Friday, January 31, 2025

ഏഴു വർഷം; 48,000 കിലോമീറ്റർ: ടോം എന്ന സഞ്ചാരിയുടെ ഉലകം ചുറ്റും യാത്ര

”ഈ യാത്രയുടെ അവസാനം എങ്ങനെ ആയിരിക്കുമെന്ന് ഞാൻ എന്നും ആലോചിച്ചിരുന്നു. തികച്ചും സ്വപ്നതുല്യമായ നിമിഷമായിരുന്നു അത്” – ടോം ടർസിച്ച് എന്ന യുവാവിന്റെ വാക്കുകളാണ് ഇത്. ഏഴു വർഷങ്ങൾ; 48,000 കിലോമീറ്റർ. ലോകം കാൽനടയായി ചുറ്റിസഞ്ചരിച്ച പത്താമൻ എന്ന ബഹുമതി, ഈ ചെറുപ്പക്കാരൻ സ്വന്തക്കിയപ്പോൾ കീഴടക്കിയതാണ് ഈ കാലയളവും ദൂരപരിധിയും. ഇനി ടോം മാത്രമല്ല, ഈ യാത്രയിലുടനീളം ടോമിനെ അനുഗമിച്ച മറ്റൊരാൾ കൂടിയുണ്ട്; വളർത്തുനായ സവാന്ന. ടോമിനൊപ്പം നടന്ന് ലോകം ചുറ്റിയ ആദ്യ നായ എന്ന ബഹുമതി സവാന്നയും നേടി.

ടോമിന്റെ ദീർഘകാല സുഹൃത്തായിരുന്നു ആൻ മേരി. 2006- ൽ ഒരു വിമാനപകടത്തിൽ ആൻ മരിച്ചതോടെ ടോം മാനസികമായി തളർന്നു. ആ തളർച്ചയിൽ നിന്നും രക്ഷപെടാനാണ് ടോം സഞ്ചാരിയുടെ കുപ്പായമണിഞ്ഞത്. ഈ സമയത്താണ്, മുൻപ് വായനകളിലൂടെ പരിചയപ്പെട്ട സ്റ്റീവൻ ന്യൂമാൻ, കാൾ ബുഷ്‌ബി എന്നീ കാൽനട സഞ്ചാരികളുടെ ജീവിതം ടോമിന് പ്രചോദനം നൽകുന്നത്. അങ്ങനെ, കാൽനടയായി ലോകം ചുറ്റണമെന്ന ആഗ്രഹം ടോമിന്റെ മനസിൽ കുടിയേറി. പക്ഷേ, അതിനുള്ള പണം കണ്ടെത്തണം. അതിനായി കോളേജിൽ പഠിസിച്ചിരുന്ന സമയത്തു തന്നെ, വേനൽക്കാലങ്ങളിൽ ജോലി ചെയ്തുകൊണ്ട് ആവശ്യമായ തുക ടോം കണ്ടെത്തി. കൂടാതെ, അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ച് കേട്ടറിഞ്ഞ ഫിലാഡൽഫിയ സൈൻ എന്ന പ്രാദേശിക കമ്പനി കുറച്ചു തുക സ്പോൺസർ ചെയ്യുകയും ചെയ്തു. അങ്ങനെ കാൽനട യാത്രക്കായുള്ള സാമ്പത്തിക പിൻബലം ടോമിന് ഉറപ്പിക്കാൻ കഴിഞ്ഞു. എങ്കിലും തീരുമാനമെടുത്ത് ഏകദേശം ഒമ്പതു വർഷങ്ങൾക്കു ശേഷമാണ് ടോം നടത്തം ആരംഭിക്കുന്നത്. അങ്ങനെ 2015 ഏപ്രിൽ 2- ന്, തന്റെ 26-ാം ജന്മദിനത്തിനു തൊട്ടുമുമ്പ് കാൽനടയായി ലോകം കാണാനുള്ള യാത്ര അദ്ദേഹം ആരംഭിച്ചു.

