Monday, November 25, 2024

ഇന്ത്യയുടെ വാനമ്പാടി, സരോജിനി നായിഡുവിന്റെ ജന്മദിനം ഇന്ത്യയ്ക്ക് വനിതാ ദിനം

‘എനിക്ക് ജീവന്‍ ഉള്ളിടത്തോളം, എന്റെ ഈ കൈയിലൂടെ രക്തം ഒഴുകുന്നിടത്തോളം, ഞാന്‍ സ്വാതന്ത്ര്യമെന്നുള്ള ലക്ഷ്യം ഉപേക്ഷിക്കില്ല …’. ‘ഇന്ത്യയുടെ നൈറ്റിംഗേല്‍ (വാനമ്പാടി)’ എന്നറിയപ്പെട്ട സരോജിനി നായിഡുവിന്റെ വാക്കുകളാണിവ.

കവയിത്രി, സ്വാതന്ത്ര്യ സമര സേനാനി, വാഗ്മി, ഇങ്ങനെ നീളുന്നു ഈ വനിതാരത്‌നത്തിന്റെ വിശേഷണങ്ങള്‍. സരോജിനി നായിഡുവിന്റെ ജന്മദിനമായ ഫെബ്രുവരി 13 നാണ് ഇന്ത്യയില്‍ ദേശീയ വനിതാ ദിനമായി ആചരിക്കുന്നത്.

സരോജിനി ചതോപാദ്ധ്യായ

സരോജിനി ചതോപാദ്ധ്യായ എന്നായിരുന്നു സരോജിനി നായിഡുവിന്റെ ആദ്യ പേര്. കവിത്വത്തിനപ്പുറം കരുത്തുറ്റ നിലപാടും തീരുമാനങ്ങളും ഉണ്ടായിരുന്ന സരോജിനി പിന്നീട് ഭാരത കോകിലമെന്നും ഇന്ത്യയുടെ വാനമ്പാടി എന്നും അറിയപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ ഇന്ത്യന്‍ വനിതാ പ്രസിഡന്റായിരുന്നു സരോജിനി നായിഡു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണറും അവരായിരുന്നു.

ജനനവും ജീവിതവും

1879 ഫെബ്രുവരി 13 ന് ആന്ധ്രയിലെ ഹൈദരാബാദിലായിരുന്നു സരോജിനി ചതോപാദ്ധ്യായ എന്ന സരോജിനി നായിഡുവിന്റെ ജനനം. അച്ഛന്‍ അഘോര്‍നാഥ് ചതോപാദ്ധ്യായ നൈസാം കോളേജില്‍ പ്രിന്‍സിപ്പലായിരുന്നു. അമ്മ വസുന്ധരാ ദേവി ബംഗാളി കവയിത്രിയും. 1898ല്‍ 19 വയസ്സില്‍ ഗോവിന്ദരാജുലു നായിഡുവിനെ വിവാഹം ചെയ്തതോടെ അവര്‍ സരോജിനി നായിഡുവായി മാറി. അബ്രാഹ്മണനായ ഗോവിന്ദരാജുലു നായിഡുവിനെ പ്രണയിച്ച് വിവാഹം ചെയ്തത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലെ കണ്ണിയായിരുന്നു സരോജിനി.

വിദ്യാഭ്യാസം

മദ്രാസ്, ലണ്ടന്‍ എന്നിവിടങ്ങളിലായിരുന്നു സരോജിനിയുടെ വിദ്യാഭ്യാസം. മെട്രിക്കുലേഷന്‍ ഒന്നാം റാങ്കോടെ പാസ്സായി. പിന്നീട് റോയല്‍ ലിറ്റററി സൊസൈറ്റി അംഗമായ ഇവര്‍ വിവിധ സര്‍വകലാശാലകളില്‍ നിന്ന് ബിരുദവും ഡോക്ടറേറ്റും നേടി. പഠനകാലത്ത് സരോജിനി കവിതാരചനയില്‍ മികവ് പ്രകടിപ്പിച്ചിരുന്നു.

ദേശീയ പ്രസ്ഥാനത്തില്‍

ഗാന്ധിജി, ഗോഖലെ എന്നിവരുടെ സ്വാധീനംമൂലം സരോജിനി നായിഡു ദേശീയ പ്രസ്ഥാനത്തില്‍ എത്തി. നിസ്സഹകരണപ്രസ്ഥാനം, നിയമലംഘന പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ സമരം എന്നിവയില്‍ നിര്‍ണായക പങ്കു വഹിക്കുകയുണ്ടായി. നര്‍മ്മവും കുസൃതിയുമായിരുന്നു നെഹ്‌റുവും ഗാന്ധിജിയുമായി അവരെ അടുപ്പിച്ച് നിര്‍ത്തിയ സവിശേഷ സ്വഭാവം. ഗാന്ധിജിയെ ‘മിക്കി മൗസ്’ എന്ന് അവര്‍ ഇരട്ടപ്പേര് വിളിക്കുമായിരുന്നു. 1925 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

സ്ത്രീകള്‍ക്കായുള്ള പ്രവര്‍ത്തനം

1917ല്‍ ആനി ബസന്റുമായി ചേര്‍ന്ന് ‘ വിമന്‍സ് ഇന്ത്യന്‍ അസോസിയേഷന്‍’ രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച അവര്‍ കോണ്‍ഗ്രസിലും സ്വാതന്ത്ര്യ സമരത്തിലും കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിപിടിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍, സ്ത്രീകളുടെ സാമൂഹിക ക്ഷേമം, ദേശീയത എന്നിവയെക്കുറിച്ച് പ്രഭാഷണം നടത്താന്‍ അവര്‍ ഭാരതത്തിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ചു. ആഭരണങ്ങളും പട്ടുസാരികളും സരോജിനി നായിഡുവിന്റെ മുഖ്യ ആകര്‍ഷണങ്ങളായിരുന്നു. സ്വാതന്ത്ര്യസമരച്ചൂടില്‍ അവയെല്ലാം അവര്‍ ഉപേക്ഷിച്ചു.

