‘കണ്ണുനീരിനും ചിരിക്കാനറിയാം
കദനം മറക്കാൻ കഴിഞ്ഞാൽ
കാട്ടുമുളയ്ക്കും പാടാനറിയാം
കാറ്റിൻ ചുംബനമേറ്റാൽ…’
യൂസഫലി കേച്ചേരി, മോഹൻ സിതാര കൂട്ടുകെട്ടിൽ പിറന്ന്, ദാസേട്ടൻ അന്വശ്വരമാക്കിയ ഈ ഗാനം മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ്. കദനങ്ങളെ ഉള്ളിലൊളിപ്പിച്ചു ചിരിക്കാൻ കഴിയുന്നതിനെക്കുറിച്ച് അഭിമാനം കൊള്ളുന്ന നമുക്ക് കണ്ണീരിന്റെ ആന്തരികസൗന്ദര്യത്തെ ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.
‘മിഴിയിടകളിൽ തുളുമ്പിവീഴുന്ന
സംഗീതമാണ് കണ്ണുനീർ
ആത്മാവിന്റെ വിങ്ങലായ്
ആനന്ദത്തിന്റെ തുള്ളികളായ്
അടക്കാനാവാതെ ആർത്തലച്ചുപെയ്യുന്ന
പേമാരിയായ് അത്,
പെയ്യുന്നു മേഘക്കമ്പികളും
മീട്ടിക്കൊണ്ട്…”
മുഖപുസ്തകത്തിൽ ആരോ കോറിയിട്ട വരികൾ, വീണ്ടും മനസ്സിൽ ഒരുപിടി കണ്ണീരോർമകൾക്ക് കൂടൊരുക്കുന്നു.
‘ഓര്‍മകളുള്‍ത്തട്ടിനെ നനയിക്കുന്നു കണ്ണിലൂറിയെത്തുന്നൂ ബാഷ്പമീ മണ്ണില്‍ച്ചവിട്ടുമ്പോൾ…’ എന്ന് പാടിയത് ഇടപ്പള്ളിയാണ്. മനുഷ്യന്റെ സുഖദുഃഖങ്ങളിൽ വ്യത്യസ്തഭാവങ്ങളിൽ വിരുന്നിനെത്തുന്ന, ഒരിക്കലും പിരിയാത്ത കൂട്ടുകാരനെപ്പോലെയാണ് കണ്ണുനീർ തുള്ളികൾ. മനുഷ്യന്റെ ഓർമകളിൽ, സ്വപ്നങ്ങളിൽ, ആശങ്കകളിൽ എല്ലാം കണ്ണീർനനവ് പടർന്നിട്ടുണ്ട്. ‘സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ്’ പോകാത്തവർ ചുരുക്കമല്ലേ? ‘ആനന്ദബാഷ്പം’ എന്ന പ്രയോഗംതന്നെ എത്ര സുന്ദരമാണെന്നു നോക്കൂ.
ഇടപ്പിള്ളി തന്നെ മറ്റൊരിടത്ത് കുറിച്ചിടുന്നു.
“ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ-
തെന്തിനു ജീവിതപലഹാരം!”
അതെ, ജീവിതമാകുന്ന പലഹാരത്തിന് രുചിപൂർണ്ണത ലഭിക്കാൻ അത് കൂടിയേ തീരൂ. “എഴുതാൻ ബാക്കിവച്ച വാക്കുകളാണെന്റെ കണ്ണുനീരെന്ന്” വിഖ്യാത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്ലോ പറഞ്ഞുവയ്ക്കുന്നുണ്ട്. പലപ്പോഴും ഒരുവന്റെ ആത്മാവിന്റെ പ്രകാശനമായി അത് മാറുന്നു.
