Wednesday, May 14, 2025

അനുഭവങ്ങളെ അവസരങ്ങളാക്കി മാറ്റിയ ജേർണലിസ്റ്റ് 

സുനിഷ വി. എഫ്.

“ജപ്തിഭീഷണിയും കടബാധ്യതകളും തന്ന മനഃക്ലേശം ജീവിതത്തിന്റെ ഭാഗമായിരുന്നു അന്ന്. കൃഷിയെല്ലാം പരാജയമായിരുന്നതിനാൽ വീട്ടിലെ സാമ്പത്തികസ്ഥിതി അങ്ങേയറ്റം പരിതാപകരമായിരുന്നു. അതിനാൽതന്നെ പഠിച്ച് ഒരു ജോലി വാങ്ങണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. എങ്കിലും വീട്ടിലെ അവസ്ഥയിൽ പഠിക്കാനുള്ള മാനസികാവസ്ഥയും നഷ്ടപ്പെട്ടു.” കഴിഞ്ഞ 20 വർഷത്തിലേറെയായി പത്രപ്രവർത്തകനും ഇപ്പോൾ ഇക്കണോമിക് ടൈംസ് പത്രത്തിന്റെ സീനിയർ എഡിറ്ററുമായ മനു പി. ടോംസിന്റെ ജീവിതവഴികളിലൂടെ ഒരു സഞ്ചാരം. 

“മനു എഴുതുന്ന കോപ്പികൾ വൃത്തിയുള്ളതാണ്” (Manu writes clean copies.) ഹിന്ദു ബിസിനസ് ലൈൻ പത്രത്തിലെ സീനിയർ എഡിറ്റർ ആയ ജ്യോതി ദത്ത, സ്റ്റാഫ് റിപ്പോർട്ടർ ആയി പുതുതായി ജോയിൻ ചെയ്ത മനു പി. ടോംസിനെക്കുറിച്ച് ചീഫ് എഡിറ്ററിനു നൽകിയ റിപ്പോർട്ട് ആയിരുന്നു ഇത്.

പതിനെട്ടാം വയസ്സിൽ ഇംഗ്ലീഷ് ഗ്രാമറിന്റെ ബാലപാഠങ്ങൾ പഠിക്കാൻ തുടങ്ങി ഏഴുവർഷത്തിനകം ഒരു മുൻനിര ദേശീയ ദിനപത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ മനുവിന് ആ വാക്കുകൾ നൽകിയത് ആത്മവിശ്വാസത്തിന്റെ കുളിർമഴയാണ്. അത്തരമൊരു പ്രോത്സാഹനത്തിന്റെ നല്ല വാക്കിന് മനുവിന് താണ്ടേണ്ടിവന്ന കടമ്പ ചെറുതൊന്നുമല്ലായിരുന്നു.

ദുർഘടമായ സാഹചര്യങ്ങളിൽനിന്നും അനുഭവങ്ങളെ അവസരങ്ങളാക്കി മാറ്റിയ വ്യക്തിയാണ് ജേർണലിസ്റ്റ് മനു പി. ടോംസ്. പരിമിതികളുടെ നടുവിൽനിന്നും പടവുകൾ ഓരോന്നായി കയറുമ്പോഴും അതിനു പിന്നിലൊഴുകിയ വിയർപ്പും കണ്ണീരും എഴുത്തിനും അക്ഷരങ്ങൾക്കും വഴിമാറുന്ന ഒന്നായിരുന്നു. വയനാട്ടിലെ ഒരു കർഷക കുടുംബത്തിൽനിന്നും കഠിനാധ്വാനവും കഴിവും ദൈവാനുഗ്രഹവുംകൊണ്ട് ഇന്ത്യൻ പത്രപ്രവർത്തനരംഗത്ത് മികവിന്റെ മാതൃകയായി മാറിയ, മുംബൈ പ്രസ് ക്ലബ് നൽകുന്ന പത്രപ്രവർത്തനരംഗത്തെ ‘ഇന്ത്യൻ പുലിസ്റ്റർ പ്രൈസ്’ എന്ന് വിശേഷിപ്പിക്കാവുന്ന ‘റെഡ് ഇങ്ക്’ അവാർഡിനും അർഹനായ വ്യക്തിയാണ് മനു പി. ടോംസ്. കഴിഞ്ഞ 20 വർഷത്തിലേറെയായി പത്രപ്രവർത്തകനും ഇക്കണോമിക് ടൈംസ് പത്രത്തിന്റെ സീനിയർ എഡിറ്ററുമായ മനു പി. ടോംസിന്റെ ജീവിതവഴികളിലൂടെ ഒരു സഞ്ചാരം.

