ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു. ദ്രൗപതി മുര്‍മുവിന്റെ ജീവിതം, അവരുടെ ആദ്യകാല പോരാട്ടങ്ങള്‍, നിസ്വാർത്ഥമായ സേവനം, അവരുടെ മാതൃകാപരമായ വിജയം എന്നിവ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നവയാണ്. രാജ്യത്തെ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് ദരിദ്രര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നിവരുടെ പ്രതീക്ഷയുടെ കിരണമായിക്കൂടിയാണ് മുര്‍മു ഉയര്‍ന്നുവന്നിട്ടുള്ളത്. ദ്രൗപതി മുര്‍മുവിന്റെ ഈ വിജയത്തോടെ അനേകം ചരിത്രങ്ങള്‍ കൂടിയാണ് പിറക്കുന്നത്. ഒട്ടേറെ പ്രത്യേകതകളുള്ള ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ പ്രഥമ വനിതയെക്കുറിച്ച് ആഴത്തില്‍ അറിയാം…
ആരാണ് ദ്രൗപതി മുര്‍മു
ഒഡിഷയിലെ സന്താള്‍ ഗോത്രവര്‍ഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുര്‍മു. 1958 ജൂണ്‍ 20നാണ് മയൂര്‍ഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തില്‍ ദ്രൗപതി മുര്‍മു ജനിച്ചത്. ബിരാഞ്ചി നാരായണ്‍ തുഡുവാണ് പിതാവ്. സന്താളിയാണ് ഗോത്രത്തിന്റെ ഭാഷ.
ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. 1997 ല്‍ പഞ്ചായത്ത് കൗണ്‍സിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റൈരംഗ്പൂര്‍ നഗർ പഞ്ചായത്തിന്റെ ചെയർപേഴ്‌സണായി. 2013-ല്‍ ഒഡീഷയിലെ പാര്‍ട്ടിയുടെ പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
2000ത്തിലാണ് ദ്രൗപതി മുര്‍മു ഒഡീഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിക്കുന്നത്. റെയ്‌റാങ്പുര്‍ മണ്ഡലത്തില്‍ നിന്നാണ് എംഎല്‍എയായി ജയിച്ചത്. തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എയായി. 2000ത്തില്‍ ആദ്യവട്ടം എംഎല്‍എയായപ്പോള്‍ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-ഗതാഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ല്‍ ഒഡിഷയിലെ ഏറ്റവും മികച്ച എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്‌കാരം). 2013 മുതല്‍ 2015 വരെ എസ്.ടി മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു.
2015ല്‍ ദ്രൗപതിയെ ജാര്‍ഖണ്ഡിന്റെ ഗവര്‍ണറായി നിയമിച്ചു. ജാര്‍ഖണ്ഡില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ ഗവര്‍ണറായി ദ്രൗപതി മുര്‍മു മാറി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന പ്രത്യേകതയും ദ്രൗപതി മുര്‍മുവിന് തന്നെ.
വിദ്യാഭ്യാസം, ഔദ്യോഗിക ജീവിതം
അധ്യാപനത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് രാഷ്ട്രപതി പദത്തിലേക്കും എത്തിയ ജീവിതമാണ് ദ്രൗപതി മുര്‍മുവിന്റേത്. ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളജില്‍ നിന്ന് ബിഎ ജയിച്ചശേഷം ആദ്യം സെക്രട്ടറിയേറ്റില്‍ ജീനിയര്‍ അസിസ്റ്റന്റായും പിന്നീട് റായ്രംഗ്പൂര്‍ ശ്രീ അരബിന്ദോ ഇന്‍ഗ്രല്‍ എജ്യുകേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ അധ്യാപികയുമായി. സയന്‍സ് അധ്യാപികയായിരുന്ന മുര്‍മു കുട്ടികള്‍ക്ക് കൊടുക്കാനായി എല്ലാ ദിവസവും മിഠായികളുമായാണ് സ്‌കൂളില്‍ എത്തിയിരുന്നത്. രാഷ്ട്രീയത്തില്‍ സജീവമായതിന് പിന്നാലെ അധ്യാപനം ഉപേക്ഷിക്കുകയായിരുന്നു. സന്താളി, ഒഡിയ ഭാഷകളില്‍ ജ്ഞാനമുള്ള മുര്‍മു മികച്ച പ്രാസംഗികയുമാണ്.
ലളിതമായ ജീവിതം നയിക്കുന്ന വ്യക്തികൂടിയാണ് മുര്‍മു. എന്നും അതിരാവിലെ എഴുന്നേല്‍ക്കും. കുറച്ചുനേരം ധ്യാനനിരതയാകും. അതിനുശേഷം നടക്കാനിറങ്ങും. അതികഴിഞ്ഞ് യോഗ. ഇങ്ങനെയാണ് ദ്രൗപതി മുര്‍മുവിന്റെ ദിവസം തുടങ്ങുന്നത്.
വ്യക്തിജീവിതത്തിലെ തിരിച്ചടികള്‍
വ്യക്തിജീവിതത്തില്‍ തീവ്രമായ ദുരനുഭവങ്ങളിലൂടെ മുര്‍മുവിന് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. സെക്രട്ടറിയേറ്റില്‍ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു വിവാഹം. ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാംചരണ്‍ ആയിരുന്നു ഭര്‍ത്താവ്. ആദ്യ കുഞ്ഞ് പെട്ടെന്ന് മരിച്ചതായിരുന്നു ആദ്യ സങ്കടം. പിന്നീട് ജോലി രാജിവച്ച് റായ്‌റംഗ്പൂരിലേക്ക് താമസം മാറി. പിന്നീട് 3 മക്കള്‍ കൂടി ജനിച്ചു. രണ്ടാണും ഒരു പെണ്ണും.
