കോഴിക്കോട് ജില്ലയെ ആശങ്കയിലാഴ്ത്തിയ നിപ വൈറസ് ഭീതിക്ക് താൽക്കാലിക ആശ്വാസം. നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന അവസാന മൂന്ന് പേരെയും ഡിസ്ചാർജ് ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതോടെ നിലവിൽ ആശുപത്രികളിൽ നിപ നിരീക്ഷണത്തിൽ ആരും തന്നെ അവശേഷിക്കുന്നില്ല.
ഹൈറിസ്ക് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നതും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതുമായ 14 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. എങ്കിലും പ്രതിരോധ നടപടികളുടെ ഭാഗമായി നിരീക്ഷണം ശക്തമായി തുടരുകയാണ്. സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ഒരു ആരോഗ്യപ്രവർത്തകന്റെ സാമ്പിൾ കൂടി വെള്ളിയാഴ്ച പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
നിപ ഭീതിക്ക് ആശ്വാസമാകുമ്പോഴും സംസ്ഥാനത്ത് ബാക്ടീരിയൽ അണുബാധയായ ഷിഗെല്ല കേസുകൾ ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. വെള്ളിയാഴ്ച സംസ്ഥാനത്താകെ പത്ത് പുതിയ ഷിഗെല്ല കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മൂന്ന് കേസുകൾ, തിരുവനന്തപുരത്ത് രണ്ട് കേസുകൾ, തൃശ്ശൂരിൽ രണ്ട് കേസുകൾ, മലപ്പുറത്ത് രണ്ട് കേസുകൾ, പാലക്കാട് ഒരു കേസ് എന്നിങ്ങനെയാണ് പുതിയ കേസുകൾ.