പഴശിയുടെ മണ്ണിൽനിന്നും പത്രത്തിലേക്ക് 

വീരപഴശിയുടെ മണ്ണായ പുല്പള്ളിയിലെ സീതാമൗണ്ട് പുളിക്കൽകുന്നേൽ തോമസ് – മോളി ദമ്പതികളുടെ മകനാണ് മനു. കർഷകനായ പിതാവ് തോമസ് വരുത്തിക്കൊണ്ടിരുന്ന കർഷക ശ്രീ, കേരള കർഷകൻ, സ്‌പൈസസ് ഇന്ത്യ എന്നീ മാഗസിനുകളും ദിനംപ്രതി രണ്ട് പത്രങ്ങളും വായിച്ചായിരുന്നു മനു പി. ടോംസ് വായനയുടെ അക്ഷരവനികയെ ഹൃദയത്തോട് ചേർത്തുവച്ചത്. വീട്ടിലെ മറ്റു കാര്യങ്ങളെക്കാൾ തോമസ് എന്ന പിതാവ് ശ്രദ്ധിച്ചിരുന്നത് മക്കളുടെ വായനാശീലത്തെയാണ്. ചെറുപ്പത്തിലേ പുസ്തകങ്ങളും യുറീക്ക, ഇന്ത്യ ടുഡേ  തുടങ്ങിയ മാസികകളും വരുത്തിക്കൊടുത്തു.

പുൽപള്ളി സേക്രഡ് ഹാർട്ട് എൽ. പി. സ്‌കൂളിലും കബനിഗിരി സെന്റ് മേരീസ് യു. പി. സ്‌കൂളിലും നിർമല ഹൈസ്കൂളിലുമായിരുന്നു പഠനം. ഇതിനിടയക്ക് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മൂന്ന് ഉപന്യാസ മത്സരങ്ങൾക്ക് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് വഴിത്തിരിവായി.

“ജപ്തിഭീഷണിയും കടബാധ്യതകളും തന്ന മനഃക്ലേശം ജീവിതത്തിന്റെ ഭാഗമായിരുന്നു അന്ന്. കൃഷിയെല്ലാം പരാജയമായിരുന്നതിനാൽ വീട്ടിലെ സാമ്പത്തികസ്ഥിതി അങ്ങേയറ്റം പരിതാപകരമായിരുന്നു. അതിനാൽതന്നെ പഠിച്ച് ഒരു ജോലി വാങ്ങണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. എങ്കിലും വീട്ടിലെ അവസ്ഥയിൽ പഠിക്കാനുള്ള മാനസികാവസ്ഥയും നഷ്ടപ്പെട്ടു. വായനയുള്ളതുകൊണ്ട് എല്ലാത്തിനെയുംകുറിച്ചുള്ള ഒരു അവബോധം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്‌കൂളിലെ ചെറിയ ചെറിയ പ്രസംഗമത്സരങ്ങളിലും ഉപന്യാസ മത്സരങ്ങളിലുമൊക്കെ എനിക്ക് സമ്മാനങ്ങൾ കിട്ടിത്തുടങ്ങി” – മനു പറഞ്ഞുതുടങ്ങുകയാണ്.

മോട്ടോർ നന്നാക്കാൻ കൊടുത്ത ക്യാഷ് അവാർഡ്   

മനുവിനെ തേടിവന്ന ആദ്യ അംഗീകാരം കൽപറ്റ എസ്. കെ. എം. ജെ. സ്‌കൂൾ ട്രസ്റ്റ് നടത്തുന്ന ജിനചന്ദ്ര മെമ്മോറിയൽ ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനവും ആയിരം രൂപ ക്യാഷ് അവാർഡുമായിരുന്നു. 29 വർഷം മുൻപ് അത് സാമാന്യം നല്ലൊരു തുക ആയിരുന്നു.

“അത്രയും വലിയൊരു തുക സമ്മാനമായി ലഭിച്ചപ്പോൾ വലിയ സന്തോഷമായിരുന്നു. എങ്കിലും വീട്ടിലെത്തിയപ്പോൾ ആ കാശ് മറ്റൊരു കാര്യത്തിനായി വിനിയോഗിക്കേണ്ടതായിവന്നു. കൃഷിക്കായുണ്ടായിരുന്ന മോട്ടോർ നന്നാക്കിയതിന്റെ കൂലിയായി ആ തുക നൽകി. അതായിരുന്നു അന്നത്തെ വീട്ടിലെ അവസ്ഥ. തുടരെ തുടരെയുണ്ടായ കൃഷിയിലെ തകർച്ച ഞങ്ങളെയാകെ ബാധിക്കാൻ തുടങ്ങി. അതുകൊണ്ടുതന്നെ ‘പഠിച്ചാലേ രക്ഷപെടൂ’ എന്ന് എന്റെ അമ്മ എപ്പോഴും ഓർമിപ്പിച്ചുകൊണ്ടിരുന്നു.”

അമ്മയാണ് എപ്പോഴും പഠനകാര്യത്തിൽ ശ്രദ്ധിച്ചിരുന്നത്. എല്ലാ സങ്കടങ്ങളുടെ നടുവിലും മക്കൾ പഠിക്കുന്നതായിരുന്നു അമ്മയുടെ ആശ്വാസം. അതിനായി ആ അമ്മ വളരെ ശ്രദ്ധിക്കുകയും ബലം നൽകുകയും ചെയ്തു. വീട്ടിൽ അരിയില്ലെങ്കിലും അറിവുണ്ടാകണമെന്ന ആ മാതാപിതാക്കളുടെ ആഗ്രഹത്തിന് അറുതിയില്ലാതിരുന്നു.

