Monday, June 22, 2026

ലോകകപ്പ് ആവേശത്തിനിടെ ഹോളോകോസ്റ്റ് അതിജീവനത്തിന്റെ ഓർമ്മ പുതുക്കി ന്യൂയോർക്കിലെ മ്യൂസിയം

അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾക്കായി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരും ടീമുകളും ന്യൂയോർക്കിലേക്ക് എത്തുന്ന പശ്ചാത്തലത്തിൽ, ശ്രദ്ധേയമായ ഒരു ചരിത്ര പ്രദർശനത്തിന് വേദിയാവുകയാണ് നഗരം. നാസി ഭരണകൂടത്തിന്റെ ക്രൂരമായ ഹോളോകോസ്റ്റ് പീഡനങ്ങളെ അതിജീവിച്ച പ്രമുഖ ജൂത പ്രൊഫഷണൽ ഫുട്ബോൾ താരം പോൾ മഹ്‌ററുടെ (Paul Mahrer) ജീവിതകഥയാണ് ന്യൂയോർക്കിലെ ‘മ്യൂസിയം ഓഫ് ജൂത ഹെറിറ്റേജ്’ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

‘ഞാൻ വീണ്ടും ഫുട്ബോൾ കളിച്ചുവെന്ന് ഞങ്ങളുടെ മകനോട് പറയുക’ (Tell Our Boy That I Played Soccer Again) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക പ്രദർശനം മെയ് 3ന് ആരംഭിച്ച് ജൂലൈ 31 വരെയാണ് നടക്കുന്നത്. കായികരംഗം വെറുമൊരു കളി എന്നതിലുപരി മനുഷ്യർക്ക് അതിജീവനത്തിനുള്ള കരുത്തായി മാറിയത് എങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രദർശനം.

രണ്ടാം ലോകമഹായുദ്ധകാലത്ത് പോൾ മഹ്‌ററും ഭാര്യയും വ്യത്യസ്ത നാസി തടങ്കൽപ്പാളയങ്ങളിൽ അടയ്ക്കപ്പെട്ടപ്പോൾ അവർക്കിടയിൽ രഹസ്യമായി കൈമാറിയ കത്തുകൾ, അപൂർവ്വ ചിത്രങ്ങൾ, ചരിത്ര രേഖകൾ എന്നിവയാണ് ഈ പ്രദർശനത്തിന്റെ പ്രധാന ആകർഷണം. താൻ കുടുംബത്തെയും ഫുട്ബോളിനെയും എത്രമാത്രം സ്നേഹിക്കുന്നു എന്ന് മകൻ അറിയാൻ നാസി തടങ്കൽപ്പാളയത്തിൽ നിന്ന് മഹ്‌റർ ഭാര്യയ്ക്ക് എഴുതിയ വരികളിൽ നിന്നാണ് പ്രദർശനത്തിന് ഈ പേര് ലഭിച്ചത്. “ഞാൻ വീണ്ടും ഫുട്ബോൾ കളിച്ചുവെന്നും നന്നായി കളിച്ച് വിജയിച്ചുവെന്നും നമ്മുടെ മകനോട് പറയുക,” എന്നായിരുന്നു കത്തിലെ വരികൾ.

1942-ൽ നാസി രഹസ്യപ്പൊലീസ് അദ്ദേഹത്തെ നാടുകടത്തുന്നതിന് മുൻപ്, 1924-ലെ പാരീസ് ഒളിമ്പിക്സിൽ അന്നത്തെ ചെക്കോസ്ലോവാക്യൻ ദേശീയ ടീമിനെ മഹ്‌റർ പ്രതിനിധീകരിച്ചിരുന്നു. 1920-കളിലും 30-കളിലും അന്താരാഷ്ട്ര തലത്തിൽ തിളങ്ങിനിന്ന അദ്ദേഹം, പിന്നീട് നാസികൾ തടവിലാക്കിയ 1,40,000 ജൂതന്മാരിൽ ഒരാളായി ‘തെരേസിയൻസ്റ്റാഡ്’ (Theresienstadt) കോൺസെൻട്രേഷൻ ക്യാമ്പിൽ എത്തിപ്പെട്ടു. ക്യാമ്പിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരിൽ നാലിൽ മൂന്ന് ഭാഗം പേരും ക്രൂരമായി കൊല്ലപ്പെട്ടെങ്കിലും മഹ്‌റർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News