Monday, January 20, 2025

ശാരീരിക അധിക്ഷേപം കേരളീയസമൂഹം ഒഴിവാക്കണം: സീറോമലബാർ സഭാ അൽമായ ഫോറം

ബോ‍‍ഡി ഷെയിമിങ് അഥവാ ശാരീരിക അധിക്ഷേപം എന്നത് നമ്മുടെ സമൂഹത്തിന് ഉൾക്കൊള്ളാൻ സാധിക്കുന്നതല്ലെന്നും അത് സ്ത്രീ ആയാലും പുരുഷനായാലും തീർച്ചയായും ശ്രദ്ധാലുവായിരിക്കുകയും ഇത്തരം പരാമർശങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്ന ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ പരാമർശം സീറോമലബാർ സഭാ അൽമായ ഫോറം സ്വാഗതം ചെയ്യുന്നു. ഈ പരാമർശം മലയാളിസമൂഹം യാഥാർഥ്യബോധത്തോടെ തീർച്ചയായും ഉൾക്കൊള്ളണം.

ബോഡി ഷെയിമിങ് എന്താണെന്ന് നമ്മൾ മലയാളികൾക്ക് തീരെ അറിയാമെന്നു തോന്നുന്നില്ല. മറ്റുള്ളവരുടെ ആകാരത്തെ പരിഹസിക്കുന്നത് നമ്മുടെ സംസ്കാരം തന്നെ ആയി മാറിയിരിക്കുന്നു. സ്ത്രീകളെക്കുറിച്ച് പൊതുസമൂഹം പുലർത്തിപ്പോരുന്ന വികലധാരണകൾ കൈയടികളോടെ ആഘോഷിക്കപ്പെടുന്നത് ഹൈക്കോടതി കർശനമായി വിലക്കിയിരിക്കുന്നു. ദ്വയാർഥപ്രയോഗങ്ങൾ കൊണ്ടും ലൈംഗിക വൈകൃതചിന്തകളുടെ ഒഴുക്ക് കൊണ്ടും അധിക്ഷേപങ്ങൾ ചൊരിഞ്ഞുകൊണ്ടിരിക്കുന്നവരിൽനിന്നും രക്ഷ ലഭിക്കാൻ കേരളത്തിൽ ഹൈക്കോടതിതന്നെ രക്ഷയ്‌ക്കെത്തിയിരിക്കുന്നു. സ്ത്രീവേഷത്തിന്റെ മാന്യത അളക്കാൻ സ്കെയിലുംകൊണ്ട് നടക്കുന്നവർക്കു മാത്രമല്ല, സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നവർക്ക് മുഴുവനുമുള്ള മുന്നറിയിപ്പ് കൂടിയാണ് ഹൈക്കോടതി വിധി. ബഹുമാനപ്പെട്ട ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണൻ ജുഡീഷ്യറിയുടെയും ശാരീരിക അധിക്ഷേപം നേരിടുന്നവരുടെയും അഭിമാനം ഉയർത്തിപ്പിടിച്ചിരിക്കുന്നു.

ബോഡി ഷെയിമിങ്ങിന്റെ അർഥം പറഞ്ഞിരിക്കുന്നത്: “ഒരാളുടെ ശരീരാകൃതിയെക്കുറിച്ചോ, വലിപ്പത്തെക്കുറിച്ചോ പരിഹാസമോ, വിമർശനാത്മകമോ ആയ അഭിപ്രായങ്ങൾ പറയുകയോ, മറ്റുള്ളവരുമായി സാദൃശ്യപ്പെടുത്തി സംസാരിക്കുകയോ, അപമാനിക്കുകയോ ചെയ്യുന്നത്” എന്നാണ്. എന്നാൽ വിശാലാർഥത്തിൽ നോക്കിയാൽ നമ്മൾ അറിഞ്ഞും അറിയാതെയും പലരീതികളിലായി മറ്റൊരു വ്യക്തിയെ താഴ്ത്തിക്കെട്ടാൻ ഉപയോഗിക്കുന്ന എല്ലാ പദപ്രയോഗങ്ങളും ബോഡി ഷെയ്മിങ് അഥവാ ശാരീരിക അധിക്ഷേപം തന്നെയാണ്. തലച്ചോറിന്റെ ഉപയോഗം കുറച്ചുവച്ചിരിക്കുന്ന കേരളീയസമൂഹത്തിന് ഒഴിവാക്കാനാകാത്ത ഒന്നാണ് ബോഡി ഷെയിമിങ് എന്ന് വന്നിരിക്കുന്നു.

