2022 ഫെബ്രുവരി 24-ന് രാത്രി റഷ്യ അതിന്റെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചപ്പോള്‍, യുക്രേനിയക്കാരുടെ ജീവിതം ആകെമൊത്തം തകര്‍ന്നു പോയി. ബേസ്‌മെന്റുകള്‍, ബങ്കറുകള്‍, ബോംബ് ഷെല്‍ട്ടറുകള്‍, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയവയായി അവരുടെ അഭയകേന്ദ്രങ്ങള്‍. അടുത്തതായി എന്ത് സംഭവിക്കും എന്ന ഭയത്തിലും ആകാംക്ഷയിലുമാണവര്‍.
റഷ്യയുടെ ആക്രമണത്തിന്റെ ശക്തിയില്‍ യുക്രൈനിലെ പ്രധാന നഗരമായ ഖാര്‍കിവ് പോലും വിറച്ചു. അവിടുത്തെ ജനങ്ങളെല്ലാം നഗരത്തിന് പുറത്തേക്ക് രക്ഷപെടാന്‍ നിര്‍ബന്ധിതമായി. ആക്രമണകാരികളുടെ പീരങ്കികള്‍ യുക്രെയ്‌നിലെ രണ്ടാമത്തെ നഗരവും ആക്രമിച്ചു. ‘ഞങ്ങള്‍ ഞങ്ങളുടെ മണ്ണില്‍ പോരാടുകയാണ്, ഞങ്ങള്‍ സിംഹങ്ങളെപ്പോലെ പോരാടുന്നു, അവര്‍ ഒരിക്കലും വിജയം കാണില്ല’. ഒരു യുക്രൈന്‍ സൈനികന്‍ പറയുന്നു.
പക്ഷേ വരും മാസങ്ങളില്‍ ഭയപ്പാടില്‍ നിന്നുള്ള യുക്രെയ്‌ന്റെ ശക്തമായ തിരിച്ചുവരവാണ് ലോകം കണ്ടത്. യുക്രൈന്‍ വൈകാതെ കീഴടങ്ങുമെന്ന് പ്രവചിച്ച അതേ സഖ്യകക്ഷികളില്‍ നിന്ന് യുക്രെയ്‌നിന് ആവശ്യമായ സഹായം ലഭിച്ചു തുടങ്ങി.
യുക്രൈന്റെ പടിഞ്ഞാറ് നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്ക് സുരക്ഷിത സ്ഥാനത്തേക്ക് പലായനം ചെയ്തു. രാജ്യത്തെ ഭര്‍ത്താക്കന്മാര്‍ക്കും പിതാക്കന്മാര്‍ക്കും അവരുടെ ഭാര്യമാരോടും കുട്ടികളോടും വിട പറയേണ്ടിവന്നു. കാരണം പോരാടുന്ന പ്രായത്തിലുള്ള പുരുഷന്മാര്‍ക്ക് എവിടേയ്ക്കും പോകാന്‍ അനുവാദമില്ല.
കിഴക്കന്‍ നഗരമായ ഡിനിപ്രോയിലും ധാരാളം ആളുകള്‍ പ്രതിരോധത്തിന് തയ്യാറെടുക്കുന്നുണ്ട്. അധിനിവേശ സൈന്യം ഒരിക്കലും ഡിനിപ്രോയില്‍ എത്തിയില്ല. പകരം റഷ്യ ദൂരെ നിന്ന് മിസൈലുകള്‍ തൊടുത്തുവിടാന്‍ തുടങ്ങി. അതുകൊണ്ട് അവിടെ നിന്നും ധാരാളം ആളുകള്‍ പലായനം ചെയ്തിരുന്നു.
ആക്രമണത്തിനിരയായ ഒരു രാജ്യത്തിന്റെ ആഘാതവും നിശ്ചയദാര്‍ഢ്യവും ഒരുപോലെ ഉള്‍ക്കൊള്ളുന്ന നിരവധിയാളുകളെ രാജ്യത്തുടനീളം കാണാനാകും. അതിജീവിച്ച പ്രദേശത്തുടനീളമുള്ള യുക്രേനിയക്കാര്‍ അവരുടെ വീടുകളിലേക്ക് മടങ്ങുന്ന കാഴ്ചകളും കാണാം. യുദ്ധം നല്‍കുന്ന സങ്കല്‍പ്പിക്കാനാവാത്ത വേദനയ്ക്ക് ഇരകളായവരാണ് കൂടുതല്‍ ജനവിഭാഗവും. റഷ്യന്‍ സൈന്യം തടങ്കലിലാക്കിയ ശേഷം വിട്ടയച്ച അനേകര്‍ തങ്ങളുടെ സ്വതന്ത്ര ജീവിതം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ ഇപ്പോഴും നിരവധിയാളുകള്‍ റഷ്യന്‍ തടങ്കലിലുണ്ട്.
ഒരു നാടിന്റെയാകെ ഭീതിയും പ്രതീക്ഷകളും ചുമലിലേറ്റുകയാണ് പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. പക്ഷേ, അന്താരാഷ്ട്ര പിന്തുണ ലഭിക്കുക എന്നതും അത്യന്താപേക്ഷിതമാണ്. അവസരം കിട്ടുമ്പോഴെല്ലാം അദ്ദേഹമത് ലോകത്തെ അറിയിക്കുകയും ചെയ്തു പോരുന്നു. യുദ്ധത്തില്‍ നിന്നുള്ള നാശനഷ്ടങ്ങള്‍ എത്രമാത്രം വലുതാണെന്ന് യുക്രൈനിലെ ഓരോ നഗരവും റോഡും വ്യക്തമാക്കും. ഗ്രാമങ്ങള്‍ പലതും ശൂന്യമാണ്.
ബലാത്സംഗത്തേയും ഒരു ആയുധമായി റഷ്യ ഉപയോഗിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. അതിന് ഇരയായവര്‍ പലരും മാധ്യമങ്ങളോട് തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ വിവരിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ആ യുക്രേനിയക്കാരുടെ ദൃഢനിശ്ചയവും, അധികാരം കൈവിടുകയില്ലെന്ന വാശിയും പ്രശംസനീയമാണെന്ന് പല മാധ്യമപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നു.
അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിലും, അതിന്റെ വിനാശകരമായ ആഘാതം ഇപ്പോഴും യുക്രെയ്‌നില്‍ പ്രകടമാണ്. റഷ്യ ഈ യുദ്ധത്തില്‍ വിജയിച്ചേക്കുമോ എന്ന ഭയം തന്നെ വേട്ടയാടുന്നുവെന്ന് തുറന്നു പറയുന്ന യുക്രൈനിയക്കാരുമുണ്ട്. എങ്കിലും കീഴടങ്ങാന്‍ അവര്‍ തയാറല്ല.