
കാലടി പാലത്തിലെ കുരുക്കിൽ പെട്ടുപോയ ഒരു ഇക്കണോമിക്സ് അധ്യാ പികയുടെ കുറിപ്പ്.
ലൈഫിൽ മുഴുവനും അപ്ലിക്കേഷൻസ് ഓഫ് ഇക്കണോമിക്സ്! നിരനിരയായ വാഹനങ്ങൾ, മറ്റ് രാജ്യങ്ങളിൽ അംബരചുംബികളായ കെട്ടിടങ്ങൾ ആണെങ്കിൽ ഈ നാട്ടിൽ പരസ്പരം തൊട്ടുരുമ്മുന്ന വാഹനങ്ങൾ.
മറ്റ് ലോക രാജ്യങ്ങളിൽ ഒന്നുംതന്നെ കാണാൻ കഴിയാത്ത അത്യപൂർവുമായ കാഴ്ച്ചയാണ് എനിക്കിവിടെ കാണാൻ കഴിയുന്നത്.15 മിനിറ്റിനുള്ളിൽ എത്താൻ കഴിയുന്നിടത്ത് രണ്ട് മണിക്കൂർ എടുത്ത് എത്തിചേരാൻ കഴിയുക.
പെരിയാറിന്റെ ഇരുവശത്തും നിന്ന് വീശുന്ന കുളിർ കാറ്റ്. വളരെ മനോഹരമായ ജാം, ഇഴയുന്ന വാഹനങ്ങൾ കാണുമ്പോൾ ആഫ്രിക്കൻ ഒച്ചുകളെ ഓർമ്മവന്നു. തൊട്ടുതൊട്ടില്ലാ എന്ന് തോന്നിക്കും പോലെ മുട്ടി ഉരുമി പോകുന്ന വാഹനങ്ങൾ. അങ്ങോട്ടും ഇങ്ങോട്ടും കടന്നുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ പരസ്പരം ഉച്ചത്തിലും പതുക്കെയും എന്തൊക്കെയാ മന്ത്രിക്കുന്നത് കേൾക്കാം, കാതോർക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നും.
ഈ പാലത്തിൽ കാണുന്നൊരു നൻമ എന്തെന്നാൽ പാവം സെലേരിയോയോയും പണക്കാരായ ഓഡി്യും അതിലും മുന്തിയ ഇനം വാഹനങ്ങളും പരസ്പരം മന്ത്രിച്ചും തൊട്ടുരുമ്മിയും കടന്നുപോകുന്നു. എല്ലാവരും സമന്മാർ, ക്ഷമാശീലർ. സമാധാനത്തിനും ക്ഷമക്കും ഒരു അവാർഡ് ഏർപ്പെടുത്തുകയാണെങ്കിൽ കാലടി പാലം അങ്ങോട്ടും ഇങ്ങോട്ടും കടക്കുന്ന പാവം ഞങ്ങൾക്ക് കിട്ടിയേനെ!
പ്രൈവറ്റ് ബസ്സുകൾ പലതും ട്രിപ്പ് റദാക്കി എന്ന തിരിച്ചറിവിൽ സഹപ്രവർത്തകയ്ക്ക് ഒപ്പം ചീറി പാഞ്ഞ് വന്ന ആനവണ്ടിയുടെ സ്വിഫ്റ്റ് ബസിനു കൈ കാണിച്ചു അതിൽ കേറി ഞങ്ങൾ. കാലടി പാലത്തിനു മുകളിൽ ദിവസവും രാവിലെയും വൈകിട്ടും മണിക്കൂറുകൾ ബ്ലോക്കിൽ കിടക്കുന്ന ഓർമയിൽ ഒത്തൊരുമിച്ചു രചിച്ച ഈരടികൾ ഇതാ:
പെരിയാറിൻ മേലെ ശ്രീ ശങ്കര പാലമുണ്ടല്ലോ
പാലത്തിൻ മേലേ ബ്ലോക്ക് ഉണ്ടല്ലോ
ആ ബ്ലോക്കിൽ എന്നും ഞങ്ങളുണ്ടല്ലോ
ഞങ്ങൾക്ക് വേണ്ടത്ര ക്ഷമയുണ്ടല്ലോ
അത്താഴ നേരത്ത് വീട്ടിൽ എത്താലോ
ഇഴഞ്ഞുനീങ്ങും ബസിൽ ഇരുന്ന് നിറമുള്ള
സ്വപ്‌നങ്ങൾ നെയ്യാമല്ലോ
നെയ്ത സ്വപ്നങ്ങൾ വിൽക്കാമല്ലോ
ഇനി അൽപ്പം പോസിറ്റീവ് ആയി ചിന്തിച്ചാലോ!
ബ്ലോക്ക് ഉണ്ടാകുമ്പോഴുള്ള നെഗറ്റീവ് വിട്ട് പോസിറ്റീവ് മാത്രം
ബി പോസിറ്റീവ്!
ക്രിയേറ്റിവിറ്റി കൂട്ടാം, ബ്ലോക്കിൽ ചെയ്യാൻ പറ്റുന്ന ബിസിനസ്സിനെ പറ്റി ചിന്തിക്കാം, കുടുങ്ങി കിടക്കുന്നവർക്ക് ചൂടുള്ള കടലവിറ്റ് ബിസിനസ്സിന്റെ ബാലപാഠങ്ങൾ പഠിക്കാം, നിരത്തിൽ ഓടുന്ന വാഹനങ്ങളുടെ സ്ഥിരവിവര പട്ടിക തയ്യാറാക്കാം, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വന്നിട്ടുള്ള മാറ്റങ്ങൾ വിലയിരുത്താം, ഒപ്പം പഴയ പാലത്തിന്റെയും.
പിന്നെ പിന്നെ വീണ്ടും വീണ്ടും ന്യൂജെൻ ബ്ലോക്കുകൾക്ക് സാക്ഷിയാവാൻ പോകുന്ന പുത്തൻ പാലത്തെ നോക്കി സായൂജ്യമടയാം. കാലത്തിന്റെ നടുവേ ഓടാൻ ശ്രമിച്ചു നടുവൊടിഞ്ഞ സാധാരണക്കാരെയും കാണാം. ചുറ്റുമുള്ളവരെ നിരീക്ഷിച്ച് സൈക്കോളജി പഠിക്കാം. പ്രളയകാല ഓർമ്മകൾ അയവിറക്കി പുഴയിലേക്ക് നോക്കി ഇരിക്കാം. വിരസതകളെ സരസമാക്കുന്ന ക്ഷമാശീലരായ മീൻപിടുത്തക്കാരെ കാണാം.
മനസ്സിൽ നന്മയും ശുഭചിന്തകളും കുത്തിനിറച്ചു ഞങ്ങളോടൊപ്പം ബ്ലോക്കിൽ പെട്ട യാത്രക്കാർ ഐക്യകണ്ഠേന ഒരാവശ്യംതന്നെ പ്രപഞ്ച ശക്തികളോടുന്നയിച്ചു. “ഈശ്വരാ ഈ കാലടി കുരുക്കൊന്ന് ശരിയാക്കണേ”.
വിദ്യാ എം. കെ