സ്ത്രീകൾ അവരുടെ ചുറ്റുപാടില്‍, വീട്ടില്‍, സ്‌കൂളില്‍, ബസ്സില്‍, പൊതു ഇടങ്ങളില്‍, നവമാധ്യമങ്ങളില്‍ നിരന്തരം ശാരീരികമായ അതിക്രമത്തിന് ഇരയാകുന്നവരാണ്. സമൂഹത്തിന്റെ പ്രവണതകള്‍ക്കെതിരെ കലഹിച്ചാല്‍ ശാരീരിക അധിക്ഷേപത്തിലൂടെ മാത്രം മറുപടി പറയാന്‍ കഴിയുന്ന ഒരു പൊതുസമൂഹത്തിന്റെ അക്രമത്വര മനസ്സിലാക്കാൻ കേരള ഹൈക്കോടതിക്കായി എന്നത് ഏറെ അഭിനന്ദനം അർഹിക്കുന്ന വിഷയമാണ്. പൊതുബോധത്തെ ചോദ്യം ചെയ്യുന്നതിന്റെപേരില്‍ വര്‍ഷങ്ങളായി ആക്രമിക്കപ്പെടുന്നവരാണ് കേരളത്തിലെ സ്ത്രീകൾ. അതിനാണ് ഇപ്പോൾ കേരള ഹൈക്കോടതി കടിഞ്ഞാണിട്ടിരിക്കുന്നത്.

ബോഡി ഷെയിമിങ് മൂലം എത്രയോ വർഷങ്ങളായി നിറത്തിന്റെ പേരിൽ, അൽപം തടി കൂടിയതിന്റെ പേരിൽ, കണ്ണ് ചെറുതായതിന്റെ പേരിൽ, മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ ആളുകൾ ദിനംതോറും പരിഹസിക്കപ്പെടുന്നു. ദേശ–ലിംഗ–ഭാഷാവ്യത്യാസമില്ലാതെ ലോകം ആളുകളെ പരിഹസിക്കുന്നു. ആളുകളെ ഇങ്ങനെ അവമതിക്കുന്ന കാര്യത്തിൽ നമ്മുടെ സമൂഹം ഒറ്റക്കെട്ടാണ്.

കറുപ്പ് നിറത്തെ വെറുപ്പിന്റെ പര്യായമായി പലരും കാണുന്നു. അധര്‍മങ്ങളെയും കളവുകളെയും സൂചിപ്പിക്കാന്‍ കറുപ്പിനെയാണ് സാഹിത്യലോകംപോലും ഉപയോഗിച്ചുവരുന്നത്. ‘കറുത്ത മനസ്സിന്റെ ഉടമ’ തുടങ്ങിയ പ്രയോഗങ്ങള്‍ ഇന്ന് സര്‍വസാധാരണമാണ്. കറുപ്പ് എന്ന നിറം എന്ത് ദ്രോഹമാണ് ചെയ്തത്. വെളുപ്പിന് എന്തുകൊണ്ട് അപ്രമാദിത്വം ലഭിക്കുന്നു.

വര്‍ണ്ണങ്ങളെ അടിസ്ഥാനമാക്കി മനുഷ്യന്റെ ഔന്നത്യത്തെ അളക്കാന്‍ കഴിയില്ല. മനുഷ്യന്റെ ഔന്നത്യത്തിന്റെ അളവുകോല്‍ അയാള്‍ ആര്‍ജിച്ചെടുത്ത ആത്മവിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും ഫലമാണല്ലോ. കറുപ്പിന്റെയും വെളുപ്പിന്റെയും പേരില്‍ മനുഷ്യര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി അധികാരസോപാനങ്ങളിലെത്താനാണ് ലോകത്തെ നിയന്ത്രിക്കുന്ന സാമ്പത്തികശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യര്‍ക്കിടയിലെ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കി അവരെ ഒന്നായിക്കാണാനാണ് യഥാർഥ മനുഷ്യസംസ്കാരം നമ്മോട് ആവശ്യപ്പെടുന്നത്.