“തലച്ചോറിൽ നിന്നല്ല, ഹൃദയത്തിൽ നിന്നാണ് കണ്ണുനീർ വരുന്നതെന്ന്” ലിയോനാർഡോ ഡാവിഞ്ചി പറഞ്ഞത് എത്രയോ ശരിയാണ്. മനഃശാസ്ത്രപരമായ വീക്ഷണത്തിലും കണ്ണുനീരിന് വലിയ മാനങ്ങളുണ്ട്. അനുദിന ജീവിതത്തിലെ പിരിമുറുക്കങ്ങൾ, സമ്മർദങ്ങൾ, ആശങ്കകൾ എല്ലാം നമ്മെ സങ്കടപ്പെടുത്തുമ്പോൾ ഒന്ന് പൊട്ടിക്കരയണമെന്ന് പലപ്പോഴും നാം ആഗ്രഹിച്ചുപോയിട്ടില്ലേ. അപ്പോഴെക്കെയും മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുകരുതി നാം ഉള്ളിലൊതുക്കിയ തേങ്ങലുകൾ ഹൃദയത്തിന്റെ ഏതോ ഒരു കോണിലിരുന്ന് വിങ്ങുന്നത് ഒന്നു കാതോർത്താൽ നമുക്കു കേൾക്കാം.
വൈകാരികാവസ്ഥയനുസരിച്ച് മനുഷ്യരിൽ നടക്കുന്ന ഒരു സ്വാഭാവിക പ്രതികരണമായി വേണം കരച്ചിലിനെ കാണാൻ. നവജാതശിശുക്കൾ പ്രധാനമായും ആശയവിനിമയത്തിന് കരച്ചിൽ ഉപകരണമാക്കുമ്പോൾ മുതിർന്നവർ സങ്കടമോ, വിഷമമോ, വേദനയോ, അത്യാഹ്ലാദമോ പ്രകടിപ്പിക്കാനുള്ള അവസരമായി കണ്ണീരിനെ കാണുന്നു. ജനനം മുതൽ മരണം വരെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും കരച്ചിലുളവാക്കാവുന്ന അനുഭവങ്ങളോ, സന്ദർഭങ്ങളോ ഉണ്ടാകാറുണ്ട്.
സ്ട്രെസ്സ് ഹോര്‍മോണുകള്‍ നിര്‍മിക്കാന്‍ ശരീരം ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കരച്ചിലിലൂടെ പുറന്തള്ളപ്പെടുന്നതിനാൽ ശരീരത്തിന് ഒരു മസാജിലൂടെ ലഭിക്കുന്ന അതേ ഗുണങ്ങൾ കണ്ണീരിലൂടെ ലഭിക്കും. സാധാരണ കണ്ണുനീരില്‍ 98% വെള്ളമാണ്. എന്നാല്‍, വൈകാരികവിക്ഷോഭം മൂലം കരയുമ്പോള്‍ അതില്‍ ഉയര്‍ന്ന അളവില്‍ സ്ട്രെസ്സിനു കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോൺ അടങ്ങിയിരിക്കുന്നു. ഇവ പുറന്തള്ളുന്നതിലൂടെ ടെന്‍ഷന്‍ കുറയുക മാത്രമല്ല, മാനസികാവസ്ഥയും ഉടനടി മെച്ചപ്പെടുന്നു. ഒപ്പം മനസ്സിനു സന്തോഷം നൽകുന്ന എൻടോർഫിനുകള്‍ ഉല്പാദിപ്പിക്കാനും കരച്ചിൽ കാരണമാകുന്നു. അതുവഴി നല്ല ഉറക്കം ലഭിക്കാനും സാധിക്കുമെന്നും പഠനങ്ങളുണ്ട്.
ചുരുക്കത്തിൽ ‘ഹൃദയമുള്ളവൻ കരയും’. കണ്ണിന്റെ ജാലകങ്ങൾക്ക് കൂടുതൽ തെളിമ ലഭിക്കാൻ അത് കൂടിയേ കഴിയൂ. ഉള്ളിലെ നൊമ്പരങ്ങളുടെ അണക്കെട്ടുകളിൽനിന്നും കണ്ണീരുറവകൾ പുറപ്പെടട്ടെ.
ഡോ. സെമിച്ചൻ ജോസഫ്
(പരിശീലകനും കൗൺസിലറും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപകനുമാണ് ലേഖകൻ)
(തുടരും)