“എങ്ങനെയും പഠിച്ച് ജോലിക്കാരനാകണം എന്ന ആഗ്രഹത്തോടെയാണ് പ്ലസ് ടു പഠനം ആരംഭിച്ചത്. വായന ഒപ്പമുണ്ടായിരുന്നതുകൊണ്ട് ഒരു അധ്യാപകനായാൽ നന്നായിരിക്കുമെന്ന് എനിക്കുതന്നെ തോന്നിത്തുടങ്ങി. സയൻസ് ആയിരുന്നു പഠനവിഷയമെങ്കിലും എനിക്ക് താൽപര്യം ഭാഷാവിഷയങ്ങൾ ആയിരുന്നു. ചെറിയ രീതിയിൽ മലയാളം ക്‌ളാസ്സുകൾ കൈകാര്യം ചെയ്യാൻ അധ്യാപകർ എനിക്ക് അവസരം നൽകിത്തുടങ്ങി. അധ്യാപനം എന്ന ജോലിയെ അങ്ങനെ ഞാൻ സ്വപ്നം കാണാൻ തുടങ്ങി” – മനു തന്റെ ഓർമകളുടെ അക്ഷരപ്പൂട്ടുകൾ തുറക്കുകയാണ്.

വീട്ടിലെ അരക്ഷിതാവസ്ഥയിൽ നിന്നും കണ്ട സ്വപ്നങ്ങൾ   

സൗത്ത് ഇന്ത്യൻ ബാങ്ക് നടത്തിയ സംസ്ഥാനതല ഉപന്യാസ രചനാമത്സരത്തിൽ മികച്ച പത്ത് ഉപന്യാസത്തിൽ ഒരെണ്ണം മനുവിന്റേതായിരുന്നു. അതുപോലെ മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ ജില്ലാതല പ്രസംഗമത്സരത്തിലും മനുവിന് ഒന്നാം സ്ഥാനം ലഭിച്ചു.

“കാര്യമിങ്ങനെയൊക്കെയായിരുന്നെങ്കിലും അക്കാദമികതലത്തിൽ ഞാൻ വലിയൊരു ബുദ്ധിമുട്ട് സമയത്തിലൂടെയായിരുന്നു കടന്നുപോയത്. ഒന്നാമത്, പഠനത്തിൽ താളം തെറ്റിപ്പോയി. മാനവികവിഷയങ്ങളോട് എനിക്കുള്ള ആവേശം ഞാൻ തിരഞ്ഞെടുത്ത സയൻസ് വിഷയങ്ങളോട് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞില്ല. അതോടൊപ്പം വീട്ടിൽ അതിനെക്കാൾ വലിയ പ്രശ്നങ്ങളും. കൃഷി തകർന്നതിനാൽ ബാങ്കിൽ നിന്നെടുത്ത ലോൺ തുക തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഞങ്ങളുടെ സ്ഥലമെല്ലാം ജപ്തി ചെയ്യുമെന്ന് ബാങ്കിൽനിന്നും നോട്ടീസ് വന്നു; കുറച്ചു ദിവസങ്ങൾക്കുള്ളിൽ അതേ ജപ്തി നോട്ടീസ് പത്രത്തിലും. ഇതെല്ലം മാനസികമായി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി” – മനു പങ്കുവയ്ക്കുകയാണ്. “പരീക്ഷ അടുക്കുമ്പോഴാണ് പഠനവിഷയങ്ങളായ ഫിസിക്‌സും മാത്‍സുമൊക്കെയായി ഒരു ബന്ധം സ്ഥാപിച്ചുതുടങ്ങിയത്. ഒരുവിധത്തിൽ ജയിച്ചു.”

ഇതിനിടയിൽ തന്റെ ഇഷ്ടമേഖലയിലേയ്ക്ക് പഠനം തിരിച്ചുവിടാമെന്നു കരുതിക്കൊണ്ടുതന്നെ മാനന്തവാടി മേരി മാതാ കോളേജിൽ ബി. എ. ഫങ്ഷണൽ ഇംഗ്ലീഷിന് തുടർപഠനത്തിനായി ചേർന്നു. അവിടെയും മനു തന്റെ വായനയെ ചേർത്തുനിർത്തി. കോളേജ് ലൈബ്രറിയോടൊപ്പം തന്നെ മാനന്തവാടിയിലെ സോളിഡാരിറ്റി ലൈബ്രറിയെയും മനു വായനയ്ക്കായി ഉപയോഗിച്ചു. ഒരു സോഷ്യൽ വർക്കർ ആകുക എന്ന ചിന്ത മനുവിൽ രൂപപ്പെട്ടു. പഠനകാലഘട്ടത്തിലും മനു മത്സരങ്ങളിൽ പങ്കെടുത്തുപോന്നു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ നടത്തിയ സംസ്ഥാനതല ഉപന്യാസ മത്സരത്തിൽ മനുവിന് സമ്മാനം ലഭിച്ചു. അതുപോലെ യൂണിവേഴ്സിറ്റി തലത്തിൽ മലയാളം ഉപന്യാസ മത്സരത്തിനും സമ്മാനം ലഭിച്ചു.

