അഞ്ചാം പനി അഥവ മീസിൽസ് രോഗം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുകയാണ്. രാജ്യത്തെ പ്രധാന നഗരമായ മുംബൈയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചതായ റിപ്പോർട്ടുകൾ വന്നിരുന്നു. മാത്രമല്ല ഈ വർഷത്തിന്റെ തുടക്കം മുതൽ നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ചാംപനി കേസുകളുടെ എണ്ണം 233 ആയി ഉയർന്നു എന്നത് കൂടുതൽ ജാഗ്രതയോടെ ഈ രോഗാവസ്ഥയെ സമീപിക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് വിരൽ ചൂണ്ടുന്നു.
അഞ്ചാം പനി രോഗം ഗൗരവമായ ഒന്നാണോ, ഇത് എങ്ങനെ, ഏത് പ്രായക്കാരിലാണ് കൂടുതലായി ഉണ്ടാകുക. ഇത്തരം ചോദ്യങ്ങൾ നമ്മിൽ വലിയ അശങ്കകൾ സൃഷ്ടിക്കാം. പ്രത്യേകിച്ച് കേരളത്തിലും രോഗം കണ്ടെത്തിയതിനാൽ ആശങ്കകൾ വർധിക്കുകയാണ്. മലപ്പുറം ജില്ലയിൽ ഇതിനോടകം തന്നെ 130 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട് എങ്കിലും രോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
എന്താണ് മീസിൽസ് അഥവാ അഞ്ചാം പനി?
മണ്ണൻ, പൊങ്ങമ്പനി എന്നീ പേരുകളിൽ നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന അഞ്ചാംപനി ഒരു സാംക്രമിക രോഗമാണ്. മീസിൽസ് എന്ന ഒരു വൈറസാണ് ഈ രോഗത്തിന് പിന്നിൽ. രോഗബാധിതരുടെ ചുമയിലൂടെയും തുമ്മലിലൂടെയും വായുവിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ ഇത് പകരുന്നു. വായിലെയും മൂക്കിലെയും സ്രവങ്ങളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ഇത് പകരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ദർ അവകാശപ്പെടുന്നത്.
അഞ്ചാം പനി രോഗം പ്രായമായവരെ അപേക്ഷിച്ച് കുട്ടികളിലാണ് വളരെ വേഗം വ്യാപിക്കുന്നതായി കണ്ടുവരുന്നത്. നമ്മുടെ നാട്ടിൽ ആറു മാസം മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിൽ രോഗം പൊതുവേ കാണുന്നു. അമ്മയിൽ നിന്നു പകർന്നുകിട്ടിയ ആന്റിബോഡീസ് ശരീരത്തിൽ ഉള്ളത് കൊണ്ടാണ് ആറു മാസം വരെയുള്ള കുട്ടികളിൽ അധികം ഈ രോഗം കാണപ്പെടാത്തത്. ശരീരത്തിലെ എല്ലാ അവയവ വ്യൂഹങ്ങളെയും ഈ രോഗം ബാധിക്കുന്നു. രോഗബാധിതനായ വ്യക്തിയുമായി സമ്പർക്കം പുലർത്തുന്ന പ്രതിരോധശേഷി കുറഞ്ഞ പത്തിൽ ഒമ്പത് പേർക്കും ഈ രോഗം പിടിപെടും. മിക്ക ആളുകൾക്കും ഒന്നിലധികം തവണ ഈ രോഗം പിടിപെടാറില്ലാ എന്നത് അശ്വാസം നൽകുന്ന കാര്യമാണ്.
രോഗം ഗുരുതരമാണോ?
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഒരു വർഷം 25 ലക്ഷം കുട്ടികളെ ഈ രോഗം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുട്ടികളിൽ വ്യാപകമായി ഈ രോഗം കാണപ്പെടുന്നതിനാൽ അല്പം ഗുരുതരമാണ് എന്ന് തന്നെ പറയുന്നതാണ് നല്ലത്. ശ്രദ്ധിച്ചിട്ടില്ല എങ്കിൽ കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ ഈ രോഗം കാരണമായേക്കാം എന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.
അതിനാൽ ജാഗ്രത ഉണ്ടാകേണ്ടത് അനിവാര്യമായ കാര്യമാണ്. സംശയാസ്പദമായ കേസുകളിൽ മീസിൽസ് വൈറസിന്റെ പരിശോധന പൊതുജനാരോഗ്യരംഗത്തിനു പ്രധാനമാണെന്നും കൂട്ടി ചേർക്കട്ടെ.
പനി തന്നെയാണോ വില്ലൻ?
വിവിധ രോഗങ്ങൾ പോലെതന്നെ ഇതിനും പനി തന്നെയാണ് വില്ലൻ. കണ്ണ് ചുവക്കൽ, ജലദോഷം, ചെറിയ ചുമ, ശബ്ദമടപ്പ് തുടങ്ങിയവയാണ് രോഗത്തിൻറെ പ്രാരംഭലക്ഷണങ്ങൾ. നാലു ദിവസം പിന്നിടുമ്പോൾ പനി പൂർണമായും വിടുമെങ്കിലും ചെവിയുടെ പുറകിൽ നിന്നു തുടങ്ങി മുഖത്തേക്ക് പടർന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ് തുടങ്ങിയവയൊക്കെ ഉണ്ടാകാം. വയറിളക്കം കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ നിർജലീകരണം മൂലം മരണം സംഭവിക്കാനും സാധ്യതയുണ്ട്.
എങ്ങനെ രോഗത്തെ പ്രതിരോധിക്കാം?
രോഗം ബാധിക്കാതിരിക്കൻ ശുചിത്വം പാലിക്കുക എന്നതു തന്നെയാണ് പ്രധാന പ്രതിരോധ നടപടി. കുട്ടികൾക്ക് ഈ രോഗബാധയുണ്ടാവാതിരിക്കാനായി ഒമ്പത് മാസം പൂർത്തിയാകുമ്പോൾ മീസിൽസ് പ്രതിരോധ കുത്തിവയ്പ് നിർബന്ധമായും എടുക്കണം. കുട്ടിക്ക് 9 മാസം തികയുമ്പോൾ ആദ്യ ഡോസും, രണ്ടാമത്തെ ഡോസ് ഒന്നരവയസ്സ് മുതൽ രണ്ടുവയസ്സാവുന്നത് വരെയുള്ള പ്രായത്തിലും ചെയ്യണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. രോഗപകർച്ച ഒഴിവാക്കുവാനായി രോഗിയെ വീഡി നുളളിൽ കിടത്തി വേണ്ടത്ര വിശ്രമം നൽകുന്നതും, ആവശ്യാനുസരണം വെളളവും പഴവർഗ്ഗങ്ങളും കഴിക്കുന്നതും നല്ലതാണ്.
തയ്യാറാക്കിയത്: രഞ്ചിൻ ജെ തരകൻ