വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് 11 വയസ്സുകാരായ ആൺകുട്ടികളെ ദിവസങ്ങൾക്ക് ശേഷം അത്ഭുതകരമായി രക്ഷപ്പെടുത്തി. ദുരന്തം നടന്ന് അഞ്ച് ദിവസത്തോളമാകുമ്പോഴും തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് പ്രത്യാശയുടെ വാർത്തകളാണ് പുറത്തുവരുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 33 പേരെ ജീവനോടെ രക്ഷപ്പെടുത്തിയതായി വെനിസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു.
ഏകദേശം 3 മീറ്റർ (9.8 അടി) ആഴമുള്ള കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിലാണ് മോയ്‌സസ് എന്ന ബാലൻ കുടുങ്ങിക്കിടന്നത്. കൊളംബിയൻ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം (UNGRD) ആറ് മണിക്കൂർ നീണ്ട അതിസൂക്ഷ്മമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ശനിയാഴ്ച കുട്ടിയെ പുറത്തെടുത്തത്. ദിവസങ്ങളോളം ഇരുട്ടിൽ കഴിഞ്ഞ കുട്ടിയുടെ കണ്ണുകൾ കടുത്ത സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കാൻ തുണി കൊണ്ട് മൂടിയാണ് പുറത്തേക്ക് കൊണ്ടുവന്നത്. എന്നാൽ, കുട്ടിയുടെ അമ്മയും സഹോദരിയും ഇതേ അവശിഷ്ടങ്ങൾക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നൊമ്പരമായി.
കാരബല്ലെഡ (Caraballeda) നഗരത്തിൽ നിന്നാണ് രണ്ടാമത്തെ കുട്ടിയെ ഞായറാഴ്ച രക്ഷപെടുത്തിയത്. ഇതിന്റെ വീഡിയോ പ്രസിഡന്റ് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചു. “ഈ നിർണായക ഘട്ടത്തിൽ, ഓരോ ജീവനും വെനിസ്വേലയ്ക്ക് വലിയൊരു പ്രതീക്ഷയാണ്,” എന്ന് അവർ കുറിച്ചു.