“പ്ലസ്‌ടു മോശമായിരുന്നതുകൊണ്ട് ഡിഗ്രിക്ക് പഠനമികവ് വീണ്ടെടുക്കണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് ബി. എ. യ്ക്ക് ചേരുന്നത്. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി പിന്നീടുള്ള ശ്രമം. മേരിമാതാ കോളേജിലെ അധ്യാപകരായ ജോർജ്‌ സാറിന്റെയും ബിജു സാറിന്റെയും ഇംഗ്ലീഷ് ഗ്രാമർ ക്‌ളാസ്സുകളും ഭാഷാ ക്‌ളാസ്സുകളും ഇംഗ്ലീഷ് കൂടുതൽ വായിക്കേണ്ട ആവശ്യകതയെക്കുറിച്ച് എനിക്ക് ബോധ്യം തന്നു. അങ്ങനെ ഞാൻ ഇംഗ്ലീഷ് പത്രങ്ങൾ വായിക്കാൻ ആരംഭിച്ചു. എന്നാൽ എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല എന്നുള്ളതായിരുന്നു പരമമായ സത്യം. എങ്കിലും ഞാൻ വെറുതെ വായന തുടർന്നു. പിന്നീട് ആദ്യം ഇന്ത്യൻ എക്സ്പ്രസ്സ് വായിക്കും, അത് കഴിഞ്ഞ് ഹിന്ദുവും. അപ്പോൾ കുറച്ചെന്തെങ്കിലുമൊക്കെ മനസ്സിലാക്കാൻ തുടങ്ങി. എങ്കിലും കുട്ടികൾക്കായുള്ള ഇംഗ്ലീഷ് മാസികകൾ ഞാൻ വായിച്ചുതുടങ്ങുന്നത് എനിക്ക് 18 വയസ്സുള്ളപ്പോഴാണ്. അത് എനിക്ക് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു അതിനുള്ള കാരണം. എട്ടുവയസ്സുള്ള കുട്ടികൾ വായിക്കേണ്ട പുസ്തകങ്ങൾ 18 വയസ്സുള്ള ഞാൻ വായിക്കുമ്പോൾ നമുക്ക് ഊഹിക്കാൻ കഴിയും എന്റെ ഇംഗ്ലീഷ് ഭാഷയുടെ ലെവൽ. എങ്കിലും ഒന്നും മനസ്സിലായില്ലെങ്കിൽപോലും ഞാൻ ഔട്ട് ലുക്ക് മാഗസിനും ചാൾസ് ഡിക്കൻസിന്റെ ‘ഹാർഡ് ടൈംസു’മൊക്കെ വായിക്കാൻ തുടങ്ങി. ഡിഗ്രി മൂന്നാം വർഷമായപ്പോഴേക്കും എനിക്ക് എല്ലാം മുഴുവനായിത്തന്നെ മനസ്സിലാകാൻ തുടങ്ങിയിരുന്നു” – ഇംഗ്ലീഷ് ഭാഷയെ ഇഷ്ട്ടപ്പെടാൻ തുടങ്ങിയ സാഹചര്യത്തെക്കുറിച്ച് മനു വെളിപ്പെടുത്തുന്നു.

മലയാള മനോരമ പത്രം ഓഫീസ് സന്ദർശിച്ചപ്പോൾ ഉദിച്ച ആഗ്രഹം  

മൂന്നാം വർഷത്തിൽ നടത്തിയ പഠനയാത്രയിൽ കോഴിക്കോടുള്ള മലയാള മനോരമ പത്രം ഓഫീസ് സന്ദർശിച്ചപ്പോഴാണ് മനു പത്രപ്രവർത്തനരംഗത്തേക്ക് തിരിഞ്ഞാലോ എന്ന് ജീവിതത്തിൽ ആദ്യമായി ആലോചിക്കുന്നത്. ബിരുദം നല്ല മാർക്കോടെ പൂർത്തിയാക്കിയെങ്കിലും തുടർപഠനത്തിനായി എന്തെങ്കിലും പരീക്ഷകൾ എഴുതാനൊക്കെ ഭയമായിരുന്നു. “കാരണം, ഇതിനിടയിൽ ഉണ്ടായ മൂന്നു നാല് വർഷത്തെ തുടർച്ചയായ വരൾച്ച വീട്ടിലെ സാമ്പത്തികബാധ്യതകൾ ഇരട്ടിയാക്കി. തുടർപഠനത്തിനുള്ള ആഗ്രഹമുണ്ടെങ്കിലും എനിക്ക് വലിയ ഭയമായിരുന്നു. ഏതെങ്കിലും കോഴ്സിന് പോയി ചേർന്നാൽ അത് തുടരാനോ, പൂർത്തിയാക്കാനോ പറ്റുമോ എന്ന് ഞാൻ സംശയിച്ചു. എങ്കിലും കേരള യൂണിവേഴ്സിറ്റിയിൽ  ജേർണലിസം ബിരുദാനന്തര ബിരുദത്തിനുള്ള പ്രവേശനപരീക്ഷ പാസായി. തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസ്സിലായിരുന്നു പിന്നീടങ്ങോട്ടുള്ള ജീവിതം. വായനയും ഭാഷയും ഒരുപാട് മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു എന്നെനിക്ക് മനസ്സിലായി. ലൈബ്രറിയും കിട്ടാവുന്ന എല്ലാ പത്രങ്ങളും മാസികകളും എല്ലാം ഞാൻ വായിക്കാൻ തുടങ്ങി” – മനു തന്റെ പ്രൊഫഷണൽ ജീവിതത്തിന്റെ തുടക്കഘട്ടത്തെ എഡിറ്റ് കേരള വായനക്കാർക്കായി പങ്കുവയ്ക്കുകയാണ്. ലാബ് ജേർണലിൽ എഴുതിയും ഇന്റേൺഷിപ്പിൽ ഇന്ത്യൻ എക്സ്പ്രസിൽ ജോലിചെയ്തതും ഇംഗ്ലീഷിൽ പത്രപ്രവർത്തനം നടത്താനുള്ള ആത്മവിശ്വാസം നൽകി.

