Sunday, November 24, 2024

‘ഞാൻ വിശ്വസിക്കുന്നത് എന്റെ ചിറകുകളിലാണ്, ഈ ചില്ലയുടെ ബലത്തിലല്ല’

ഡോ. സെമിച്ചൻ ജോസഫ്

ഒരു പക്ഷി പറന്നുവന്ന് വളരെ ദുർബലമായ ഒരു മരച്ചില്ലയിൽ വിശ്രമിക്കാൻ തുടങ്ങുകയായിരുന്നു. അപ്പോൾ ഒരു ശബ്ദം കേട്ടു. ആ മരം അതിനോടു സംസാരിച്ചു. “എന്ത് ധൈര്യത്തിലാണ് നീ ഈ ദുർബലമായ ഉണങ്ങിയ ചില്ലയിൽ വന്നിരിക്കാനൊരുങ്ങുന്നത്? ബലിഷ്ഠമായ ഉണങ്ങാത്ത ഏതെങ്കിലും കൊമ്പിൽ വന്നിരുന്നു വിശ്രമിച്ചുകൊള്ളൂ. നിന്നെ ഞാൻ വഹിച്ചുകൊള്ളാം. എന്നാൽ, ആ ഉണങ്ങിയ ചില്ലയെക്കുറിച്ച് എന്നിക്കൊരു ഉറപ്പും തരാൻ കഴിയില്ല.”

പക്ഷി പറഞ്ഞു: “നിന്റെ സ്‌നേഹത്തിനും കരുതലിനും നന്ദി. എന്നാൽ, ഉണങ്ങിയ ചില്ലയിൽ ഇരിക്കുന്നതിന് എനിക്ക് പേടിയില്ല. എന്തുകൊണ്ടെന്നാൽ ഞാൻ വിശ്വസിക്കുന്നത് എന്റെ ചിറകുകളിലാണ്. ചില്ല ഒടിഞ്ഞുവീണാലും എനിക്കൊന്നും സംഭവിക്കുകയില്ല; ഞാൻ പറന്നുപോകും.” ആത്മവിശ്വാസം നിറഞ്ഞുനിന്ന ആ വാക്കുകൾ കേട്ട് വൃക്ഷം പുഞ്ചിരിച്ചു. നമ്മളിൽ എത്രപേർക്ക് ഇതുപോലെ പറയാൻ കഴിയും.

പ്രശ്നങ്ങളില്ലാത്ത ആളുകളില്ല. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ദിവസവും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഇവയെ എങ്ങനെ നേരിടാം എന്നോർത്ത് നാം പകച്ചുനിൽക്കാറുണ്ട്. സ്വന്തം കഴിവിലുള്ള വിശ്വാസമില്ലായ്മയാണ് നമ്മെ പിന്നോട്ടുനയിക്കുന്നത്.

ബാലരമയിലും ബാലഭൂമിയിലുമൊക്കെ വരുന്ന പദപ്രശ്നങ്ങൾ പൂരിപ്പിക്കാൻ ശ്രമിക്കാറുണ്ടല്ലോ. ചില അവസരങ്ങളിൽ കൃത്യമായ വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന നമ്മൾ എങ്ങനെയാണ് ഈ പ്രശ്നം പരിഹരിക്കുക കൂട്ടുകാരുടെയോ, മുതിർന്നവരുടെയോ സഹായം തേടുകയല്ലേ നാം ചെയ്യുക. ജീവിതത്തിലെ പ്രതിസന്ധികൾ ഒരു പരിധിവരെ നമുക്ക് എങ്ങനെ പരിഹരിക്കാൻ കഴിയും എന്നതാണ് വസ്തുത.

പ്രശ്നപരിഹാരത്തിന്റെ ഏഴ് പടവുകൾ

ക്രിയാത്മകമായ പ്രശ്നപരിഹാരം സാധ്യമാകുന്നത് താഴെപ്പറയുന്ന ഏഴു പടവുകളിലൂടെയാണ്.

  • പ്രശ്നത്തെ തിരിച്ചറിയുക
  • പ്രശ്നം നിർവചിക്കുക
  • പരിഹാരതന്ത്രം രൂപപ്പെടുത്തുക
  • വിവരശേഖരണം നടത്തുക
  • വേണ്ട വിഭവങ്ങൾ ഒരുക്കുക
  • പ്രശ്നപരിഹാര പുരോഗതി നിരീക്ഷിക്കുക
  • ഫലങ്ങൾ വിലയിരുത്തുക

ഈ പ്രശ്‌നപരിഹാര ഘട്ടങ്ങൾ തുടർച്ചയായി പിന്തുടരണമെന്ന് നിർബന്ധമില്ല. ശരിയായ പരിഹാരത്തിലേക്ക് എത്തുന്നതുവരെ ചില ഘട്ടങ്ങൾ ഒഴിവാക്കുകയോ, മറ്റു ചിലതിലൂടെ ഒന്നിലധികം തവണ സഞ്ചരിക്കുകയോ ആകാം. സ്വന്തം പ്രശ്നങ്ങൾക്ക് പരിഹാരമില്ല എന്ന് വിലപിക്കുന്ന നമ്മിൽ പലരും നമ്മുടെ ഒരു സുഹൃത്തിന് ഒരു പ്രശ്നം വന്നാൽ ഉപദേശിക്കാനും സഹായിക്കാനും കഴിവുള്ളവരാണ്.

ജീവിതപ്രശ്നങ്ങളെ നേരിടുമ്പോൾ നാം അറിയാതെ വൈകാരികമായി അതിൽ പെട്ടുപോകുന്നു എന്നതാണ് സത്യം. ഒരല്പം മാറിനിന്നു ചിന്തിച്ചാൽ അല്ലെങ്കിൽ ഇതേ പ്രശ്നം നേരിടുന്ന മറ്റൊരു സുഹൃത്തിന് നാം എന്ത് പറഞ്ഞുകൊടുക്കുമെന്നു ചിന്തിച്ചാൽ ജീവിതത്തിലെ പല പ്രശ്നങ്ങളിലും മുൻപോട്ടുപോകാൻ നമുക്കു കഴിയും. അതിന് നമുക്കു വേണ്ടത് പക്ഷിയുടെ മനോഭാവമാണ് – “ഞാൻ വിശ്വസിക്കുന്നത് എന്റെ ചിറകുകളിലാണ്; ഈ ചില്ലയുടെ ബലത്തിലല്ല.”

ഡോ. സെമിച്ചൻ ജോസഫ്

(തുടരും)

Latest News