കൗൺസിലിംഗ് മുറിയിലേക്കു കടന്നുവരുന്ന ദീപിക്കിന്റെ കണ്ണുകളിൽ ഉറക്കച്ചടവ് പ്രകടമായിരുന്നു. ബിസിനസുകാരനായ അച്ഛനാണ് ക്ലാസ് ടീച്ചറുടെ നിർദേശപ്രകാരം ദീപക്കിനെയുംകൊണ്ട് കൗൺസിലിംഗിനു വന്നത്. പ്രാഥമികമായ ചില സംഭാഷണങ്ങൾക്കുശേഷം അച്ഛനെ പുറത്തിരുത്തി ഞങ്ങൾ സംസാരിച്ചുതുടങ്ങി. ഏതാനും നാളുകൾവരെ പഠനത്തിൽ മികവ് പുലർത്തിയിരുന്ന ദീപക് വളരെ പെട്ടെന്ന് അന്തർമുഖനായി മാറുകയും ക്ലാസ് പരീക്ഷകളിൽ തോൽക്കുകകൂടി ചെയ്തപ്പോഴാണ് എട്ടാം ക്ലാസിലെ ക്ലാസ് ടീച്ചർ ദീപക്കിന്റെ മാതാപിതാക്കളെ വിവരം ധരിപ്പിച്ചതും അവൻ കൗൺസിലറുടെ മുൻപിലേക്ക് എത്തപ്പെട്ടതും. അടച്ചിരുപ്പുകാലത്തു കൈവന്നുചേർന്ന മൊബൈൽ ഫോൺ പുതിയ ഒരു ലോകം അവന്റെ മുന്നിൽ തുറന്നുവയ്‌ക്കുകയായിരുന്നു.
ഉറക്കം നഷ്ടപ്പെട്ട കുട്ടികൾ
കൂട്ടുകാരിൽനിന്നും കൈമാറിക്കിട്ടിയ അശ്ളീല സി. ഡി. യും യൂട്യൂബ് ലിങ്കുകളും ദീപക്കിനെ ഒട്ടും പരിചിതമല്ലാത്ത മറ്റൊരു ലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോയത്. രാത്രിയുടെ യാമങ്ങളിൽ ഉറക്കം നഷ്ടപ്പെട്ട അവൻ സ്വാഭാവികമായും പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും പിന്നാക്കംപോയതിൽ യാതൊരു അതിശയോക്തിക്കും ഇടമില്ല.
ദീപക്കിന്റെ അനുഭവം ഒറ്റപ്പെട്ട ഒരു സംഭവമല്ല. കോവിഡ് കാലം പ്രായവ്യത്യാസമില്ലാതെ നമ്മുടെ പകലിന്റെ ദൈർഘ്യം വർധിപ്പിച്ചു എന്നു പറയാതെവയ്യ. വൈകി ഉറങ്ങുകയും വൈകി ഉണരുകയും പലരുടെയും ശീലമായി മാറിക്കഴിഞ്ഞു. ഇത്തരം പ്രശ്നങ്ങൾ ഓരോ വിദ്യാർഥിയും അധ്യാപകരും കുടുംബങ്ങളും അനുഭവിക്കുന്നുണ്ടാകാം. അനിവാര്യമായ ഒരു പൊളിച്ചെഴുത്ത് നമ്മുടെ ശീലങ്ങളിൽ വന്നേ മതിയാകൂ.
ആൺകുട്ടികൾക്ക് എന്തു സംഭവിക്കുന്നു?
നമുക്ക് ദീപക്കിലേക്കു മടങ്ങിവരാം. ലൈംഗികതയെക്കുറിച്ചും ധാർമ്മികതയെകുറിച്ചുമൊക്കെയുള്ള അവന്റെ കാഴ്ചപ്പാടുകൾ തികച്ചും ഉപരിപ്ലവമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. പരിശീലനവേദികളിലെ സഹപ്രവർത്തകരും അധ്യാപകസുഹൃത്തുക്കളും ആൺകുട്ടികളെക്കുറിച്ച് സമാനമായ ആശങ്കകൾ നിരന്തരം പങ്കുവയ്ക്കുന്നുണ്ട്. ജനനമരണങ്ങൾക്കിടയിലെ ജീവിതയാത്രയിൽ ഏറ്റവും സുന്ദരമായ കാലം ഏതെന്ന ചോദ്യത്തിന് ഏറെപ്പേർ നൽകിയ ഉത്തരം ‘കൗമാരം’ എന്നുതന്നെയാണ്. ഗൃഹാതുരത്വമുണർത്തുന്ന കൗമാരകാമനകളും പുളകം കൊള്ളിക്കുന്ന ഓർമ്മകളുമായി പഴയ തലമുറ തിരിച്ചുനടക്കാൻ കൊതിക്കുമ്പോഴും വർത്തമാനകാലത്തെ കുമാരീകുമാരന്മാരുടെ ജീവിതങ്ങളെക്കുറിച്ച് കുറച്ചുകൂടി ഉത്തരവാദിത്വപൂർവമായ ഒരു സമീപനം പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ് എന്ന നിരീക്ഷണമാണ് പങ്കുവയ്‌ക്കാനുള്ളത്.
