ഉത്തരകൊറിയ അതിന്റെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. വ്യാഴാഴ്ചയാണ് ഹ്വാസോങ് 17 എന്ന ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. 2017 നുശേഷം ആദ്യമായാണ് ഉത്തരകൊറിയ ഭൂഖണ്ഡാനന്തര മിസൈല്‍ പരീക്ഷിക്കുന്നതും. അന്നത്തേതിനേക്കാള്‍ ശക്തിയേറിയ മിസൈലാണ് ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്നത്.
ഉത്തരകൊറിയന്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. മിസൈല്‍ പരീക്ഷിച്ച് ഒരു ദിവസത്തിനുശേഷം ഇതിന്റെ ദൃശ്യങ്ങള്‍ ഉത്തരകൊറിയന്‍ ദേശീയ ടെലിവിഷന്‍ പുറത്തുവിടുകയായിരുന്നു. മനോഹരമായി എഡിറ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളാണ് സര്‍ക്കാര്‍ ടെലിവിഷന്‍ പുറത്തുവിട്ടിരിക്കുന്നത്. മിസൈല്‍ പരീക്ഷണത്തേക്കാള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരിക്കുന്നതും ഈ വീഡിയോയാണ്. അതിനു കാരണവുമുണ്ട്.
അത്യന്തം നാടകീയമായിരുന്നു വീഡിയോയിലെ ദൃശ്യങ്ങള്‍ മുഴുവനും. ഭീമാകാരമായ മിസൈലിനൊപ്പം ലെതര്‍ ജാക്കറ്റും, സണ്‍ഗ്ലാസും ധരിച്ചെത്തുന്ന ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നാണ് വീഡിയോയിലെ പ്രധാന ആകര്‍ഷണം. അടുത്തിടെ ശരീരഭാരം കുറച്ച കിമ്മിന്റെ പുതിയ രൂപവും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. ഹ്വാസോങ്-17 മിസൈല്‍ തൊടുത്തുവിടാന്‍ തയ്യാറെടുക്കുമ്പോള്‍, കിം ജോങ് ഉന്‍, രണ്ട് ജനറലുകള്‍ക്കൊപ്പം സ്‌ക്രീനിലേക്ക് എത്തുന്നു. പിന്നീട് സ്ലോ മോഷനില്‍ നടക്കുന്നു…വാച്ചിലെ സമയം പരിശോധിക്കുന്നു… പിന്നാലെ സണ്‍ഗ്ലാസ് ഊരിമാറ്റി തലയാട്ടുന്നു… ഭീമാകാരമായ മിസൈല്‍ വിക്ഷേപിക്കുവാന്‍ യഥാസ്ഥാനത്തേക്ക് നീങ്ങുന്നു.
ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതമാണ് വീഡിയോയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ബോളിവുഡ്, ഹോളിവുഡ് സിനിമകളിലെ ക്ലൈമാക്‌സ് രംഗത്തിന് സമാനമായാണ് കൗണ്ട്ഡൗണ്‍ രംഗം ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയുടെ ശൈലി ഉത്തരകൊറിയയുടെ സൈനിക ശേഷിയില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രകടമാക്കുന്നതാണെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.
കിമ്മിന്റെ പിതാവും മുന്‍ഗാമിയുമായ കിം ജോങ് ഇല്‍ 1978-ല്‍ ഒരു ദക്ഷിണ കൊറിയന്‍ ചലച്ചിത്ര സംവിധായകനെയും ഒരു നടിയെയും ഉത്തരകൊറിയയിലെ സിനിമാ വ്യവസായത്തിന്റെ വികസനത്തിനായി തട്ടിക്കൊണ്ടുപോകാന്‍ ഉത്തരവിട്ട കടുത്ത സിനിമാ ആരാധകനായിരുന്നു. ഇപ്പോള്‍ കിമ്മിന്റേതായി പുറത്തുവിട്ട ഏറ്റവും പുതിയ പ്രചരണ വീഡിയോ ക്രൈം സിനിമകളായ ‘റിസര്‍വോയര്‍ ഡോഗ്സ്’, ‘ന്യൂ വേള്‍ഡ്’ എന്നിവയെ ഓര്‍മ്മിപ്പിക്കുന്നു എന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്. കിമ്മും അദ്ദേഹത്തിന്റെ ജനറല്‍മാരും പ്യോങ്യാങ്ങിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹാംഗറില്‍ നിന്ന് മിസൈല്‍ ലോഞ്ചറിന് മുന്നില്‍ നിന്ന് പുറത്തേക്ക് പോകുന്നത് 1983 ലെ ബ്ലോക്ക്ബസ്റ്റര്‍ സിനിമയായ ‘ദ റൈറ്റ് സ്റ്റഫിനെ’ അനുകരിക്കുന്നതായി ചിലര്‍ പറയുന്നു.
ഹ്വാസോങ്-17 എന്ന ഭീമാകാരമായ ഐസിബിഎം ആദ്യമായി 2020 ഒക്ടോബറില്‍ അനാച്ഛാദനം ചെയ്തിരുന്നു. അന്ന് ‘മോണ്‍സ്റ്റര്‍ മിസൈല്‍’ എന്നാണ് വിദഗ്ധര്‍ അതിനെ വിശേഷിപ്പിച്ചത്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പങ്കെടുത്ത വിക്ഷേപണം മാര്‍ച്ച് 24 വ്യാഴാഴ്ചയാണ് നടന്നത്. 4,052 സെക്കന്‍ഡ് അഥവാ 67.5 മിനിറ്റ് നീണ്ടുനിന്ന പരീക്ഷണത്തിനിടെ മിസൈല്‍ 1,090 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതായി ഉത്തരകൊറിയയുടെ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
മിസൈല്‍, ജപ്പാന്റെ കിഴക്കന്‍ കടലില്‍ കൃത്യമായി വീഴ്ത്തുന്നതില്‍ വിജയിച്ചുവെന്ന് പറയുന്നതിനപ്പുറം മിസൈല്‍ എവിടെയാണ് പതിച്ചതെന്ന് ഉത്തര കൊറിയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. അയല്‍ സംസ്ഥാനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ലംബമായി പരീക്ഷിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കിം ജോങ് ഉന്‍ അഭിമാനത്തോടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന ആയുധമാണ് ഹ്വാസോങ്-17. പ്രകോപനമുണ്ടായാല്‍ എവിടെ വേണമെങ്കിലും ആക്രമിക്കാനുള്ള ശേഷി ഉത്തരകൊറിയക്കുണ്ടെന്ന സന്ദേശമാണ് അദ്ദേഹം ഈ മിസൈലിലൂടെയും ആ വീഡിയോയിലൂടെയും ലോകത്തിന്, പ്രത്യേകിച്ച് യു.എസിന്, കൈമാറുന്നതെന്നു വേണം മനസിലാക്കാന്‍.