പിന്നീട് പഠനശേഷം മലയാള മനോരമയിൽ ട്രെയിനി ആയി ചേർന്ന മനു നിരവധി ഫീച്ചറുകളും സാമൂഹികപ്രസക്തിയുള്ള വാർത്തകളും നൽകിത്തുടങ്ങി. അങ്ങനെ ഡിഗ്രി പഠനകാലത്ത് കണ്ട മനോരമ ഓഫീസിൽ എത്തിച്ചേർന്നെങ്കിലും ഇംഗ്ലീഷ് പത്രപ്രവർത്തനത്തിലേക്കാണ് തിരിയേണ്ടതെന്ന ചിന്ത ഉള്ളിൽ ശക്തമായി.

കരിയറിന്റെ തുടക്കം ഇന്ത്യൻ എക്സ്പ്രസിൽ 

മനോരമയിൽ ആയിരുന്നുകൊണ്ടുതന്നെ മനു ഇംഗ്ലീഷ് പത്രങ്ങളിലേക്കു പോകാൻ ശ്രമം നടത്തിക്കൊണ്ടിരുന്നു. ഒരു വർഷത്തിനുശേഷം അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിൽ തന്റെ കരിയർ ആരംഭിച്ചു. “ഇന്ത്യൻ എക്സ്പ്രസിൽനിന്നും എനിക്ക് ലഭിച്ച ഒരു അനുഗ്രഹമായിരുന്നു മേരി ജോസഫ് എന്ന അധ്യാപിക. ഭാഷാപരമായ തെറ്റുകൾ തിരുത്താനായിരുന്നു അവർ സഹായിച്ചത്. അത് എന്റെ ജീവിതത്തിൽ വളരെയധികം ഗുണം ചെയ്തു. രണ്ടു വർഷക്കാലം എന്റെ എഴുത്തുകളിലെ തെറ്റുകൾ മുഴുവനും തിരുത്തിയിരുന്നത് മേരി മാഡം ആയിരുന്നു. എന്റെ കരിയറിൽ  ഏറ്റവുമധികം ഞാൻ കടപ്പെട്ടിട്ടുള്ള വ്യക്തികളിൽ ഒരാൾ അവരായിരിക്കും. രണ്ടു വർഷമായപ്പോഴേക്കും എന്റെ എഴുത്തുകളിലെ ഗ്രാമർ മിസ്റ്റേക്കുകൾ ഇല്ലാതായി. എങ്കിലും കണ്ടന്റുകൾ മാഡത്തെ കാണിക്കാതെ ഡെസ്കിലേക്കു വിടാൻ എന്റെ മനസ്സ് അനുവദിക്കില്ലായിരുന്നു” – മനു ഓർമിക്കുന്നു.