വിവിധ വര്‍ണ്ണങ്ങളാല്‍ അലങ്കരിക്കപ്പെട്ട ഭൂമിയാണ് നമ്മുടേത്. ഒരു നിറത്തിനും അതില്‍ മേല്‍കോയ്മയില്ല. പച്ചയും മഞ്ഞയും നീലയും ചുവപ്പും വെളുപ്പും കറുപ്പുമെല്ലാം വർണ്ണരാജിയുടെ വിവിധ ധര്‍മങ്ങളാണ് നിര്‍വഹിക്കുന്നത്. അതില്‍ കറുപ്പിനെ മാത്രം ഇകഴ്ത്തിക്കാണിക്കുന്നത് നീതിയല്ല. നാം ലോകത്ത് വളരെ
കൗതുകത്തോടെ നോക്കിക്കണ്ടുകൊണ്ട് ആസ്വദിക്കുന്ന പലതും കറുപ്പ് നിറമാണ്. നാം ആദരിക്കുകയും വിസ്മയത്തോടെ കാണുകയും ചെയ്യുന്ന മഹദ്വ്യക്തികളുടെയും നിറം കറുപ്പാണ്. കറുത്ത നിറമുള്ളവരെ ആദിവാസികളും ദളിതരുമാണെന്ന് തെറ്റിധരിക്കുകയും വെളുത്ത ശരീരമുള്ള ദളിതരെയും – ആദിവാസികളെയും ‘കണ്ടാല്‍ തോന്നില്ല’ എന്ന് പറയുകയും ചെയ്യുന്ന മലയാളിയുടെ പൊതുബോധത്തിനു കാരണം ജാതിയെ നിറവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുന്നതാണ്. ഒരേ പൊതു മനുഷ്യസമുദായത്തില്‍ നിന്നുള്ളവരാണ് വ്യത്യസ്ത ജാതികളും മതങ്ങളുമായ് വേര്‍തിരിഞ്ഞവർ എന്ന സമൂഹരൂപീകരണത്തെക്കുറിച്ചുള്ള മൗലികമായ അറിവ് ഇന്നും ആധുനിക മലയാളിസമൂഹത്തിന് നേടാനാആയിട്ടില്ല, അല്ലെങ്കില്‍ മലയാളിയുടെ ജാതിബോധം അതിന് തയ്യാറാകുന്നില്ല.

വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ കേരളീയ പൊതുമണ്ഡലത്തില്‍ നിന്നും ഉണ്ടായിവരുന്ന പ്രതിഷേധം മലയാളി സ്വായത്തമാക്കുന്ന സാമൂഹിക വളര്‍ച്ചയുടെ ഒരു പുതിയ ഘട്ടമായി കാണാവുന്നതാണ്. ഇന്നലെവരെ നമ്മുടെ സിനിമകളും ടിവി കോമഡി പരിപാടികളിലെ കറുത്ത മനുഷ്യരെ അധിക്ഷേപിക്കുന്ന വംശീയതമാശകളും ആസ്വദിച്ച മലയാളികൾ തന്നെയാണ് കറുത്ത നിറക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ നേരെ വലിയ പ്രതിഷേധവുമായി രംഗത്ത് വരുന്നത് എന്നത് സ്വാഗതാർഹമാണ്.

ഒരാളെ ശാരീരിക പ്രത്യേകതകളുടെ പേരില്‍ അപമാനിക്കുകയും അവസരങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നത് ആധുനിക മലയാളിസമൂഹത്തിന്റെ ഏറ്റവും വലിയ മുഖമുദ്രയാണ്. ബോഡി ഷെയിമിംഗ്, പൊളിറ്റിക്കലി കറക്ട് തുടങ്ങിയ പദങ്ങളെല്ലാം ഉണ്ടാകുന്നത് അങ്ങനെയാണ്.എന്നാല്‍ ശാരീരിക അധിക്ഷേപത്തിന്റെ കാര്യത്തിൽ എത്രയോ പിറകിലാണ് കേരളം എന്നതിനെ സാധൂകരിക്കുന്ന വാര്‍ത്തകള്‍ നിരന്തരം കാണാം. നിറത്തിന്റെയും ആകാരത്തിന്റെയും ശാരീരിക പ്രത്യേത്യകതകളുടെയും പേരില്‍ നിരന്തരമായി അധിക്ഷേപം നടത്തുന്നവരാണ് മലയാളികളില്‍ ഭൂരിഭാഗവും എന്നത് ലജ്ജാവഹമാണ്.

