സിറിയയ്ക്കും തുര്‍ക്കിക്കും ഇടയിലുള്ള അതിര്‍ത്തി മതിലിനോട് വളരെ ചേര്‍ന്ന് ധാരാളം കൂടാരങ്ങള്‍ കാണാം. ദശാബ്ദത്തിലേറെ പഴക്കമുള്ള ആഭ്യന്തരയുദ്ധത്തില്‍ കുടിയിറക്കപ്പെട്ട സിറിയക്കാരാണ് ഇവിടെ ഈ കൂടാരങ്ങളില്‍ താമസിക്കുന്നത്. ഇപ്പോള്‍ അവര്‍ ഭൂകമ്പത്തെ അതിജീവിച്ചവരുമാണ്. സിറിയയില്‍ ദുരന്തങ്ങള്‍ ഒന്നിനു പുറകേ ഒന്നായി വന്നിറങ്ങുമ്പോള്‍ അതിന്റെയെല്ലാം പ്രത്യാഘാതവും ദുരിതവും ഇവര്‍ അനുഭവിച്ചുപോരുന്നു. പക്ഷേ അതിനേക്കാളൊക്കെ അവരെ വേദനിപ്പിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന അവഗണനയാണ്.
ഭൂകമ്പം ഇരു രാജ്യങ്ങളിലും (തുര്‍ക്കിയിലും സിറിയയിലും) നാശം വിതച്ചു. എന്നാല്‍ അന്താരാഷ്ട്ര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചെക്ക്പോസ്റ്റുകള്‍ വഴി അട്ടിമറിക്കപ്പെടുകയാണ്. തെക്കന്‍ തുര്‍ക്കിയില്‍, ഹെവി ലിഫ്റ്റിംഗ് ഗിയര്‍, പാരാമെഡിക്കുകള്‍, സ്‌നിഫര്‍ നായ്ക്കള്‍ എന്നിവയുമായി ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍ തെരുവുകളില്‍ പ്രവര്‍ത്തനനിരതരാണ്. ഭൂകമ്പത്തെ അതിജീവിച്ചവരെ കണ്ടെത്താന്‍ ഇപ്പോഴും അവിടെ ആളുകള്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഇത്തരത്തിലുള്ള യാതൊരു രക്ഷാപ്രവര്‍ത്തനവും, ദുരിതാശ്വാസപ്രവര്‍ത്തനവും നടക്കുന്നില്ല.
തുര്‍ക്കിയിലെ പല നഗരങ്ങളിലും ആംബുലന്‍സ് സൈറണുകള്‍ രാത്രി മുഴുവന്‍ മുഴങ്ങുന്നു, നൂറുകണക്കിന് ആളുകള്‍ മണ്ണ് നീക്കുകയും 24 മണിക്കൂറും കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ തിരച്ചിലുകള്‍ നടത്തുകയും ചെയ്യുന്നു. എന്നാല്‍ ഭൂകമ്പം സമാനമായി ബാധിച്ച സിറിയയിലെ മിക്ക പ്രവിശ്യകളിലേയും ഗ്രാമങ്ങളില്‍ നിശബ്ദതയാണ്.
സിറിയയിലെ അതിര്‍ത്തി പ്രദേശമായ ഇഡ്ലിബ് പ്രവിശ്യയിലെ ബ്‌സാനിയ ഗ്രാമത്തിലെ വീടുകള്‍ പലതും പുതുതായി നിര്‍മ്മിച്ചവയായിരുന്നു. അവയില്‍ 100-ലധികം വീടുകള്‍ ഭൂകമ്പത്തില്‍ തകര്‍ന്നിരിക്കുന്നു. ആ പ്രദേശം മുഴുവന്‍ വെള്ളപ്പൊടിപടലങ്ങളാല്‍ മൂടിയിരിക്കുന്നു. അവ കൃഷിയിടത്തില്‍ ഉടനീളം പറന്നെത്തുകയും ചെയ്യുന്നു. ഗ്രാമത്തില്‍ ഇപ്പോള്‍ അവശിഷ്ടങ്ങളും പൊടിപടലങ്ങളും മാത്രമേ കാണാനാവുന്നുള്ളു.