അതിനുശേഷം അദ്ദേഹം ഹിന്ദു ബിസിനസ് ലൈനിൽ ജോലിചെയ്തു; അതും മുംബൈ നഗരത്തിൽ. “ആ സമയത്ത് തന്നെയായിരുന്നു എന്റെ വിവാഹവും. അപ്പോൾ കിട്ടുന്ന ശമ്പളത്തിൽ മുംബൈ പോലൊരു നഗരത്തിലെ ജീവിതം വലിയ ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഏതൊരാൾക്കും വീട് ഒരു സ്വപ്നമാണല്ലോ. അങ്ങനെ EMI സ്‌കീമിൽ ഒരു ചെറിയ ഫ്ലാറ്റ് വാങ്ങാൻ തീരുമാനമായി. എങ്കിലും മാസത്തിലുള്ള കാശിന്റെ അടവ് ഞങ്ങളെ സംബന്ധിച്ച് ഒരു വലിയ ബാധ്യതയായിരുന്നു. എന്തെങ്കിലും ഒരു അധിക ചിലവ് വന്നാൽ ജീവിതം മുഴുവനും താളം തെറ്റും. പ്രാർഥന എന്നും വലിയ ആശ്വാസമായിരുന്നതിനാൽ ഈ തീരുമാനം ഞങ്ങൾ ദൈവത്തിനു വിട്ടുകൊടുത്തു. ഭയത്തോടെയാണെങ്കിലും ഞങ്ങൾ മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങി. ഇതിനിടയിൽ മൂത്തമകൾ ദയയും ജനിച്ചു. അങ്ങനെയിരിക്കെയാണ് ഭാര്യ ശാരിക്ക് ബാംഗ്ലൂർ നിംഹാൻസിൽ PhD യ്ക്ക് അഡ്മിഷൻ ലഭിക്കുന്നത്. കൈക്കുഞ്ഞിനെയുമായി ശാരിയെ എങ്ങനെ ബാംഗ്ലൂരിലേക്ക് അയയ്ക്കും. ഫ്ലാറ്റിന്റെ അടവ് ബാക്കിനിൽക്കുന്നതിനാൽ നിലവിലെ ജോലി കളയാനും പറ്റാത്ത അവസ്ഥ. പണ്ട് വായിച്ച ‘ഹാർഡ് ടൈംസ്’ ഇപ്പോഴാണ് ജീവിതത്തിൽ അന്വർഥമാകുന്നത് എന്ന് എനിക്ക് തോന്നി. അങ്ങനെ ബാംഗ്ലൂരിൽ ഒരു ചെറിയ വാടകവീടും കുഞ്ഞിനെ നോക്കാൻ ഒരു ചേച്ചിയെയും സംഘടിപ്പിച്ചു. അങ്ങനെ അവർ  ബാംഗ്ലൂരിലും ഞാൻ മുംബൈയിലുമായി ഞങ്ങളുടെ ജീവിതം തുടർന്നു” – ജീവിതത്തിലെ ഒരു സമയത്ത് താൻ നേരിടേണ്ടിവന്ന പ്രതിസന്ധികളെ മനു ഇപ്പോഴും ഓർക്കുന്നു. കാരണം, ആ കാലഘട്ടമാണ് മനുവിനെ ആരായിത്തീരണം, എന്തായിത്തീരണം എന്നൊക്കെ മനസ്സിലാക്കാൻ സഹായിച്ചത്.

“ഞങ്ങളുടെ അത്യാവശ്യത്തിനുവേണ്ടിയുള്ള പണം മാത്രമേ നിലവിൽ ഒരു മാസം ഞങ്ങൾക്ക് ലഭിക്കുകയുള്ളൂ. എല്ലാത്തിലും കണക്കുകൂട്ടലായിരുന്നു. കാരണം റിപ്പോർട്ടിങ്ങിനായി ചിലപ്പോൾ യാത്രകൾ ചെയ്യേണ്ടിവരും, അതിനുള്ള വണ്ടിക്കൂലി വേണം. ഭക്ഷണം കഴിക്കണം, ഓഫീസിലേക്കു പോകാനും വരാനും വണ്ടിക്കൂലി വേണം… ഇതിലെ ഒരെണ്ണം അൽപം കൂടിയാൽ ജീവിതം മുഴുവനും താളം തെറ്റും. അന്ന്, 2013 -ൽ മുംബൈ നഗരത്തിൽ ഒരു ദിവസം എനിക്ക് ഭക്ഷണവും യാത്രാചെലവുമുൾപ്പെടെ ചിലവഴിക്കാവുന്നത് നൂറു രൂപയായായിരുന്നു. അതിനപ്പുറത്തേക്ക് പോകാൻ പാടില്ലായിരുന്നു. പകൽ മുഴുവൻ ഓടിനടന്ന്  റിപ്പോർട്ടിങ്ങും കഴിഞ്ഞ് എത്രയോ രാത്രികളിൽ റിക്ഷാ വിളിക്കാൻ 30 രൂപ മുടക്കിയാൽ തകരുന്ന മാസ ബജറ്റ് ഓർത്ത് വിശപ്പും ദാഹവും മടുപ്പും സഹിച്ച്  ഫ്ലാറ്റിലേക്ക് ഇരുട്ടിൽ നടന്നുപോയിട്ടുണ്ട്. ഇന്ന് അതൊക്കെ ഓർക്കുമ്പോൾ അദ്ഭുതമാണ്. കാരണം, അതൊക്കെ ജീവിതത്തിൽ മുതൽക്കൂട്ടായിട്ടുണ്ട്” എന്നാണ് മനുവിന്റെ പക്ഷം.