നിറം കുറഞ്ഞുപോയതുകൊണ്ട് സൗഹൃദങ്ങളിലും പൊതുസമൂഹത്തിലും ക്ലാസ്സ് മുറികളിലും ആക്ഷേപിക്കപ്പെട്ടവരും അപഹസിക്കപ്പെട്ടവരും നിരവധിയാണ്. നമ്മുടെ സാമൂഹ്യ അന്തരീക്ഷത്തില്‍ ശരീരങ്ങളുടെ നിറബോധങ്ങളുടെപേരില്‍ അവഗണിക്കപ്പെടുകയോ, അപഹസിക്കപ്പെടുകയൊ ചെയ്യാതാവുമ്പോൾ തീര്‍ച്ചയായും ശാരീരിക അധിക്ഷേപം നേരിടുന്നവർക്ക് ആത്മവിശ്വസത്തോടെ ഇടപെടാനാകും.

വംശീയബോധം പേറുന്ന സമൂഹ മനഃശാസ്ത്രത്തെ സാമൂഹികമായി തിരിച്ചറിഞ്ഞു ജീവിക്കുന്ന മനുഷ്യര്‍ക്ക് ഇതൊന്നും പ്രശ്നമാവില്ല. അതുകൊണ്ട് വെളുത്തിരിക്കുന്നത് മാത്രം സൗന്ദര്യമായി കാണുന്നതിനെ സാമൂഹിക പൊതുബോധ്യങ്ങള്‍ കൊണ്ട് മാത്രമേ നേരിടാനാവൂ. അത് അത്ര എളുപ്പുള്ള കാര്യവുമല്ല. സ്കൂളില്‍ പഠിക്കുന്ന കുട്ടികളും സാധാരണ മനുഷ്യരും ഈ വിവേചനത്തിന് വിധേയമായിക്കൊണ്ടേയിരിക്കും. അവര്‍ സാമാന്യ പൊതുബോധം എന്ന തിരിച്ചറിവ് നേടുന്നതുവരെ അത് തുടർന്നുകൊണ്ടേയിരിക്കും.

സ്ത്രീവിരുദ്ധ ആക്രമണങ്ങൾക്കും പ്രവർത്തികൾക്കും ആക്ഷേപങ്ങൾക്കും തമാശകൾക്കും നേരെ നിശ്ശബ്ദരായിരിക്കുകയോ, പ്രതികരിക്കാതിരിക്കുകയോ, അനുകൂലിക്കുകയോ അവർക്കുവേണ്ടി വാദിക്കുകയോപോലും ചെയ്യുന്നവരെയും നമ്മുടെ സമൂഹത്തിൽ കാണാം. ശാരീരിക അധിക്ഷേപം കേരളീയസമൂഹത്തിൽ ഒഴിവാക്കപ്പെടണമെന്ന സാമൂഹികബോധം രാഷ്ട്രീയ പാർട്ടികൾക്കുണ്ടാവണം, സംഘടനകൾക്കുണ്ടാവണം, മാധ്യമങ്ങൾക്കുണ്ടാവണം, ഭരണഘടനാ സ്ഥാപനങ്ങൾക്കുണ്ടാവണം. അതുവഴി പൊതുസമൂഹത്തിന്റെ ബോധത്തിലേക്ക് പടരുകയും വേണം.

ടോണി ചിറ്റിലപ്പിള്ളി, അൽമായ ഫോറം സെക്രട്ടറി, സീറോമലബാർ സഭ, എറണാകുളം

LEAVE A REPLY

Please enter your comment!
Please enter your name here

Latest News