യുദ്ധക്കെടുതിയില്‍ വേദനയനുഭവിക്കുന്ന യുക്രൈന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കത്തിച്ച മെഴുകുതിരികള്‍ക്ക് നടുവില്‍ നിന്നാണ് എഴുപതാമത് ലോകസുന്ദരിയായി പോളണ്ടിന്റെ കരോലിന ബിലാവ്സ്‌ക കിരീടമണിഞ്ഞത്.
പോളണ്ടുമായി അതിര്‍ത്തി പങ്കിടുന്ന യുക്രൈനില്‍, റഷ്യയുടെ പ്രകോപനരഹിതമായ അധിനിവേശം തുടരുന്നതിനാല്‍ വിവിധ റൗണ്ടുകളും തത്സമയ വിധിനിര്‍ണ്ണയവും കഴിഞ്ഞ് പ്രൗഢോജ്ജ്വലമായ വേദിയില്‍ വച്ചു തന്നെ യുക്രെയ്‌നിനുള്ള പിന്തുണയും സംഘാടകര്‍ അറിയിച്ചു. 2019-ല്‍ ലോകസുന്ദരിപ്പട്ടം നേടിയ ജമൈക്കയുടെ ടോണി-ആന്‍ സിംഗ്, സെലിന്‍ ഡിയോണിന്റെയും ആന്‍ഡ്രിയ ബോസെല്ലിയുടെയും ‘ദി പ്രയര്‍’ എന്ന ഗാനം ആലപിച്ചപ്പോള്‍ സ്റ്റേജിലും സദസ്സിലുമുള്ള മുഴുവന്‍ ആളുകളും യുക്രൈന്‍ ജനതയ്ക്ക് പിന്തുണയും സ്‌നേഹവും അറിയിച്ച് മെഴുകുതിരികള്‍ ഉയര്‍ത്തി.
‘സമാധാനത്തിനായുള്ള പ്രാര്‍ത്ഥന’ എന്ന് ഇതേസമയം ഫൈനലിസ്റ്റുകള്‍ക്ക് പിന്നിലെ സ്‌ക്രീനില്‍ എഴുതികാണിക്കുകയും ചെയ്തിരുന്നു. 100 രാജ്യങ്ങളില്‍ സംപ്രേക്ഷണം ചെയ്ത മിസ് വേള്‍ഡ് മത്സര ചടങ്ങിലേയ്ക്കായി ഏഴായിരത്തിലധികം മെഴുകുതിരികളാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്.
‘യുദ്ധം അവസാനിക്കുന്നതിനായി നമ്മള്‍ എന്തെങ്കിലും ചെയ്യണം. പ്രതീകാത്മകമായി ഒരു മെഴുകുതിരി കത്തിച്ചാല്‍ മതിയെന്ന് തോന്നുമെങ്കിലും എല്ലാവരും ഒരുമിച്ച് മെഴുകുതിരി കത്തിച്ചാല്‍ അത് വലിയ പ്രതിഷേധമായി മാറും. ലോകത്തെ മാറ്റാനും സാധിക്കും. ലോകമെമ്പാടുമുള്ള ആളുകളെ യുക്രെയ്‌നിനായി അവരുടെ പ്രകാശം തെളിയിക്കാന്‍ ആഹ്വാനം ചെയ്യാനും കഴിയും’. മത്സരത്തിന് മുമ്പ് പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍, മിസ് വേള്‍ഡ് ലിമിറ്റഡിന്റെ സിഇഒ ജൂലിയ മോര്‍ലി പറഞ്ഞു.
2016-ലെ മിസ് യുക്രെയ്ന്‍ ഒലെക്സാന്ദ്ര കുചെരെങ്കോയുടെ ഒരു വീഡിയോ സന്ദേശം, ഈ ആഴ്ച ആദ്യം, മിസ് വേള്‍ഡ് സംഘാടകര്‍ പോസ്റ്റ് ചെയ്തിരുന്നു. യുക്രൈനില്‍ നിന്നുള്ള ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഞങ്ങളെ പിന്തുണയ്ക്കാനും യുെക്രയ്‌നിനു മേലുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും ലോകത്തെ ആണവ ദുരന്തത്തില്‍ നിന്ന് രക്ഷിക്കാനും ലോകമെമ്പാടുമുള്ള രാജ്യങ്ങളോട് അവര്‍ വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു. ഞങ്ങളുടെ സമാധാനം നിങ്ങളുടെയും സമാധാനമാണെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
ഈ വര്‍ഷത്തെ മിസ് വേള്‍ഡ് കിരീടം ചൂടിയ, പോളണ്ടിലെ ലോഡ്‌സില്‍ നിന്നുള്ള കരലീന (22) മാനേജ്‌മെന്റ് ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയും മോഡലുമാണ്. ഇന്ത്യന്‍ വംശജയായ മിസ് അമേരിക്ക ശ്രീ സായ്‌നി ഫസ്റ്റ് റണ്ണറപ്പും ഐവറി കോസ്റ്റില്‍ നിന്നുള്ള ഒലിവിയ യാസി സെക്കന്റ് റണ്ണറപ്പുമായി. യുഎസ്എ, ഇന്തോനേഷ്യ, മെക്‌സിക്കോ, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, കോട്ട് ഡി ഐവയര്‍ എന്നീ രാജ്യങ്ങളിലെ സുന്ദരികളെ തോല്‍പ്പിച്ചാണ് കരലീന കിരീടം ചൂടിയത്. മിസ് വേള്‍ഡ് 2019 ജമൈക്കയുടെ ടോണി-ആന്‍ സിംഗ് തന്റെ പിന്‍ഗാമിയെ ഫൈനലില്‍ കിരീടമണിയിച്ചു.