ഫ്രാന്‍സിലേക്കുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനത്തിനു പിന്നാലെ, തുടര്‍ച്ചയായി കേള്‍ക്കുന്ന കാര്യമാണ് ബാസ്റ്റില്‍ ഡേ പരേഡ്. ഈ വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി വിശിഷ്ടാതിഥിയാകുമ്പോള്‍ ചിലര്‍ക്കെങ്കിലും ബാസ്റ്റില്‍ ഡേ പരേഡിനെ കുറിച്ച് അറിയാന്‍ ആഗ്രഹം ഉണ്ടാകാം. എന്താണ് ബാസ്റ്റില്‍ ഡേ പരേഡ്? അതിനെക്കുറിച്ച് കൂടുതൽ അറിയാം.
എല്ലാ വര്‍ഷവും ജൂലൈ 14 ന് ആഘോഷിക്കുന്ന ബാസ്റ്റില്‍ ദിനം ഫ്രാന്‍സിന്റെ ദേശീയ ദിനമാണ്. ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഒരു പ്രധാന സംഭവത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്. അതിനാല്‍ തന്നെ രാജ്യത്ത് ഈ ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗംഭീരമായ സൈനിക പരേഡും കരിമരുന്ന് പ്രയോഗവും ജൂലൈ 14 ന്‍റെ പ്രത്യേകതയാണ്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമടക്കം ധാരാളം സന്ദര്‍ശകര്‍ ഈ പരേഡ് കാണാന്‍ മാത്രമായി എല്ലാ വര്‍ഷവും ഫ്രാന്‍സിലെത്തുന്നു.
ചരിത്രം
ഫ്രഞ്ച് വിപ്ലവം അതിന്‍റെ ഉച്ചസ്ഥായില്‍ നില്‍ക്കുന്ന കാലം. വിപ്ലവം ഒരു കാട്ടുതീ പോലെ ഫ്രാന്‍സ് വ്യാപകമായി പടരുകയായിരുന്നു. കൊലയും കൊള്ളയും തുടര്‍ക്കഥയായ ആ കാലഘട്ടത്തില്‍ കൃത്യമായി പറഞ്ഞാല്‍, 1789 ജൂലൈ 14 ന്, ബാസ്റ്റില്‍ ജയിലിനു നേരെ കനത്ത ആക്രമണം നടന്നു. ഈ ആക്രമണത്തിന്‍റെ ഓര്‍മ്മയാണ് ‘ബാസ്റ്റില്‍ ദിനം’ എന്ന് പറയുന്നത്. കലാപത്തില്‍ രോഷാകുലരായ ജനക്കൂട്ടം ബാസ്റ്റില്‍ ജയിലില്‍ ഇരച്ചുകയറുകയും ചില തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. ഈ സംഭവം ഫ്രഞ്ച് വിപ്ലവത്തിന് ഊര്‍ജ്ജം പകരാന്‍ സഹായിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാരണത്താലാണ് ഫ്രാന്‍സില്‍ ഈ ദിവസം വിപുലമായി ആഘോഷിക്കപ്പെടുന്നത്.
ബാസ്റ്റില്‍ ഡേ സൈനിക പരേഡിന്റെ സവിശേഷത
ഏകദേശം 9,5000 സൈനികര്‍ പങ്കെടുക്കുന്ന വിപുലായ പരേഡാണ് ഇത്. ഇതില്‍ 7,800 സൈനികര്‍ കാല്‍നടയായി പരേഡില്‍ അണിചേരും. ശേഷിക്കുന്ന സൈനികര്‍ വാഹനങ്ങളിലോ കുതിരകളിലോ സൈനിക വിമാനങ്ങളിലോ സഞ്ചരിച്ച് പരേഡിന്‍റെ ഭാഗമാകുന്നു. രാജ്യത്തെ പ്രധാനപൗരന്‍ ഉള്‍പ്പടെയുള്ള വിശിഷ്ടാതിഥികളും പരേഡില്‍ സന്നിഹിതരാകും.
1880 ജൂലൈ 14 ന് പാരീസില്‍ വച്ചായിരുന്നു ആദ്യമായി ബാസ്റ്റില്‍ സൈനിക പരേഡ് സംഘടിപ്പിച്ചത്. ഇതേ തുടര്‍ന്ന് എല്ലാ വര്‍ഷവും ഈ പരേഡ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ എല്ലാ വര്‍ഷവും നടത്താന്‍ തീരുമാനിച്ച പരേഡ് ചരിത്രത്തില്‍ ഇന്നുവരെ രണ്ടു തവണ മാത്രം മുടങ്ങി. ആദ്യം രണ്ടാം ലോക മഹായുദ്ധം കാരണം 1940-1944 വര്‍ഷങ്ങളില്‍ പരേഡ് ഒഴിവാക്കി. പിന്നീട് 2020 ല്‍ കോവിഡിനെ തുടര്‍ന്ന് കരിമരുന്ന് പ്രയോഗം നടത്തിയെങ്കിലും പരേഡ് സംഘടിപ്പിച്ചില്ല. മാത്രമല്ല പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാനും അനുമതി നല്‍കിയിരുന്നില്ല. അതേസമയം കോവിഡ് കാലത്ത് ജീവന്‍ പണയപ്പെടുത്തി സേവനരംഗത്തുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി ഒരു ചെറിയ ചടങ്ങ് സംഘടിപ്പിച്ചു.