മണിപ്പൂർ കലാപത്തിൽ ഇരകളായി മാറുന്ന ക്രൈസ്തവർ സഹായത്തിനായി കേഴുന്നു. മെയ്തേയ് ഗോത്രത്തിലെ അംഗങ്ങൾ ‘നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും പാസ്റ്റർമാരെയും സിവിൽ സർവ്വീസുകാരെയും പോലും കൊല്ലുന്നു എന്നും തങ്ങൾക്ക് സഹായം ആവശ്യമാണെന്നും’ സുരക്ഷാകാരണങ്ങളാൽ പേര് വെളിപ്പെടുത്താൻ കഴിയാത്ത ക്രൈസ്തവനേതാക്കൾ വ്യക്തമാക്കി.
കുക്കി, സോ ഗോത്രങ്ങളെ ഇല്ലാതാക്കാൻ മെയ്തേയ് സമൂഹം ശ്രമിക്കുകയാണെന്നും അക്രമം തടയാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, അക്രമാസക്തരായ ഹിന്ദു ഗോത്രവർഗ്ഗക്കാർക്കൊപ്പം സർക്കാർ നിലകൊള്ളുകയും ചെയ്യുന്നു എന്ന് മണിപ്പൂർ സ്വദേശിയായ നേതാവ് ആരോപിച്ചു. “സംസ്ഥാന പോലീസും മെയ്തേയ് സൈന്യവും ക്രൈസ്തവരെ കൊല്ലാനും സ്ത്രീകളെ ബലാത്സംഗം ചെയ്യാനും ശ്രമിക്കുന്നു. ന്യൂനപക്ഷ കുക്കികളെ നശിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇവിടെ ക്രിസ്ത്യൻ സമൂഹം വംശീയ ഉന്മൂലനവും വംശഹത്യയും അനുഭവിക്കുന്നു. മണിപ്പൂർ സ്റ്റേറ്റ് പോലീസും ഇന്ത്യൻ ആർമിയും ചേർന്ന് പള്ളികളും ഗ്രാമങ്ങളും അഗ്നിക്കിരയാക്കുകയാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘർഷത്തിൽ കുറഞ്ഞത് 147 ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും 220 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ, 58 പേർ കൂടി കൊല്ലപ്പെട്ടു എങ്കിലും ആ മരണങ്ങൾക്ക് ഔദ്യോഗികമായ കണക്കുകളോ, തെളിവുകളോ ഇല്ലെന്നും ക്രിസ്ത്യൻ നേതാവ് ചൂണ്ടിക്കാട്ടുന്നു. സംഘർഷത്തിൽ 170 ഗ്രാമങ്ങൾ അഗ്നിക്കിരയായി. 4,581 വീടുകളും 93 ക്രിസ്ത്യൻ ഓഫീസുകളും സംഘർഷത്തിൽ നശിപ്പിക്കപ്പെട്ടു. ജൂൺ 6-ന് സോമി സ്റ്റുഡന്റ്സ് ഫെഡറേഷൻ അയച്ച കത്തിൽ, 317 പള്ളികൾ അഗ്നിക്കിരയാക്കിയെന്നും അക്രമത്തിൽ 1,00,000 ആളുകൾ ഭവനരഹിതരായെന്നും അവരിൽ ഭൂരിഭാഗവും ഇപ്പോൾ കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികൾ അധിവസിക്കുന്ന കേന്ദ്രങ്ങളിലുമാണ് താമസിക്കുന്നതെന്നും വ്യക്തമാക്കുന്നു.
മണിപ്പൂർ നേതാവിന്റെ അഭിപ്രായത്തിൽ, ഫെഡറൽ സർക്കാർ ഒന്നും ചെയ്തിട്ടില്ല. ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഭാരതീയ ജനതാ പാർട്ടിയാണ് ഫെഡറൽ ഗവൺമെന്റിൽ ആധിപത്യം പുലർത്തുന്നത്. ഇന്ത്യ ഹിന്ദുക്കൾക്കുള്ളതാണ് എന്നതായിരുന്നു ഈ സംഘടനയുടെ മുദ്രാവാക്യം.