കഷ്ടതകളിൽ കൂടെയുണ്ടായിരുന്ന ദൈവം  

കുറച്ചു മണിക്കൂറുകൾക്കുവേണ്ടി മാത്രം ഭാര്യയെയും മകളെയും കാണാൻ 18 മണിക്കൂർ ബസ് യാത്ര ചെയ്താണ് മനു ബാംഗ്ലൂർക്ക് യാത്ര ചെയ്തുകൊണ്ടിരുന്നത്. “അങ്ങോട്ടുമിങ്ങോട്ടും 36 മണിക്കൂർ യാത്ര. അവരുടെ അടുക്കൽ കൂടിവന്നാൽ 18 മണിക്കൂർ മാത്രമേ എനിക്ക് ചിലവഴിക്കാൻ സാധിച്ചിരുന്നുള്ളൂ. എങ്കിലും ഇതും ജീവിതത്തിന്റെ ഭാഗമായി കാണാൻ ഞങ്ങൾ പരിശ്രമിച്ചു. ഈ കഷ്ടതകളിലൊക്കെ എനിക്ക് കൂടെയുണ്ടായിരുന്നത് ദൈവമായിരുന്നു. എന്റെ ഒഴിവുസമയങ്ങളിൽ ഞാൻ എപ്പോഴും ഓടിയെത്തിക്കൊണ്ടിരുന്ന ഒരു ഇടമെന്നു പറയുന്നത് മുംബൈയിലെ പ്രശസ്തമായ ദൈവാലയമായ മാഹിമിലെ സെന്റ് മൈക്കിൾസ് ചർച്ചിലായിരുന്നു. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് അവിടെ പോയിരുന്നു പ്രാർഥിക്കുന്നത് ഒരു ശീലമായി മാറി. കാരണം, കഷ്ടതകളിൽ ദൈവമാണല്ലോ നമ്മെ ഏറ്റവുമധികം ചേർത്തുനിർത്തുക. ഇതിനിടയിൽ ബാംഗ്ലൂരിലേക്ക് എനിക്ക് ട്രാൻസ്‌ഫർ ലഭിച്ചു. ചില വ്യക്തികളിലൂടെ ദൈവം നമ്മോട് കരുണ കാണിക്കാറുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഈ ട്രാൻസ്ഫർ.”

ബാംഗളൂരിൽ വന്നത് വഴിത്തിരിവായി. ഐ. ടി. രംഗത്തെ ജോലിനഷ്ടങ്ങളെക്കുറിച്ച് തുടർച്ചയായി എഴുതിയ ചില റിപ്പോർട്ടുകൾ കോളിളക്കം സൃഷ്‌ടിച്ചു.

ഇതിനിടയിൽ മറ്റൊരു മെച്ചപ്പെട്ട ശമ്പളത്തിനായി നാലു വർഷമായി ജോലി അന്വേഷിച്ചു നടന്നെങ്കിലും തന്റെ പതിനഞ്ചാമത്തെ അപേക്ഷയിലാണ് വി. സി. സർക്കിൾ എന്ന വെബ്‌സൈറ്റിൽ ജോലിലഭിക്കുന്നത്. ഇത്രയും വലിയ പത്രങ്ങളിൽ ജോലിചെയ്ത ഒരാൾ ഒരു ചെറിയ വെബ് സൈറ്റിലെ ജോലിയിലേക്ക് ഒതുങ്ങിപ്പോകുന്നോ എന്ന് പലരും ചോദിച്ചെങ്കിലും മനു അതത്ര കാര്യമാക്കിയില്ല. പക്ഷേ, അവിടെ മനുവിനായി ദൈവം കാത്തുവത് മറ്റൊരു ബ്രേക്കിംഗ് ന്യൂസ് ആയിരുന്നു. ‘മാധ്യമരാജാവ്’ എന്ന് വിളിപ്പേരുള്ള റൂപ്പർട്ട് മർഡോക്കിന്റെ ന്യൂസ് കോർപ് കമ്പനി വി. സി. സർക്കിൾ ഏറ്റെടുത്തു. അതും മനു ജോയിൻ ചെയ്ത 2015 ഏപ്രിൽ ഒന്നിനു തന്നെ. തന്റെ കഴിവുകളും ആത്മസമർപ്പണവും കൊണ്ട് മികച്ചുനിൽക്കാൻ മനുവിനു സാധിച്ചു. സീനിയർ അസിസ്റ്റന്റ് എഡിറ്റാറായ മനു ഒരു വർഷം പൂർത്തിയാക്കിയപ്പോഴേക്കും അസ്സോസിയേറ്റ് എഡിറ്ററും പിന്നീട് ബ്യുറോ ചീഫുമായി. ഇതിനിടയിൽ മനുവിന് ഇങ്ങോട്ടുവന്ന എട്ടോളം ജോലിയുടെ ക്ഷണം നിരസിച്ചു. അതിൽതന്നെ ഇന്റർനാഷണൽ കമ്പനികളിൽ നിന്നുപോലും ജോബ് ഓഫർ ലഭിച്ചിരുന്നു.

തേടിയെത്തിയ സൗഭാഗ്യങ്ങൾ   

ഇതിനിടയിൽ കമ്പനിയുടെ ഇന്റേണൽ അവാർഡുകൾ രണ്ടെണ്ണം മനുവിനെ തേടിയെത്തി. 2018 ൽ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് പത്രമായ ഇക്കണോമിക് ടൈംസ് പുതുതായി തുടങ്ങിയ ഇ. ടി. പ്രൈമിന്റെ ഒരു വിഭാഗത്തിന്റെ എഡിറ്ററായി മനുവിനെ നിയമിച്ചു. പിന്നീട് എക്സിക്യൂട്ടീവ് എഡിറ്റർ സ്ഥാനം നൽകി. ഇവിടെ ആയിരിക്കുമ്പോഴാണ് 2023 ൽ മനുവിന് ‘റെഡ് ഇങ്ക്’ അവാർഡ് ലഭിക്കുന്നത്. അതും തന്റെ കരിയറിലെ ഏറ്റവും വലിയ ദൈവാനുഗ്രഹമായി അദ്ദേഹം കാണുന്നു.

