ലോകത്തിലെ ഏറ്റവും കടുത്ത മാനുഷിക പ്രതിസന്ധികളിലൊന്നിനെ നേരിടുന്ന സൊമാലിയ വീണ്ടുമൊരു വൻ ദുരന്തത്തിന്റെ വക്കിലേക്ക് നീങ്ങുകയാണെന്ന് വിവിധ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നിലനിർത്താൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലെന്നും, ഈ സാഹചര്യത്തിൽ ആഗോള സമൂഹത്തിന്റെ നിരന്തരമായ പിന്തുണ അടിയന്തിരമായി ആവശ്യമാണെന്നും കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട സംഘടനകൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സഹായ ഏജൻസികൾ വെളിപ്പെടുത്തുന്നു.
“സൊമാലിയയിലുടനീളം ഏകദേശം 65 ലക്ഷം ആളുകൾ കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുന്നുണ്ട്. കൂടാതെ 18 ലക്ഷത്തിലധികം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നു. ഇവരിൽ ലക്ഷക്കണക്കിന് കുട്ടികൾ അടിയന്തിര ചികിത്സ ആവശ്യമുള്ളവിധം അതികഠിനമായ പോഷകാഹാരക്കുറവാണ് നേരിടുന്നത്.” എന്ന് ‘സേവ് ദി ചിൽഡ്രൻ ഇന്റർനാഷണൽ’, ‘എസ്.ഒ.എസ് ചിൽഡ്രൻസ് വില്ലേജസ് ഇന്റർനാഷണൽ’ തുടങ്ങിയ സംഘടനകൾ മെയ് 20-ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
വെറും അക്കങ്ങളല്ല, പ്രതിസന്ധിയിലായ മനുഷ്യരാണ്
“പട്ടിണിയോടെ ഉറങ്ങാൻ പോകുന്ന കുട്ടികളെയും, തുടർച്ചയായ വരൾച്ചയും ആഭ്യന്തര യുദ്ധങ്ങളും കാരണം വീടുവിട്ടിറങ്ങേണ്ടി വന്ന കുടുംബങ്ങളെയും, തങ്ങളുടെ കുട്ടികളെ ജീവനോടെ നിലനിർത്താൻ അസാധ്യമായ പോരാട്ടങ്ങൾ നടത്തുന്ന അമ്മമാരെയുമാണ് ഈ കണക്കുകൾ പ്രതിനിധീകരിക്കുന്നത്.” ഇത് വെറും അക്കങ്ങൾ മാത്രമല്ലെന്ന് സംഘടനകൾ ഓർമ്മിപ്പിച്ചു. ഭക്ഷ്യസുരക്ഷയും പോഷകാഹാരക്കുറവും അളക്കുന്ന ആഗോള സംവിധാനമായ ‘ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ’ (IPC) പുറത്തുവിട്ട ഏപ്രിൽ-ജൂൺ മാസങ്ങളിലെ ഏറ്റവും പുതിയ വിവരങ്ങളുമായി ഈ കണക്കുകൾ പൊരുത്തപ്പെടുന്നു.
മൊഗാദിഷുവിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ കൂടിയായ ജിബൂട്ടിയിലെ ബിഷപ്പ് ജമാൽ ബൗലോസ് സ്ലീമാൻ ദൈബെസ്, രാജ്യത്തെ സങ്കീർണ്ണമായ ഈ അവസ്ഥയിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയും പിന്തുണയും ക്ഷണിച്ചു. “മാനവീയ സാഹചര്യം വളരെ ഗുരുതരമാണ്. ഇക്കാരണത്താൽ, അന്താരാഷ്ട്ര സമൂഹത്തിന്റെ നിരന്തരമായ പിന്തുണയും ഐക്യദാർഢ്യവും അത്യാവശ്യമാണ്” ബിഷപ്പ് ദൈബെസ് ഒ.എസ്.വി (OSV) ന്യൂസിനോട് പറഞ്ഞു. ആവർത്തിച്ചുള്ള വരൾച്ച, പലായനം, ഭക്ഷ്യസുരക്ഷയില്ലായ്മ, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. എന്നാൽ ലഭ്യമായ വിഭവങ്ങൾ ഒട്ടും പര്യാപ്തമല്ല.
അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ദശലക്ഷങ്ങൾ
കരിത്താസ് സൊമാലിയയും മറ്റ് അന്താരാഷ്ട്ര പങ്കാളികളും സഹായ പ്രവർത്തനങ്ങൾ തുടരുന്നുണ്ടെങ്കിലും, ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും ആരോഗ്യസംരക്ഷണവും ശുദ്ധജലവും ലഭിക്കുന്നില്ല.
