Tuesday, January 21, 2025

പുതുവർഷം: ചിന്താധാര ഉയർത്തുക; നേട്ടങ്ങൾ കൊയ്യുക

അഡ്വ. ചാര്‍ളിപോള്‍

വിലയിരുത്തുക, വിഭാവനം ചെയ്യുക, വീണ്ടെടുക്കുക എന്നീ മൂന്ന് ദൗത്യങ്ങളാണ് പുതുവർഷത്തെ വരവേൽക്കുമ്പോൾ മനസ്സിലുണ്ടാകേണ്ടത്. പിന്നിട്ട വർഷത്തെ വിലയിരുത്തി, പാഠങ്ങൾ പഠിച്ച് പുതിയ കർമപദ്ധതികൾ വിഭാവനം ചെയ്യാനും നഷ്ടങ്ങൾ, കോട്ടങ്ങൾ, പോരായ്മകൾ എന്നിവ ഉണ്ടായിട്ടുണ്ടെങ്കിൽ അവ വീണ്ടെടുക്കാനുമുള്ള അവസരമാണ് പുതുവർഷം. വിജയങ്ങളും നേട്ടങ്ങളും സ്വപ്നം കാണുക, അവ ലഭിക്കുന്നതായി ചിന്തിക്കുക, വിശ്വസിക്കുക, ആസ്വദിക്കുക. അവയെല്ലാം വന്നുചേരും. ആരോഗ്യം, സമ്പത്ത്, സന്തോഷം, സമാധാനം എല്ലാം പുതുവർഷത്തിൽ ലഭിക്കട്ടെ. പുതുവർഷം വിജയവർഷമാകട്ടെ.

ബി. സി. 45 മുതലാണ് പുതുവർഷാഘോഷം നടന്നതായി കണക്കാക്കപ്പെടുന്നത്. കാരണം ജൂലിയൻ കലണ്ടർ നിലവിൽവന്നത് അന്നുമുതലാണ്. ജൂലിയസ് സീസർ അധികാരത്തിൽവന്നപ്പോൾ പഴയ റോമൻ കലണ്ടർ നീക്കി പുതിയ കലണ്ടർ തന്റെ പേരിൽ പുറത്തിറക്കുകയായിരുന്നു. റോമൻ വിശ്വാസപാരമ്പര്യത്തിൽ നിന്നാണ് ആദ്യമാസത്തിന് ജനുവരി എന്ന് പേര് ലഭിച്ചത്. ജാനൂസ് ഒരു റോമൻ ദേവതയാണ്. ജാനൂസിന് രണ്ട് മുഖങ്ങളുണ്ട്. ഒരു മുഖം പിന്നോട്ടും മറ്റേ മുഖം മുന്നോട്ടുo നോക്കുന്നുവെന്നാണ് സങ്കൽപം. ജാനൂസിൽ നിന്നാണ് ജനുവരി ഉണ്ടായത്. പഴയ വർഷത്തെയും പുതുവർഷത്തെയും കൂട്ടിയിണക്കുന്ന കണ്ണാടിയാണ് ജനുവരി. പഴയ വർഷത്തിൽ നിന്നുളള പാഠങ്ങൾ പുതുവർഷത്തിന്റെ ഗതിവേഗത്തിന് ഊർജം  പകരും. വ്യക്തി-കുടുംബ-സാമൂഹ്യജീവിതതലങ്ങളിൽ ഗുണപരമായ മാറ്റങ്ങൾക്കുവേണ്ടിയുള്ള തീരുമാനങ്ങൾ പുതുവർഷത്തിൽ എടുക്കാം. അവയിൽ ഉറച്ചുനിൽക്കാം.

ചിന്തകളും വികാരങ്ങളുമാണ് നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്. ശ്രീബുദ്ധൻ പറയുന്നു: “നമ്മൾ എന്താണോ അതെല്ലാം നമ്മുടെ ചിന്തകളുടെ ഫലമാണ്.” തത്വചിന്തകനായ റാൽഫ് വാൾഡോ എമേഴ്സണും ചിന്തയുടെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്: “പ്രവർത്തിയുടെ മുൻഗാമി ചിന്തയാണ്. എല്ലാ ചിന്തകളും പ്രവർത്തിയായി പരിണമിക്കുന്നു. ഒരുവൻ അവന്റെ നിരന്തര ചിന്തയുടെ ആകെത്തുകയാണ്.” “മനസ്സിന് സങ്കൽപിക്കാൻ കഴിയുന്നതെല്ലാം  കഴിയും” എന്നാണ് ഡബ്ലിയു. ക്ലെമന്റ് സ്റ്റോൺ പറയുന്നത്. ഒരു ദിവസം നമ്മുടെ മനസ്സിലൂടെ അറുപതിനായിരത്തിലധികം ചിന്തകൾ കടന്നുപോകുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. പുതുവർഷത്തിലെ ചിന്തകൾ സർഗാത്മകവും പോസിറ്റീവും ആകട്ടെ. നെഗറ്റീവ് പറയുന്നവരുമായി അകലം പാലിക്കുക . ചിന്താധാര ഉയർത്തുക, നേട്ടങ്ങൾ കൊയ്യുക.

ശുഭാപ്തിവിശ്വാസം എന്ന അടിത്തറയിൽ പ്രത്യാശ എന്ന ശക്തമായ ആയുധവുമായി മുന്നേറിയാൽ നേട്ടം കൊയ്യാം. പൗലോ കൊയ്ലോ തന്റെ ‘ആൽക്കമെസ്റ്റ്’ എന്ന നോവലിൽ പറയുന്നു: “നിങ്ങൾക്കെന്തെങ്കിലും വളരെയേറെ ആവശ്യമുള്ളപ്പോൾ ഈ പ്രപഞ്ചം നിങ്ങൾക്ക് ശരിയായ ദിശയിലേക്കുള്ള സൂചന നൽകും. സ്വപ്നം സഫലമാക്കാനുള്ള ഗൂ ഢോപദേശം നല്കും. നിങ്ങളുടെ ഔത്സുക്യങ്ങൾ വ്യക്തതാബോധം സമ്മാനിക്കും. മാർഗതടസ്സങ്ങൾ കേവലം താൽകാലികമാണെന്ന അറിവിന്റെ ആയുധം നൽകി നിങ്ങളെ യുദ്ധസജ്ജനാക്കും.”

പരാജയത്തിന്റെ ഗർഭപാത്രത്തിൽനിന്നാണ് വിജയത്തിന്റെ പിറവി. എല്ലാ കാർമേഘപടലങ്ങളിലും ഒരു വിജയത്തിന്റെ രജതരേഖ എപ്പോഴുമുണ്ടായിരിക്കും. അത് കണ്ടെത്തി, മാർഗം തേടി മുന്നേറുമ്പോഴാണ് വിജയങ്ങൾ വന്നുചേരുന്നത്. സന്തോഷം, സ്നേഹം, സമൃദ്ധി, ഐശ്വര്യം, സമാധാനം, സംതൃപ്തി, നിർവൃതി, വിജയം എല്ലാം പുതുവർഷം പ്രദാനം ചെയ്യട്ടെ.

അഡ്വ. ചാർളി പോൾ
ട്രെയ്നർ, മെന്റർ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News