തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ പ്രോജക്ട് മാനേജരും ബ്രിട്ടീഷ്-ഇറാന്‍കാരിയുമായ നസാനിന്‍ സഗാരി-റാറ്റ്ക്ലിഫ്, 2016 ഏപ്രിലില്‍ തന്റെ രണ്ട് വയസ്സുള്ള മകള്‍ ഗബ്രിയേലയോടൊപ്പം ഇറാനിലെ മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനിടെ ചാരവൃത്തി ആരോപിച്ചാണ് അറസ്റ്റിലായത്. ആറ് വര്‍ഷത്തെ ഇറാന്‍ തടങ്കലില്‍ നിന്ന് കഴിഞ്ഞയാഴ്ചയാണ് അവര്‍ മോചിക്കപ്പെട്ടത്.
ഇറാനിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട് അഞ്ച് വര്‍ഷത്തെ തടവിനാണ് അവര്‍ ആദ്യം ശിക്ഷിക്കപ്പെട്ടത്. തുടര്‍ന്ന്, 2021 ഏപ്രിലില്‍, സര്‍ക്കാരിനെതിരായ കുപ്രചരണത്തിന്റെ പേരില്‍ അവര്‍ക്ക് ഒരു വര്‍ഷം കൂടി തടവ് വിധിക്കുകയായിരുന്നു. എന്നാല്‍ എക്കാലവും സഗാരി-റാറ്റ്ക്ലിഫ് ആ ആരോപണങ്ങള്‍ നിരസിക്കുകയും തന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ വേണ്ടി മാത്രമാണ് ഇറാനില്‍ താനെത്തിയതെന്ന് വാദിക്കുകയും ചെയ്യുന്നു.
തന്റെ ഭര്‍ത്താവിനോടും മകളോടുമൊപ്പം വീണ്ടും ഒന്നിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷത്തിലാണെന്നും ഏറെ വികാരഭരിതയാണെന്നും യുകെയിലേക്കുള്ള നാടകീയമായ തിരിച്ചുവരവിന് ശേഷം നസാനിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പക്ഷേ, ഇത് ആറ് വര്‍ഷം മുമ്പ് സംഭവിക്കേണ്ടതായിരുന്നുവെന്നും അവര് കൂട്ടിച്ചേര്‍ത്തു. തനിക്കുവേണ്ടി നിരന്തര പോരാട്ടം നടത്തിയ ഭര്‍ത്താവിനും ക്ഷമയോടെ കാത്തിരുന്ന മകള്‍ക്കും സഗാരി-റാറ്റ്ക്ലിഫ് നന്ദി പറയുകയും ചെയ്തു.
വിമാനത്തില്‍ വന്നിറങ്ങിയ നിമിഷത്തെ, മകളെ വീണ്ടും കണ്ട ആ നിമിഷത്തെ, അമൂല്യവും വര്‍ണ്ണനാതീതവുമെന്നാണ് സഗാരി-റാറ്റ്ക്ലിഫ് വിവരിച്ചത്. ആ നിമിഷത്തിന് വേണ്ടിയാണ് ഇത്രയും നാള്‍ ഞാന്‍ കാത്തിരിക്കുന്നത്- അവള്‍ പറഞ്ഞു. തങ്ങളെ വീണ്ടും ഒന്നിപ്പിച്ചതിന് സഗാരിയുടെ ഭര്‍ത്താവും ഏവരോടും നന്ദി പറഞ്ഞു. പക്ഷേ ഇറാനിലെ ജയിലില്‍ നിന്ന് തന്നെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഇത്രയധികം സമയമെടുക്കാന്‍ പാടില്ലായിരുന്നുവെന്നാണ് സഗാരി-റാറ്റ്ക്ലിഫ് പറയുന്നത്.
ബ്രിട്ടീഷുകാരില്‍ നിന്ന് എന്തെങ്കിലും ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അത് ലഭിക്കുന്നതുവരെ തന്നെ വിട്ടയയ്ക്കില്ലെന്നും അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ഇറാനിയന്‍ അധികാരികള്‍ തന്നോട് പറഞ്ഞതായും സഗാരി വെളിപ്പെടുത്തി. പറഞ്ഞതുപോലെ തന്നെ അവര്‍ ചെയ്യുകയുമുണ്ടായി. സഗാരി-റാറ്റ്ക്ലിഫിന്റെ കേസുമായി ബന്ധമില്ലെങ്കിലും 1970-കളില്‍ യുകെ ഗവണ്‍മെന്റിന് ഇറാനുമായി ഉണ്ടായിരുന്ന 400 മില്യണ്‍ പൗണ്ട് കടം വീട്ടിയതിന് ശേഷമായിരുന്നു സഗാരി-റാറ്റ്ക്ലിഫിന്റെ മോചനം. യുകെയ്ക്ക് ഇറാനുമായി ഉണ്ടായിരുന്ന കടം വീട്ടാന്‍ ഇത്രയും സമയം എടുത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാന്‍ ഇപ്പോള്‍ ഉത്തരവായിട്ടുമുണ്ട്.
കഴിഞ്ഞ ആറു വര്‍ഷം താന്‍ കടന്നുപോയ അവസ്ഥകളെക്കുറിച്ച് പറയാന്‍ സഗാരി വിസമ്മതിച്ചു. അത് എക്കാലവും തന്നെ വേദനിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുന്ന ഓര്‍മ്മകളാണെന്നും അവയെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നാട്ടില്‍ വിമാനം ഇറങ്ങിയ നിമിഷം വലിയ ഭാരം തന്റെ നെഞ്ചില്‍ നിന്ന് ഇറങ്ങിയെന്നും അവര്‍ പറഞ്ഞു.
ഇറാനില്‍ ഇപ്പോഴും തടവിലാക്കിയിരിക്കുന്ന മറ്റ് ബ്രിട്ടീഷ് പൗരന്മാരുടെ ദുരവസ്ഥയേക്കുറിച്ചും സഗാരി വാര്‍ത്താ സമ്മേളനത്തില്‍ പരാമര്‍ശിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ആളുകളും തടവിലുള്ളതായി സഗാരി പറഞ്ഞു. ‘ഇറാനില്‍ അന്യായമായി തടങ്കലില്‍ കഴിയുന്ന എല്ലാവരും അവരവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കുന്ന കാലത്തോളം സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം ഒരിക്കലും പൂര്‍ണ്ണമാകില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു’. സഗാരി-റാറ്റ്ക്ലിഫ് പറഞ്ഞു.