അബു അല എന്ന വ്യക്തിയുടെ വീടിനെയും ഭൂകമ്പം വിഴുങ്ങി. അദ്ദേഹത്തിന്റെ രണ്ട് മക്കളുടെ ജീവനും അപഹരിച്ചു. ‘അതാണ് എന്റെ വീട്’!. അവശിഷ്ടങ്ങളുടെ കൂമ്പാരം ചൂണ്ടിക്കാണിച്ച് അദ്ദേഹം പറയുന്നു. ‘ഞാനും എന്റെ ഭാര്യയും മക്കളും ഇവിടെ ഉറങ്ങുകയായിരുന്നു – വാലാ, എന്റെ മകള്‍, 15 വയസ്സുള്ള പെണ്‍കുട്ടി, ബാല്‍ക്കണിക്ക് നേരെയുള്ള മുറിയില്‍ ആയിരുന്നു…ഒരു ബുള്‍ഡോസര്‍ എത്തിയാണ് അവളെ കണ്ടെത്തിയത്…’. നെഞ്ചുപൊട്ടുന്ന വേദനയോടെ അദ്ദേഹം പറയുന്നു. തുടര്‍ചലനങ്ങള്‍ ഉണ്ടായപ്പോള്‍ ഇരുട്ടില്‍ ഒലിവ് മരങ്ങള്‍ക്കിടയില്‍ അദ്ദേഹവും ഭാര്യയും ഒളിക്കുകയായിരുന്നു. കാണാതായ 13 വയസ്സുള്ള തന്റെ മകന്‍ അലയ്ക്കുവേണ്ടിയുള്ള തിരച്ചിലിനെക്കുറിച്ച് വിവരിക്കുമ്പോള്‍ അബു അല ആകെ തകര്‍ന്നു. ‘അടുത്ത ദിവസം വൈകുന്നേരം വരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരഞ്ഞിട്ടാണ് അവന്റെ മൃതശരീരം ഞങ്ങള്‍ക്ക് കിട്ടിയത്’. അദ്ദേഹം പറഞ്ഞു. ‘ഞാന്‍ എന്താണ് ഇനി ചെയ്യേണ്ടത്? കൂടാരങ്ങളോ സഹായങ്ങളോ ഒന്നുമില്ല ഞങ്ങള്‍ക്ക്. ഇതുവരെ ദൈവത്തിന്റെ കരുണയല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ല. തെരുവുകളില്‍ അലഞ്ഞുതിരിയാനാണോ ഞങ്ങളുടെ വിധി?’ അബു കണ്ണീരോടെ ചോദിക്കുന്നു.
പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, വൈറ്റ് ഹെല്‍മെറ്റ്‌സ് എന്നും അറിയപ്പെടുന്ന, സിറിയന്‍ സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് പിക്കാക്‌സുകളും ക്രോബാറുകളും ഉപയോഗിച്ച് തങ്ങളാല്‍ കഴിയുന്നത് ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആധുനിക രക്ഷാ ഉപകരണങ്ങള്‍ ഇല്ല എന്നത് വലിയ പ്രതിസന്ധിയാണ്.
