോന്നിയ നിമിഷം. ഇപ്പോള്‍ ഓരോ ടൂര്‍ണ്ണമെന്റിലും ലഭിക്കുന്ന മെഡലുമായി കുഞ്ഞുഡേവിനെയും എടുത്തുനില്‍ക്കുമ്പോള്‍ അന്ന് തോന്നിയ അതേ അഭിമാനം തോന്നാറുണ്ട്; ഒപ്പം നന്ദിയും. വിദേശ ലീഗുകള്‍ക്കു വേണ്ടി ടൂര്‍ണ്ണമെന്റുകള്‍ക്കിറങ്ങുക എന്ന ലക്ഷ്യമാണ് ഇനി ജീനയ്ക്കുള്ളത്. അതിന്റെ ആദ്യപടിയായി ജീന എട്ടു മാസക്കാലം മെല്‍ബണിലും പോയിട്ടുണ്ട്.
ജോലിയും ജീവിതവും
‘ഒരു കുഞ്ഞുണ്ടായി എന്ന പേരില്‍ നമ്മുടെ ജീവിതം തീര്‍ന്നു എന്നൊക്കെ തോന്നേണ്ട കാര്യമില്ല. ഓരോന്നിനും അതിന്റേതായ സമയമുണ്ട്. അതുകൊണ്ടു തന്നെ ഒരു കുഞ്ഞ് നമ്മുടെ ജീവിതത്തില്‍ വരുന്ന സമയത്ത് അതിനെ വേണ്ടായിരുന്നു എന്ന് ഒരിക്കലും തോന്നാന്‍ പാടില്ല. ഒരുപക്ഷേ, അതിനു ശേഷമായിരിക്കും നമുക്ക് ഏറ്റവും കൂടുതല്‍ സന്തോഷവും ഉയര്‍ച്ചയും ഉണ്ടാകുക. ത്യാഗങ്ങളും ഉത്തരവാദിത്വങ്ങളും കൂടുതലായി അനുഭവപ്പെട്ടേക്കാം. എങ്കിലും അവയിലെല്ലാം നമുക്ക് സന്തോഷം കണ്ടെത്താന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് കുഞ്ഞുങ്ങള്‍ നമുക്ക് ഒരിക്കലും ഒരു ബാധ്യതയേ അല്ല’ – ജോലിക്കു വേണ്ടിയും മറ്റു സൗകര്യങ്ങള്‍ക്കായും കുഞ്ഞുങ്ങളെ വേണ്ടെന്നുവയ്ക്കുന്നവരോട് ജീനയ്ക്ക് പറയാന്‍ ഇത്രമാത്രം.
മുക്കാല്‍ മണിക്കൂര്‍ നീണ്ട സംസാരം. ഡേവിനെ ഉറക്കിയതിനു ശേഷം മാത്രമായിരുന്നു സംഭാഷണത്തിനായി ജീന സമയം കണ്ടെത്തിയതും. ഇന്റര്‍വ്യൂവിനായി ആദ്യം ജീനയെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ജീന കോയമ്പത്തൂരില്‍ ഒരു ടൂര്‍ണ്ണമെന്റില്‍ ആയിരുന്നു. അപ്പോഴും ബാക്ക് ഗ്രൗണ്ടില്‍ ഡേവിന്റെ ശബ്ദം ഉയര്‍ന്നിരുന്നു. ‘ശനിയാഴ്ച്ച വരെ ടൂര്‍ണ്ണമെന്റ് ഉണ്ട്, കൂടെ മോനും ഉണ്ട്, അത് കഴിയുമ്പോള്‍ വിളിക്കാമോ?’ അന്ന് ജീനയുടെ ചോദ്യം ഇതായിരുന്നു. ആ ഒരു ചോദ്യത്തില്‍ നിന്നു തന്നെ മനസിലാക്കാം ജീനയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് സ്വന്തം കുഞ്ഞും കുടുംബവും അതോടൊപ്പം തന്നെ തന്റെ ബോളും ആണെന്ന്. ചോദ്യങ്ങളും ഉത്തരങ്ങളും ജീന ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിലിറങ്ങുന്നതു പോലെ തന്നെയായിരുന്നു. വളരെ വേഗത്തില്‍, എന്നാല്‍ എല്ലാം കൃത്യതയോടെ!
സുനീഷ വി.എഫ്.