നാം മുന്നോട്ട്
മാനസിക ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വളരെ ആഴത്തിലുള്ള പരിപാടികൾ ആസൂത്രണംചെയ്ത് നടപ്പിലാക്കേണ്ടതാണ്. പ്രണയവും പ്രണയനീരസവുമൊക്കെ പതിവില്ലാത്തവിധം കൊലപാതകങ്ങളിലേക്കുവരെ നീങ്ങുമ്പോൾ അടിയന്തര നടപടികൾ ഉണ്ടാവേണ്ടത് ഭരണകൂടത്തിൽനിന്നും തന്നെയാണ്. ഒപ്പം, നമ്മുടെ വ്യവസ്ഥിതികൾ മാറിയേ തീരൂ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) നടത്തിയ പഠനത്തിൽ, കേരളത്തിലെ 15% വിദ്യാർഥികളും വൈകാരിക അസ്വസ്ഥതയുടെയോ, മാനസികാരോഗ്യപ്രശ്‌നങ്ങളുടെയോ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി കണ്ടെത്തി. ഈ പ്രശ്നങ്ങൾ ഉത്കണ്ഠയും വിഷാദവും മുതൽ കൂടുതൽ കഠിനമായ മാനസികാവസ്ഥകൾ വരെ നീളുന്നു. ഇവയെല്ലാം അവരുടെ അക്കാദമിക് വിജയത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കും.
കേരളത്തിലെ കൗമാരക്കാരിൽ ആൺകുട്ടികൾ പെൺകുട്ടികളെക്കാൾ അന്തർമുഖരായി മാറുന്നതിന്റെ കാരണങ്ങളെക്കുറിച്ച് കൂടുതൽ ശാസ്ത്രീയപഠനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. ശരിയായ ലൈംഗികവിദ്യാഭ്യാസം കൗമാരകാലഘട്ടത്തിൽ ഉള്ളവരുടെ അവകാശമാണെന്നിരിക്കെ ഈ വിഷയത്തിൽ നമ്മുടെ ആൺകുട്ടികൾ ക്രൂരമായ അവഗണനയാണ് നേരിടുന്നത്. കുറച്ചുകൂടി വിശദമായി പറഞ്ഞാൽ, അമ്മമാരിൽനിന്നും വീട്ടിലെ മുതിർന്ന സ്ത്രീകളിൽനിന്നും അംഗൻവാടി, സ്കൂൾ, ആരോഗ്യപ്രവർത്തകർ എന്നിവരിൽ നിന്നെല്ലാം പെൺകുട്ടികൾക്ക് ശാസ്ത്രീയമായ അറിവ് ലഭിക്കുമ്പോൾ ആൺകുട്ടികൾ ഇപ്പോഴും പിയർ ഗ്രൂപ്പിന്റെ സ്വാധീനത്തിലാണ്.
ലൈംഗികതയെക്കുറിച്ചോ, അനുബന്ധവിഷയങ്ങളെക്കുറിച്ചോ ആൺകുട്ടികളോടു സംവദിക്കാൻ മാതാപിതാക്കളോ അധ്യാപകരോ തയ്യാറാകത്തിന് സാംസ്കാരികവും സാമൂഹ്യവുമായ ചില കാരണങ്ങളുണ്ടായേക്കാം. എന്നാൽ, മാറുന്ന കാലത്ത്, കൗമാരകാലഘട്ടത്തിൽത്തന്നെ ആൺകുട്ടികൾക്കും ശാസ്ത്രീയമായ ലൈംഗികവിദ്യാഭ്യാസം നൽകാനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. ദീപക്കിനെപ്പോലുള്ള അനേകായിരം കുട്ടികൾ നമ്മുടെ ശ്രദ്ധയും പരിഗണനയും അർഹിക്കുന്നു എന്ന വസ്തുത നാം മറക്കരുത്. കേരളീയസമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാർഗം കൂടിയാണ് ഇതെന്നു പറയേണ്ടതില്ലല്ലോ.
ഡോ. സെമിച്ചൻ ജോസഫ്
(തുടരും)