വൈറ്റ് ഹെല്‍മെറ്റുകളില്‍ ഒരാളായ ഇസ്മായില്‍ അല്‍ അബ്ദുല്ലയ്ക്ക് പറയാനുള്ളത് സിറിയന്‍ ജനതയോടുള്ള ലോകത്തിന്റെ അവഗണനയെക്കുറിച്ചാണ്. അന്താരാഷ്ട്ര സമൂഹം സിറിയയെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ‘120 മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനുശേഷം ഞങ്ങള്‍ തിരച്ചില്‍ നിര്‍ത്തി. ഞങ്ങളുടെ ആളുകളെ രക്ഷിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു, പക്ഷേ അത് പൂര്‍ണമായും ഞങ്ങള്‍ക്ക് കഴിഞ്ഞില്ല, ആരും ഞങ്ങളെ ശ്രദ്ധിച്ചില്ല. അപകടം നടന്ന് ആദ്യ മണിക്കൂര്‍ മുതല്‍ ഞങ്ങള്‍ അടിയന്തര നടപടിക്കും അടിയന്തിര സഹായത്തിനും വേണ്ടി പലരേയും വിളിച്ചിരുന്നു. ആരും പ്രതികരിച്ചില്ല. പലരും ‘ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്’ എന്ന് പറയുക മാത്രമാണ് ചെയ്തത്. മറ്റൊരു സഹായവും ലഭിച്ചില്ല. ഞങ്ങള്‍ക്ക് ഉപകരണങ്ങള്‍ വേണമെന്ന് പലരോടും പറഞ്ഞു. ആരും പ്രതികരിച്ചില്ല’. ഇസ്മായില്‍ പറഞ്ഞു.
ഏതാനും സ്പാനിഷ് ഡോക്ടര്‍മാരൊഴികെ, അന്താരാഷ്ട്ര സഹായ സംഘങ്ങളൊന്നും സിറിയയുടെ ഈ ഭാഗത്ത് എത്തിയിട്ടില്ല. ബശ്ശാറുല്‍ അസദിന്റെ ഭരണത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ കേന്ദ്രമാണിവിടം. ഒരിക്കല്‍ അല്‍-ഖ്വയ്ദയുമായി അഫിലിയേറ്റ് ചെയ്തിരുന്ന ഒരു ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാം (HTS) ആണ് ഇത് നിയന്ത്രിക്കുന്നത്. ആ ലിങ്കുകള്‍ മുറിഞ്ഞെങ്കിലും മിക്കവാറും ഒരു സര്‍ക്കാരുകള്‍ക്കും അവരുമായി ഒരു ബന്ധവുമില്ല.
ഈ പ്രദേശത്ത് താമസിക്കുന്ന 1.7 ദശലക്ഷം ആളുകളും പ്രസിഡന്റ് അസദിന്റെ ഭരണത്തെ എതിര്‍ക്കുന്നവരാണ്. താല്‍ക്കാലിക ക്യാമ്പുകളിലും പുതുതായി നിര്‍മ്മിച്ച ഷെല്‍ട്ടറുകളിലുമാണ് അവര്‍ താമസിക്കുന്നത്. ഭൂരിഭാഗവും ഒന്നിലധികം തവണ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുമുണ്ട്. അതിനാല്‍ ഭൂകമ്പത്തിന് മുമ്പും ഇവിടെ ഇവരുടെ ജീവിതം വളരെ ബുദ്ധിമുട്ടായിരുന്നു.
സിറിയയുടെ ഈ ഭാഗത്ത് എത്തുന്ന അന്താരാഷ്ട്ര സഹായം വളരെ വിരളമാണ്. ഭൂകമ്പബാധിതരില്‍ പലരെയും സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റിയുടെ പിന്തുണയുള്ള ബാബ് അല്‍-ഹവ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടേയും സൗകര്യങ്ങള്‍ വളരെ കുറവാണ്. അന്താരാഷ്ട്ര സഹായങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാരും പറയുന്നു.
സിറിയന്‍ ജനത പലതവണ ഉപേക്ഷിക്കപ്പെട്ടിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ അവഗണിക്കപ്പെടാന്‍ തങ്ങള്‍ ശീലിച്ചുവെന്ന് പലരും പറയുന്നു. എങ്കിലും ഈയൊരവസ്ഥയില്‍ പോലും കൂടുതല്‍ മാനുഷിക പരിഗണനയോ സഹായമോ ലഭിക്കാത്തതില്‍ എല്ലാവര്‍ക്കും സങ്കടമുണ്ട്. സിറിയയിലെ ജീവനുകള്‍ വിലകുറഞ്ഞവയാണോയെന്നും അവര്‍ ചോദിക്കുന്നു.