“ഒന്നുമല്ലാതായിപ്പോകാമായിരുന്ന എനിക്ക് ലഭിച്ച വലിയൊരു അംഗീകാരമാണത്. ജീവിതത്തിലെ ഏതെങ്കിലുമൊരു അവസരത്തിൽവച്ച് മറ്റെങ്ങനെയെങ്കിലുമൊക്കെ ആയിപ്പോകാവുന്ന സാഹചര്യം ഉണ്ടാകാമായിരുന്നു. എങ്കിലും ദൈവത്തിന്റെ കരുതൽ കൊണ്ടുമാത്രം ഇവിടെവരെ എത്തിയതാണ്. എല്ലാം അവിടുത്തെ ദാനം” – മനു നന്ദിപൂർവം പറയുന്നു.

പിന്നീട് 2024 മുതൽ ഇക്കണോമിക് ടൈംസിൽ സീനിയർ എഡിറ്ററായി ജോലി ചെയ്തുവരുന്നു. തൊഴിലിനെയും ജീവിതത്തെയും ക്ഷമാപൂർവമായ ദീർഘദൂര ഓട്ടമായാണ് മനു കാണുന്നത്. ആഴ്ചാവസാനങ്ങളിൽ പത്ത് കിലോമീറ്റർ ഓടാൻപോകുന്ന മനു, ഒരു ഫുൾ മാരത്തോനും (42 കിലോമീറ്റർ) അര ഡസൻ ഹാഫ് മരത്തോണും ഓടി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ഞായറാഴ്ചകളിൽ മതബോധന ശുശ്രൂഷ നിർവഹിക്കുന്നു. “കുഞ്ഞുങ്ങൾക്ക് ദൈവവുമായി ബന്ധമുണ്ടാകണം. അതിന് അവരെ പ്രേരിപ്പിക്കുക. എന്റെ ദൈനംദിന പ്രാർഥനകളിൽ അവരുമുണ്ട്” – മനു പറയുന്നു.

തിരക്കാർന്ന ജോലിക്കിടയിലും എല്ലാത്തിനും കൂടെനിൽക്കുന്ന ജീവിതപങ്കാളിയും ബാംഗ്ലൂർ സെന്റ് ജോസഫ്‌സ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ശാരി ടെസ് മാത്യുവും മക്കളായ ദയയും താരയും ജീവിതത്തിലെ വലിയ അനുഗ്രഹമായി മനുവിന്റെ കൂടെയുണ്ട്.

എല്ലാത്തിനും നന്ദി മാത്രം! 

“ജീവിതത്തെ നന്ദിയോടെ മാത്രമേ നോക്കിക്കാണുന്നുള്ളൂ. ഒന്നും നമ്മുടേതല്ല. ഇത്രത്തോളം യഹോവ സഹായിച്ചു എന്നുമാത്രമേ എനിക്ക് പറയാനുള്ളൂ. ദൈവകൃപയാൽ ഇതുവരെയും ചെയ്ത സ്റ്റോറികളിൽ ഒന്നിൽപോലും കുഴപ്പങ്ങൾ ഉണ്ടായിട്ടില്ല. അത് ഒരു മാധ്യമപ്രവർത്തകനെ സംബന്ധിച്ചിടത്തോളം ദൈവാനുഗ്രഹമാണ്. ലോകം കണ്ട ഏറ്റവും വലിയ കമ്മ്യൂണിക്കേറ്റർ ആണ് യേശു ക്രിസ്തു. അവിടുത്തെ സംരക്ഷണത്തിൽ ആയിരിക്കുന്നത്തിൽപരം മറ്റെന്താണ് വേണ്ടത്. കൂടുതൽ നല്ല രീതിയിൽ ജോലിചെയ്യാനും അവിടുത്തെ മഹത്വത്തിനുവേണ്ടി ജീവിക്കണം എന്നുമാണ് പ്രാർഥന” – മനു കൃതാർഥനാണ്.

നീണ്ട 20 വർഷങ്ങൾകൊണ്ട് മനു അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നത് കഠിനാധ്വാനവും ആത്മസമർപ്പണവും ദൈവവിശ്വാസവും ചേർത്തുവയ്ക്കുമ്പോൾ ലഭിക്കാവുന്ന വലിയൊരു ബ്രേക്കിംഗ് ന്യൂസ് ആണ്. പ്രതിസന്ധികളിലും പ്രശ്നങ്ങളിലും പരാതി കൂടാതെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമ്പോൾ വലിയ വലിയ അനുഗ്രഹങ്ങൾ നമുക്കായി ദൈവം നൽകും. ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിക്കേറ്ററായ ഈശോയുടെ സ്വന്തം മഷിപ്പേനയായ മനു പി. ടോംസിനു എഡിറ്റ് കേരളയുടെ പ്രാർഥനാശംസകൾ!

സുനിഷ വി. എഫ്.

Latest News