1917ല്‍ സ്ത്രീകള്‍ക്ക് വേണ്ടി വോട്ടവകാശം അനുവദിച്ചു കിട്ടണമെന്ന നിവേദനം മൊണ്ടേഗുവിന് സമര്‍പ്പിച്ച പ്രതിനിധി സംഘത്തെ നയിച്ചത് സരോജിനി നായിഡുവായിരുന്നു. 1930ല്‍ ദണ്ഡിയാത്രയില്‍ പുരുഷന്‍മാരെ മാത്രം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച ഗാന്ധിജി തന്റെ നിലപാട് മാറ്റുന്നത് സ്ത്രീപക്ഷവാദിയായ സരോജിനി നായിഡുവിന്റെ ശക്തമായ ഇടപെടല്‍ കാരണമായിരുന്നു. തുടര്‍ന്ന് സ്ത്രീകളും ദണ്ഡിയാത്രയുടെ ഭാഗമായി.

ആദ്യത്തെ വനിതാ ഗവര്‍ണര്‍

സ്വാതന്ത്ര്യ ലബ്ധിയെത്തുടര്‍ന്ന് യു.പിയിലെ ഗവര്‍ണറായി നായിഡു നിയമിക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണറായിരുന്നു സരോജിനി നായിഡു. 1949 മാര്‍ച്ച് 2-ന് മരിക്കുന്നതുവരെ ഗവര്‍ണറായി അവര്‍ സേവനമനുഷ്ഠിച്ചു. പ്ലേഗ് മഹാമാരി പടര്‍ന്നുപിടിച്ച കാലത്ത് അവരുടെ കഠിനമായ പ്രവര്‍ത്തനത്തനത്തെ പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ അവര്‍ക്ക് കൈസര്‍-ഇ-ഹിന്ദ് പുരസ്‌കാരം നല്‍കി.

സാഹിത്യത്തിലെ സംഭാവനകള്‍

1905ല്‍ ആദ്യ കവിതാ സമാഹാരമായ ‘ദ ഗോള്‍ഡന്‍ ത്രെഷോള്‍ഡ്’ പ്രസിദ്ധീകരിച്ചു. പുലരിയുടെ തൂവലുകള്‍, ഒടിഞ്ഞ ചിറക്, ബേഡ് ഓഫ് ദ ടൈം എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. ഇന്ത്യന്‍ ഇംഗ്ലീഷ് കാവ്യലോകത്തെ മികച്ച രചനകള്‍ക്കുടമയായ ഇവരുടെ കവിതകളുടെ സമ്പൂര്‍ണസമാഹാരമാണ് ‘രാജകീയമുരളി’. ദി ഇന്ത്യന്‍ ലേഡീസ് മാഗസിനിലാണ് ഇവരുടെ ആദ്യകാല കവിതകളേറെയും പ്രസിദ്ധീകരിക്കപ്പെട്ടത്. പദ്യഗദ്യസാഹിത്യരംഗത്തെ സംഭാവനകള്‍ മാനിച്ചാണ് ഗാന്ധിജി ‘ഭാരതകോകിലം’ എന്ന പേര് നല്‍കി നായിഡുവിനെ ആദരിച്ചത്.

എക്കാലത്തെയും മാതൃക

വിശ്വപ്രസിദ്ധയായ കവയിത്രി, സ്വാതന്ത്രസമരത്തിലെ മുന്നണി പടയാളി, ഉജ്ജ്വലയായ വാഗ്മി, ഹിന്ദു-മുസ്ലീം മൈത്രിക്കുവേണ്ടി അക്ഷീണം പ്രയത്നിച്ച മനുഷ്യസ്നേഹി എന്നി നിലകളിലെല്ലാം സരോജിനി നായിഡു എന്നും സ്മരിക്കപ്പെടും. ഒപ്പം സരോജിനി നായിഡു ഭാരതത്തിലെ സ്ത്രീകള്‍ക്ക് എക്കാലത്തേക്കുമുള്ള ഉത്തമ മാതൃകയുമാണ്. വീട്ടമ്മയും പൊതുപ്രവര്‍ത്തകയുമായി ഒരേസമയം തന്നെ ശോഭിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ശക്തമായ പ്രസംഗങ്ങളും കവിതകളും നയവൈദഗ്ധ്യത്തോടു കൂടിയ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളിലെ പവിത്രതയുമാണ് അവരെ ശ്രേഷ്ഠയാക്കിയത്. ഭാരത ചരിത്രം എക്കാലവും അഭിമാനത്തോടെ സ്മരിക്കുന്ന മഹത് വ്യക്തി, ഈ രാജ്യത്തിന് നല്‍കിയിട്ടുള്ള സംഭാവനകളുടെ ഓര്‍മകളിലൂടെ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.

 

 

Latest News