Thursday, November 14, 2024

ജീവിതശൈലിയിൽ മാറ്റം വരുത്താം; പ്രമേഹത്തെ അകറ്റിനിർത്താം

നവംബർ 14 ലോക പ്രമേഹദിനമായാണ് ആചരിച്ചുവരുന്നത്. ജീവിതശൈലിയിലെ പ്രശ്നങ്ങൾ കൊണ്ടും വ്യായാമമില്ലാത്ത അവസ്ഥ കൊണ്ടും ശരിയായ ഭക്ഷണരീതികളിലെ പാളിച്ചകൾ മൂലവും വന്നെത്തുന്ന ഒരു രോഗമാണ് പ്രമേഹം. ഒരുകാലത്ത് വിരലിലെണ്ണാൻമാത്രം ആളുകൾക്കായിരുന്നു പ്രമേഹം ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ഓരോ വർഷവും കോടിക്കണക്കിന് ആളുകളാണ് പ്രമേഹബാധിതരായി മാറുന്നത്. ഇക്കാരണത്താൽ തന്നെ ലോക പ്രമേഹദിനത്തിന്റെ പ്രസക്തിയും ബോധവൽക്കരണത്തിന്റെ ആവശ്യകതയും വർധിച്ചുവരികയാണ്.

ജീവിതശൈലിയിൽ സാധ്യമായ മാറ്റങ്ങൾ വരുത്തിയാൽ നമുക്ക് ഒരു പരിധിവരെ അകറ്റിനിർത്താൻ കഴിയുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. അതിനായി തിരക്കുകൾക്കിടയിലും നമുക്ക് ചെയ്യാൻ കഴിയുന്ന ഏതാനും കാര്യങ്ങൾ ഇതാ.

1. ചിട്ടയായ ഭക്ഷണക്രമം

കിട്ടുന്നതൊക്കെ വലിച്ചുവാരി കഴിക്കുക, അമിതമായി ജങ്ക് ഫുഡ് കഴിക്കുക, പഞ്ചസാരയുടെ ഉപയോഗം ഇവയൊക്കെ പ്രമേഹത്തെ വിളിച്ചുവരുത്തുന്നതാണ്. നിലവിൽ പിന്തുടരുന്ന രീതി ഒറ്റയടിക്ക് മാറ്റാൻ കഴിയില്ലെങ്കിലും പതിയെപ്പതിയെ ഇവയെ നിയന്ത്രണത്തിലാക്കുന്നത് പ്രമേഹത്തെ തടയാൻ നമ്മെ സഹായിക്കും. ജ്യൂസുകൾ, മധുരമടങ്ങിയ സോഡ, ചായ മുതലായ പാനീയങ്ങൾ പരമാവധി ഒഴിവാക്കുക; പകരം ശുദ്ധമായ ജലം പരമാവധി കുടിക്കുക.

2. അരിഭക്ഷണം കുറയ്ക്കാം

അരിഭക്ഷണങ്ങളുടെ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത് പ്രമേഹത്തെ ഒരു പരിധിവരെ തടയുന്ന ഒന്നാണ്. ഇതിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലെ കാർബോ ഹൈഡ്രേറ്റ് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കൂട്ടുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അരിഭക്ഷണത്തിനു പകരം മില്ലറ്റുകളുടെ ഉപയോഗം പതിവാക്കിയാൽ പ്രശ്നക്കാരനായ പ്രമേഹത്തെ ഒരു പരിധിവരെ നമുക്ക് തടഞ്ഞുനിർത്താൻ സാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

3. നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ശീലമാക്കാം

ഫൈബർ അടങ്ങിയ പച്ചക്കറികൾ, പയർവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒരു ശീലമാക്കുക. അത് ദഹനത്തെ എളുപ്പമാക്കുകയും പ്രമേഹത്തെ അകറ്റിനിർത്തുകയും ചെയ്യും.

4. വ്യായാമം ശീലമാക്കാം 

ചിട്ടയായ ജീവിതത്തിനൊപ്പം പ്രമേഹത്തെ അകറ്റിനിർത്താൻ വ്യായാമം കൂടിയേ തീരൂ. ദിവസവും അര മണിക്കൂറെങ്കിലും നടക്കാൻ ശ്രമിക്കണം. പുഷ്-അപ്പ്, ചെറിയ വെയ്റ്റ് ലിഫ്റ്റ് തുടങ്ങിയ പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങൾ ചെയ്യാനും ശ്രമിക്കാം. ഇരുന്ന് ജോലിചെയ്യുന്നവർ ഇടയ്ക്കിടെ എഴുന്നേറ്റ് അൽപനേരം നടക്കുന്നത് നല്ലതാണ്; ഒപ്പം ശരീരഭാരം നിയന്ത്രിക്കുകയും വേണം.

5. നല്ല ഉറക്കം ശീലമാക്കാം

നന്നായി ഉറങ്ങുന്നത് ഒരു പരിധിവരെ അസുഖങ്ങളെ അകറ്റിനിർത്തുകയും നല്ല മാനസികാരോഗ്യം പകരുകയും ചെയ്യുന്നു. കൂടാതെ, ഉറക്കം നഷ്ടപ്പെടുന്നത് ഇൻസുലിന്റെ സാന്നിധ്യത്തെ കൂട്ടാൻ കാരണമാകും. കൃത്യസമയത്തുള്ള ഉറക്കവും കൃത്യമായ സമയത്ത് എഴുന്നേൽക്കുന്നതും നമ്മുടെ ആരോഗ്യത്തിനു മികച്ചതാണ്. ഉറങ്ങാൻ കിടക്കുന്നതിന് അരമണിക്കൂർ മുൻപെങ്കിലും മൊബൈൽ, ടിവി തുടങ്ങിയവ ഒഴിവാക്കുന്നത് ഉറക്കത്തിൽ കൃത്യത പാലിക്കാൻ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News