ഹൈക്കിംഗ് ഗിയർ, സ്ലീപ്പിംഗ് ബാഗ്, ലാപ്‌ടോപ്പ്, DSLR ക്യാമറ, പ്ലാസ്റ്റിക് ക്രാറ്റ് എന്നിവയും കൊണ്ടാണ് ടോം യാത്ര തുടങ്ങിയത്. യാത്രയുടെ ആദ്യഘട്ടത്തിൽ ന്യൂജേഴ്‌സിയിൽ നിന്ന് പനാമയിലേക്കായിരുന്നു നടന്നുതുടങ്ങിയത്. നടത്തം തുടങ്ങി ഏകദേശം നാലു മാസങ്ങൾക്കു ശേഷമാണ് സവാന്ന ടോമിനൊപ്പം ചേരുന്നത്. ടെക്സസിലെ ഓസ്റ്റിനിലെലുള്ള ഒരു മൃഗസംരക്ഷണകേന്ദ്രത്തിൽ നിന്നാണ് സവാന്നയെ തന്റെ കൂട്ടാളിയായി ടോം കൂട്ടൂന്നത്. പിന്നീടുള്ള യാത്രയിൽ ടോമിന് കൂട്ടായി സവാന്നയും ഉണ്ടായിരുന്നു.

യാത്ര തുടങ്ങി രണ്ടാം വർഷത്തിൽ ഭൂരിഭാഗവും കൊളംബിയയിലെ ബൊഗോട്ടയിൽ നിന്ന് ഉറുഗ്വേയിലെ മോണ്ടെവീഡിയോയിലേക്ക് നടന്നു. അവിടെ നിന്ന് ബോട്ടിലാണ് ഇരുവരും അന്റാർട്ടിക്കയിലേക്ക് പോയത്. യാത്രക്കിടയിൽ പല പ്രതിസന്ധികളും ഇവർക്ക് നേരിടേണ്ടിവന്നു. അതിനിടെ ഒരിക്കൽ ടോം രോഗബാധിതനായി വീണു. രക്തത്തിൽ ബാധിച്ച അണുബാധയിൽ നിന്ന് കരകയറാൻ മാസങ്ങളെടുത്തു. കൂടാതെ, മുന്നോട്ടുള്ള യാത്രയിൽ വില്ലനായി കോവിഡും പിടികൂടി. അവയെ ഒക്കെയും അതിജീവിച്ചുകൊണ്ട് ഇരുവരും നടത്തം തുടർന്നു.

ഈ ഏഴു വർഷങ്ങൾ വേറിട്ട അനുഭവങ്ങളായിരുന്നു ടോമിന് സമ്മാനിച്ചത്. രസകരമായതും അതുപോലെ തന്നെ ഭീതിജനകമായ സന്ദർഭങ്ങളിലൂടെയും അദ്ദേഹത്തിന് കടന്നുപോകേണ്ടി വന്നു. എങ്കിലും അവയൊക്കെ യാത്രാനുഭവങ്ങളുടെ ഓർമ്മപ്പുസ്തകത്തിൽ സ്വർണ്ണലിപികളിൽ എഴുതിച്ചേർക്കുകയാണ് ടോം എന്ന ഈ യുവാവ്.

2022 മെയ് 21- നാണ് ടോമിനെ, ലോകം മുഴുവൻ നടന്നുകണ്ട വ്യക്തികളിൽ പത്താമനായി പ്രഖ്യാപിച്ചത്. തിരികെ സ്വന്തം നാട്ടിൽ എത്തിയപ്പോൾ ടോമിനെ കാത്തിരുന്നത് ഗംഭീരസ്വീകരണമായിരുന്നു. എല്ലാവരുടെയും മുന്നിൽ ഒരു സഞ്ചാരിയുടെ പരിവേഷം കെട്ടാൻ ടോം തയ്യാറല്ല. കടന്നുപോയ ഏഴു വർഷങ്ങൾ സമ്മാനിച്ച അനുഭവങ്ങളും ഓർമ്മകളും നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് അടുത്ത യാത്രകളെ സ്വപ്നം കാണുകയാണ് ടോം.

Latest News