Wednesday, November 27, 2024

നഷ്ടപ്പെട്ടെന്നു കരുതി; 900 മൈൽ യാത്ര ചെയ്ത് തിരികെ വീട്ടിലെത്തി വളർത്തുപൂച്ച

കടൽത്തീരങ്ങളിലും തടാകങ്ങളിലുമൊക്കെ യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു വളർത്തുപൂച്ചയാണ് റെയിൻബോ. റെയിൻബോ എന്നാണ് പേരെങ്കിലും ചാരനിറമായിരുന്നു അവനുണ്ടായിരുന്നത്. എങ്കിലും സ്വന്തം വീടിനെ ലക്ഷ്യമാക്കി മൈലുകൾ താണ്ടിയുള്ള അവന്റെ യാത്ര കൗതുകത്തിന്റെ മഴവില്ലായിരുന്നു ഏവർക്കും സമ്മാനിച്ചത്. കാലിഫോർണിയൻ ദമ്പതികളുടെ പ്രിയപ്പെട്ട വളർത്തുപൂച്ചയെ ഒരു ക്യാമ്പിങ്ങിനിടയിൽ നഷ്ടപ്പെടുകയും പിന്നീട് രണ്ടു മാസങ്ങൾക്കുശേഷം അവൻ തനിയെ വീട്ടിൽ തിരികെയെത്തുകയും ചെയ്തു.

ഒരു വേനൽക്കാല ക്യാമ്പിംഗ് യാത്രയ്ക്കിടെ അമേരിക്കയിലെ വ്യോമിംഗിനടുത്തു സ്ഥിതിചെയ്യുന്ന യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് എന്ന വനപ്രദേശത്തുവച്ചാണ് ബെന്നി – സൂസൻ ദമ്പതികൾക്ക് റെയിൻബോയെ നഷ്ടപ്പെടുന്നത്. വനത്തിലെ ക്യാമ്പിങ്ങിൽ തങ്ങളുടെ രണ്ടു വളർത്തുപൂച്ചകളുമായാണ് ജൂൺ നാലിന് അവർ എത്തിച്ചേർന്നത്. വിശാലമായ വനപ്രദേശം കണ്ടതിനാലാകണം റെയിൻബോ അടുത്തുള്ള മരങ്ങളിലെല്ലാം ഓടിക്കയറി. കളിക്കാൻ പോയ പൂച്ച തിരികെവരാൻ വൈകിയപ്പോഴാണ് ബെന്നിയും സൂസനും റെയിൻബോയെ നഷ്ടപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്.

അവന്റെ പ്രിയപ്പെട്ട പലഹാരങ്ങളും കളിപ്പാട്ടങ്ങളുമെല്ലാം നിരത്തിവച്ച് ദമ്പതികൾ നാലുദിവസം അവനെ തെരഞ്ഞു. ഒടുവിൽ ജൂൺ എട്ടിന് കാലിഫോർണിയയിലെ സലീനാസിലേക്കു തിരികെപ്പോകാൻ അവർ നിർബന്ധിതരായി. വേദനയോടെയാണെങ്കിലും അവനെ കണ്ടെത്തുമെന്ന പ്രതീക്ഷ നഷ്ടപ്പെടാതെയായിരുന്നു അവർ മടങ്ങിയത്.

“തിരികെയുള്ള യാത്രയിൽ ഞങ്ങൾ നെവാഡ മരുഭൂമിയിലേക്കു പ്രവേശിക്കുകയായിരുന്നു. പെട്ടെന്ന് ഒരു ഇരട്ട മഴവില്ല് അവിടെ കണ്ടു. ഞാൻ അതിന്റെ ഒരു ചിത്രമെടുത്തു. അതൊരു അടയാളമാണെന്നു ഞാൻ കരുതി. അവൻ തിരികെവരുമെന്നതിന്റെ അടയാളമായി ഞങ്ങൾ അത് വിശ്വസിച്ചു” – സൂസൻ പറഞ്ഞു.

ആഗസ്റ്റിൽ, യെല്ലോസ്റ്റോണിൽ നിന്ന് ഏകദേശം 900 മൈൽ (1,448 കിലോമീറ്റർ) അകലെ കാലിഫോർണിയയിലെ റോസ്‌വില്ലെയിലെ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസിൽ തങ്ങളുടെ പൂച്ചയുണ്ടെന്ന് ഒരു മൈക്രോചിപ്പ് കമ്പനിയിൽനിന്നും ഒരു സന്ദേശം ഈ ദമ്പതികൾക്കു ലഭിച്ചു. റെയിൻബോ ഉണ്ടായിരുന്നത് സലീനാസിലെ വീട്ടിൽനിന്ന് ഏകദേശം 200 മൈൽ (322 കിലോമീറ്റർ) മാത്രം അകലെയായിരുന്നു.

വടക്കൻ കാലിഫോർണിയ നഗരത്തിലെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന റെയ്ൻബോയെ ആദ്യം കണ്ടെത്തിയത് ഒരു സ്ത്രീയായിരുന്നു. ശേഷം അവർ അതിന് ഭക്ഷണവും വെള്ളവും നൽകി വളർത്തുമൃഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയ്ക്കു കൈമാറുകയായിരുന്നു.

അടുത്ത ദിവസം, ബെന്നി – സൂസൻ ദമ്പതികൾ റോസ്‌വില്ലെയിലേക്കു പോകുകയും നഷ്ടപ്പെട്ടെന്നു തങ്ങൾ കരുതിയ പൂച്ചയെ തിരികെ കൊണ്ടുവരികയും ചെയ്തു. “റെയിൻബോ കുറച്ചധികം യാത്ര ചെയ്തിട്ടുണ്ട്. അവന്റെ കൈകാലുകളിൽ ശരിക്കും നടന്നുമടുത്തതിന്റെ സൂചനകൾ കാണാം. അപര്യാപ്തമായ പോഷകാഹാരം കാരണം ശരീരഭാരത്തിന്റെ 40% നഷ്ടപ്പെട്ടു, പ്രോട്ടീന്റെ അളവ് വളരെ കുറവായിരുന്നു” – സൂസൻ പറയുന്നു.

തങ്ങളുടെ പൂച്ച എങ്ങനെയാണ് റോസ്‌വില്ലിൽ എത്തിയതെന്ന് ദമ്പതികൾക്ക് ഇപ്പോഴും അറിയില്ല. പക്ഷേ അവൻ വീട്ടിലേക്കെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അവർ വിശ്വസിക്കുന്നു. തങ്ങളുടെ പൂച്ചകളെ മൈക്രോ ചിപ്പ് ചെയ്യുന്നതിനുപുറമെ, ഇപ്പോൾ അവയിൽ രണ്ടെണ്ണത്തിൽ എയർ ടാഗുകളും റെയ്ൻബോയ്ക്ക് ജി. പി. എസ്. ഗ്ലോബൽ ട്രാക്കറും ഘടിപ്പിച്ചിട്ടുണ്ടെന്ന് ബെന്നി പറഞ്ഞു.

Latest News