Tuesday, June 16, 2026

യു.എസ്.- ഇറാൻ കരാറിനെ വിമർശിക്കാതെ നെതന്യാഹു; യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ കൈവരിച്ചു

യു.എസും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് പിന്നാലെ, പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആദ്യമായി തിങ്കളാഴ്ച വൈകുന്നേരം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്. ഇറാനെതിരെയുള്ള സൈനിക നടപടി വൻ വിജയമായിരുന്നുവെന്ന് അവകാശപ്പെട്ട അദ്ദേഹം, എന്നാൽ യു.എസും ഇറാനും തമ്മിലുണ്ടാക്കിയ കരാറിലെ വിശദവിവരങ്ങൾ തനിക്ക് ഇപ്പോഴും അറിയില്ലെന്ന് സമ്മതിക്കുകയും ചെയ്തു.

സമാധാന ചർച്ചകളുടെ ഒരു ഘട്ടത്തിലും ഇസ്രായേലിനെ ഉൾപ്പെടുത്തിയിരുന്നില്ല എന്ന വസ്തുത അടിവരയിടുന്നതായിരുന്നു നെതന്യാഹുവിന്റെ വാക്കുകൾ. ഞായറാഴ്ച രാത്രി ഡിജിറ്റലായി ഒപ്പുവെച്ചതും വരുന്ന വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ ഔദ്യോഗികമായി ഒപ്പുവെക്കാനിരിക്കുന്നതുമായ കരാറിന്റെ വിവരങ്ങൾ ഇസ്രായേലിന് ഇതുവരെ ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

യു.എസ്.-ഇസ്രായേൽ സംയുക്ത സൈനിക നീക്കം വൻ വിജയമായിരുന്നുവെന്ന് അദ്ദേഹം സമർത്ഥിച്ചു. ഇസ്രായേലിന്റെ സർവ്വനാശം ഒഴിവാക്കാൻ ഈ യുദ്ധത്തിലൂടെ സാധിച്ചുവെന്നാണ് നെതന്യാഹുവിന്റെ അവകാശവാദം. “ഒരു കരാറുണ്ടായാലും ഇല്ലെങ്കിലും, ഇറാൻ ആണവായുധം കൈവരിക്കില്ല — ഇന്നുമില്ല, നാളെയുമില്ല. ഞാൻ ഇസ്രായേലിന്റെ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം അത് സംഭവിക്കാൻ അനുവദിക്കില്ല. ഇത് എന്റെ ജീവിത ദൗത്യമാണ്,” നെതന്യാഹു പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News