ഇതിനിടെ മുര്‍മു അധ്യാപനത്തിലും പൊതുപ്രവര്‍ത്തനത്തിലും സജീവമായി. 2010 ല്‍ ഇരുപത്തഞ്ചുകാരനായ മകന്‍ ലക്ഷ്മണ്‍ അപ്രതീക്ഷിതമായി മരിച്ചു. 2013 ല്‍ ഇളയ മകന്‍ സിപുണ്‍ ബൈക്കപകടത്തില്‍ മരിച്ചു. പിറ്റേവര്‍ഷം ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. പിന്നാലെ അമ്മയേയും സഹോദരനേയും നഷ്ടപ്പെട്ടു.
തന്റെ ജീവിതത്തിലുണ്ടായ പ്രിയപ്പെട്ടവരുടെ മരണത്തെ പറ്റി ദ്രൗപതി ഒരു അഭിമുഖത്തില്‍ നേരത്തെ പറഞ്ഞിരുന്നു. ”ഞാന്‍ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എനിക്ക് എന്റെ രണ്ട് മക്കളെയും എന്റെ ഭര്‍ത്താവിനെയും നഷ്ടപ്പെട്ടു. ഞാന്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയി. പക്ഷേ ജീവിതം തുടരാനുള്ള ശക്തി ദൈവം എനിക്ക് നല്‍കി. ജനങ്ങളെ സേവിക്കുക എന്നാതായിരുന്നു എന്റെ ജീവിതാഭിലാഷം.”
ആറ് വര്‍ഷത്തിനിടെ തുടരെയുണ്ടായ ഈ മരണങ്ങള്‍ക്കുശേഷം ധ്യാനത്തിലും ആത്മീയ കൂട്ടായ്മകളിലും സജീവമായിരുന്നുകൊണ്ടാണ് ദ്രൗപതി മുര്‍മു ആത്മധൈര്യം വീണ്ടെടുത്തത്. മകള്‍ ഇതിശ്രീ ഭുവനേശ്വറില്‍ ബാങ്ക് ജീവനക്കാരിയാണ്.
പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി സ്‌കൂള്‍
അകാലത്തില്‍ വേര്‍പിരിഞ്ഞ മക്കളുടേയും ഭര്‍ത്താവിന്റേയും ഓര്‍മ്മ നിലനിര്‍ത്താന്‍ ദ്രൗപതി സ്വീകരിച്ച മാര്‍ഗമാണ് മയൂര്‍ഭഞ്ച് ജില്ലയിലെ പഹാര്‍പുരിലുള്ള എസ്.എല്‍.എസ്. സ്മാരക ഗോത്രവര്‍ഗവിദ്യാലയം. തിരിച്ചടികള്‍ നിരന്തരമായി ഉണ്ടായപ്പോള്‍ വ്യക്തിദുഖങ്ങളെ അതിജീവിക്കാനാണ് ദ്രൗപതി ഈ സ്‌കൂള്‍ തുടങ്ങിയത്. ബാക്കിയുള്ള ജീവിതത്തില്‍ സമൂഹത്തിന് ഉപകാരമുള്ള രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന തോന്നലും ഇതിലേക്ക് നയിച്ചു. ഭര്‍ത്താവിന്റെ നാടായ പഹാര്‍പുരില്‍ അദ്ദേഹത്തിന് പൈതൃകത്വത്തായി ലഭിച്ച മൂന്നേക്കര്‍ സ്ഥലത്താണ് കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാന്‍ സൗകര്യങ്ങളുള്ള ഒരുവിദ്യാലയം പണിതത്. ഇതിനായി എസ്.എല്‍.എസ് സ്മാരക ട്രസ്റ്റ് ഉണ്ടാക്കി. ഭര്‍ത്താവിന്റേയും ആണ്‍മക്കളുടേയും പേരിന്റെ ആദ്യ അക്ഷരങ്ങളില്‍ നിന്നാണ് എസ്.എല്‍.എസ് എന്ന പേര് സ്വീകരിച്ചത്. 2016 ലാണ് സ്‌കൂളില്‍ അധ്യാപനം തുടങ്ങിയത്.
പ്രത്യേകതകള്‍
- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പദവിയിലേക്ക് പരിഗണിക്കുന്ന ആദ്യ വ്യക്തി
- രാഷ്ട്രപതി ഭവനിലേക്ക് എത്തുന്ന ആദ്യത്തെ ഗോത്രവിഭാഗക്കാരിയായ (സന്താള്‍ ഗോത്രവിഭാഗം) വനിത
- പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമാകാതെ രാഷ്ട്രപതി കസേരയിലെത്തിയ അപൂര്‍വം പേരില്‍ ഒരാള്‍
- ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി
ശക്തമായ പ്രാതിനിധ്യം
മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന ഒരു ജനവിഭാഗത്തിന്റെ ഏറ്റവും ശക്തമായ പ്രാതിനിധ്യമാണ് ദ്രൗപതി മുര്‍മുവിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്നതിനപ്പുറം സാധാരണക്കാരിലെ അസാധാരണ വനിതയെന്ന നിലയിലാണ് മുര്‍മുവിന്റെ വിജയം ഇന്ത്യന്‍ ജനത ഏറ്റെടുത്തിരിക്കുന്നത്.
കീർത്തി ജേക്കബ്