കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ അതീവ മാരകമായ മാർബർഗ് വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആഫ്രിക്കൻ വൻകരയിലെ പരമോന്നത പൊതുജനാരോഗ്യ ഏജൻസിയായ ‘ആഫ്രിക്ക സിഡിസി’ അറിയിച്ചു. രാജ്യത്ത് നിലവിലുള്ള എബോള രോഗബാധയുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങൾക്കിടയിലാണ് ഈ ഒറ്റപ്പെട്ട മാർബർഗ് കേസ് കണ്ടെത്തിയത്. രോഗബാധയെത്തുടർന്ന് പടിഞ്ഞാറൻ ഉഗാണ്ടയിലെ ക്യഗേഗ്വ (Kyegegwa) ജില്ലയിൽ ഒന്നര വയസ്സുള്ള ഒരു കുട്ടി മരണപ്പെട്ടു.
നിലവിൽ ഉഗാണ്ടയിൽ മറ്റ് സജീവമായ മാർബർഗ് കേസുകളില്ലെന്നും രോഗബാധിതനുമായി സമ്പർക്കത്തിൽ വന്ന ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ലെന്നും ആഫ്രിക്ക സിഡിസി വക്താവ് ശരൺ കോലി വ്യക്തമാക്കി. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങളിൽ ഉഗാണ്ടൻ സർക്കാരിന് എല്ലാവിധ പിന്തുണയും നൽകാൻ തങ്ങൾ സന്നദ്ധരാണെന്നും ഏജൻസി അറിയിച്ചു. അതേസമയം, രാജ്യത്ത് മാർബർഗ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ഉഗാണ്ടൻ ആരോഗ്യ മന്ത്രാലയ വക്താവിന്റെ പ്രതികരണം.
ജൂൺ 30-നാണ് ഉഗാണ്ടയിൽ മാർബർഗ് കേസ് റിപ്പോർട്ട് ചെയ്ത വിവരം തങ്ങൾക്ക് ലഭിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. “സംഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. രോഗബാധയെക്കുറിച്ചുള്ള അന്വേഷണം, സമ്പർക്കപ്പട്ടിക തയ്യാറാക്കൽ, ബോധവത്കരണം എന്നിവയുൾപ്പെടെയുള്ള പ്രാദേശിക പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ പൂർണ്ണ പിന്തുണ നൽകുന്നുണ്ട്” ലോകാരോഗ്യ സംഘടന വക്താവ് പറഞ്ഞു.

