Sunday, November 24, 2024

ആഡംബര പെര്‍ഫ്യൂമുകള്‍ക്ക് പിന്നില്‍ ബാലവേല; ഈജിപ്തില്‍ നിന്ന് ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ട്

മുല്ലപ്പൂ മണമുള്ള പെര്‍ഫ്യൂമുകള്‍ക്ക് ആഗോളതലത്തില്‍ വന്‍ ഡിമാന്റാണ്. പെര്‍ഫ്യൂമുകളിലെ ഒരു പ്രധാന ഘടകമാണ് മുല്ലപ്പൂ. ലോകത്തിലെ മുല്ലപ്പൂവിന്റെ പകുതിയോളം ഈജിപ്തിലാണ് ഉത്പാദിപ്പിക്കുന്നത്. ലാങ്കോം, എറിന്‍ ബ്യൂട്ടി എന്നിവയുടെ ജാസ്മിന്‍ പെര്‍ഫ്യൂമുകളില്‍ ഉപയോഗിക്കുന്ന ജാസ്മിന്‍ പൂക്കളും ഈജിപ്തില്‍ നിന്നാണ് വരുന്നത്. എന്നാല്‍ ആഡംബര ബ്രാന്‍ഡുകള്‍ വലിയ വിലയില്‍ വില്‍ക്കുന്ന ഈ പെര്‍ഫ്യൂമുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ മുല്ലപ്പൂവിന്റെ മനംമയക്കുന്ന മണം മാത്രമല്ല ഉള്ളത്. ഈജിപ്തിലെ കുട്ടികളുടെ വിയര്‍പ്പുമുണ്ട്.

പെര്‍ഫ്യൂമുകള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന വ്യവസായ ശാലകളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തൊഴിലാളികളായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ അന്താരാഷ്ട്ര മാധ്യമമായ ബിബിസിയാണ് പുറത്തുവിട്ടത്. കഴിഞ്ഞ വേനല്‍ക്കാലത്ത് പെര്‍ഫ്യൂം വിതരണ ശൃംഖലയെക്കുറിച്ചുള്ള ബിബിസി അന്വേഷണ റിപ്പോര്‍ട്ടിലാണ് ബാലവേലയെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

ഈജിപ്തിലെ മുല്ലപ്പൂ വ്യവസായത്തില്‍ 30,000 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ തോട്ടങ്ങളില്‍ മുല്ലപ്പൂ പറിക്കാന്‍ 15 വയസ്സില്‍ താഴെയുള്ള നിരവധി കുട്ടികളെ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈജിപ്തിലെ മുല്ലപ്പൂ തോട്ടങ്ങളുടെ ഹൃദയഭാഗമായ ഗാര്‍ബിയ ജില്ലയിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന ഹിബ എന്ന സ്ത്രീയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ബിബിസിയുടെ ലേഖനം.

ചെറിയ കൃഷിയിടത്തിലാണ് ഹിബയും കുടുംബവും ജോലി ചെയ്യുന്നത്. പുലര്‍ച്ചെ മൂന്ന് മണിക്ക് ഹിബ തന്റെ നാല് മക്കളെ വിളിച്ചുണര്‍ത്തുമായിരുന്നു. സൂര്യന്റെ ചൂടില്‍ പൂക്കള്‍ നശിക്കുന്നതിനുമുമ്പ് അവ പറിച്ചെടുക്കണം. ഹിബയുടെ മക്കള്‍ 5 നും 15 നും ഇടയില്‍ പ്രായമുള്ളവരാണ്. മുഴുവന്‍ കുടുംബത്തിനും എത്ര പൂക്കള്‍ എടുക്കാന്‍ കഴിയുമോ അത്രയധികം അവര്‍ക്ക് അന്ന് സമ്പാദിക്കാം. കൂലിയുടെ മൂന്നിലൊന്ന് ഭൂവുടമയ്ക്ക് നല്‍കണം.

ഒന്നര കിലോ മുല്ലപ്പൂ പറിച്ച നാളുകളിലും ഹിബയ്ക്ക് ലഭിച്ചത് 125 രൂപ മാത്രം. ഈജിപ്തിലെ പണപ്പെരുപ്പം എക്കാലത്തെയും ഉയര്‍ന്ന നിലയിലായതോടെ, മുല്ലപ്പൂ പെറുക്കുന്ന ഹിബയെപ്പോലുള്ളവര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. ഈജിപ്തില്‍ 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ വൈകുന്നേരം 7 മണി മുതല്‍ രാവിലെ 7 മണി വരെ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. എന്നിരുന്നാലും, മിക്ക മുല്ലത്തോട്ടങ്ങളിലും കുഞ്ഞുങ്ങളെ കാണാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മുല്ലപ്പൂ എടുത്ത് തൂക്കിക്കഴിഞ്ഞാല്‍, പൂക്കളില്‍ നിന്ന് എണ്ണ വേര്‍തിരിച്ചെടുക്കുന്ന നിരവധി പ്രാദേശിക ഫാക്ടറികളിലൊന്നിലേക്ക് അത് മാറ്റുന്നു. ഹീബയെപ്പോലുള്ളവര്‍ പറിച്ചെടുക്കുന്ന മുല്ലപ്പൂവിന് ഓരോ വര്‍ഷവും വില നിശ്ചയിക്കുന്നത് ഫാക്ടറികളാണ്. ശേഷം അവ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ഗിവാഡാന്‍ പോലുള്ള പെര്‍ഫ്യൂം കമ്പനികളിലേക്ക് പോകും.

അവര്‍ യഥാര്‍ത്ഥത്തില്‍ കൊയ്ത്തുകാരുടെ ശമ്പളമോ കൂലിയോ മുല്ലപ്പൂവിന്റെ യഥാര്‍ത്ഥ വിലയോ നിയന്ത്രിക്കുന്നില്ല. എന്നാല്‍ എല്ലാറ്റിലും അവരുടെ സ്വാധീനമുണ്ട്. അവര്‍ നിശ്ചയിച്ച ബജറ്റ് അനുസരിച്ച് തൊഴിലാളികളുടെ ശമ്പളം കുറയുന്നു. ആഡംബര ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള കമ്പനികള്‍ തുച്ഛമായ തുകയാണ് നല്‍കുന്നതെന്നതിനാല്‍ മുല്ലപ്പൂ പറിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വളരെ തുച്ഛമായ പ്രതിഫലമാണ് ലഭിക്കുന്നതെന്ന് ഈ രംഗത്തെ പ്രമുഖര്‍ പറയുന്നു.

Latest News