“ഇത്രയൊക്കെ പ്രതിസന്ധികൾക്കിടയിലും സൊമാലിയൻ ജനതയുടെ സഹിഷ്ണുതയും അന്തസ്സും നമുക്ക് കാണാൻ കഴിയും. സ്ഥിരത വീണ്ടെടുക്കാനായി പ്രാദേശിക ഭരണകൂടങ്ങളും അന്താരാഷ്ട്ര പങ്കാളികളും ശ്രമിക്കുന്നുണ്ട്. എങ്കിലും, ഇവിടുത്തെ ആവശ്യങ്ങൾ വളരെ വലുതാണ്,” ബിഷപ്പ് ദൈബെസ് പറഞ്ഞു.
കഴിഞ്ഞ മാർച്ച് അവസാനം കരിത്താസ് സൊമാലിയ പുറത്തിറക്കിയ പ്രസ്താവനയിൽ, സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് ഈ പ്രതിസന്ധിയുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ആവശ്യമായ ഫണ്ടിന്റെ 11 ശതമാനം മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അതിനാൽ, ഏറ്റവും ദുർബലരായ സ്ത്രീകളുടെയും കുട്ടികളുടെയും ജീവൻ രക്ഷിക്കാൻ ആവശ്യമായ ധനസഹായം അടിയന്തിരമായി നൽകണമെന്ന് കരിത്താസ് ദാതാക്കളോട് അഭ്യർത്ഥിച്ചു.
ഇന്ധനവിലയിൽ 150% വർദ്ധനവ്
സാമ്പത്തിക പ്രതിസന്ധികൾ മാനവീയ ആവശ്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നുവെന്ന് ദുരിതാശ്വാസ പ്രവർത്തകർ പറയുന്നു. നോർവീജിയൻ റീഫ്യൂജി കൗൺസിലിന്റെ സൊമാലിയ കൺട്രി ഡയറക്ടറായ മുഹമ്മദ് അബ്ദി വ്യക്തമാക്കുന്നത്, ഹോർമുസ് കടലിടുക്ക് അടച്ചതിനുശേഷം ഇന്ധനവില 150 ശതമാനത്തോളവും അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില 50 ശതമാനത്തോളവും വർദ്ധിച്ചുവെന്നാണ്.
“ആവശ്യമായ ദുരിതാശ്വാസ ഫണ്ടിന്റെ 15% മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. കൺമുന്നിൽ സ്ഥിതിഗതികൾ വഷളാകുന്നത് ഞങ്ങൾ കാണുന്നു, എന്നാൽ ഇത് തടയാനുള്ള വിഭവങ്ങൾ ഞങ്ങളുടെ പക്കലില്ല,” അബ്ദി പറഞ്ഞു.
2025-ൽ ട്രംപ് ഭരണകൂടം യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് (USAID) നിർത്തലാക്കിയതും, ഇറാൻ യുദ്ധവും സൊമാലിയയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഭക്ഷണത്തിനും വളത്തിനും ഇന്ധനത്തിനുമായി സൊമാലിയ മറ്റ് രാജ്യങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ ഈ അവശ്യസാധനങ്ങളുടെ വില ഇരട്ടിയായി. യുദ്ധം പോലുള്ള ആഗോള പ്രതിസന്ധികൾ സഹായങ്ങൾ ലഭിക്കാത്ത ഒരു കാലഘട്ടത്തിൽ ദരിദ്ര രാജ്യങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ആദ്യ ഉദാഹരമാണിത്.
സൊമാലിയയിലെ അവസ്ഥ എന്നെ ഞെട്ടിച്ചു
“മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി മുതൽ ഇറാഖിലെയും കംബോഡിയയിലെയും യുദ്ധങ്ങൾ വരെയുള്ള നിരവധി ദുരന്തങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഈയിടെ സൊമാലിയയിൽ ഞാൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾ എന്നെ ഞെട്ടിച്ചുകളഞ്ഞു,” ന്യൂയോർക്ക് ടൈംസിന് വേണ്ടി പീറ്റർ ഗുഡ്മാൻ റിപ്പോർട്ട് ചെയ്തു.
സൊമാലിയയിലെ ദീർഘകാലമായുള്ള രാഷ്ട്രീയ അസ്ഥിരത ദുരിതാശ്വാസ പ്രവർത്തനങ്ങളെ കൂടുതൽ പ്രയാസകരമാക്കുന്നു. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള അൽ-ഷബാബ് തീവ്രവാദ ഗ്രൂപ്പിന്റെ സാന്നിധ്യവും ആക്രമണങ്ങളും അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ കർശനമായ നിയമങ്ങളും സഹായങ്ങൾ എത്തിക്കുന്നതിന് തടസ്സമാകുന്നുണ്ട്.
കത്തോലിക്കാ സഭയുടെ കാരുണ്യപ്രവർത്തനങ്ങൾ
ഈ വെല്ലുവിളികൾക്കിടയിലും, കത്തോലിക്കാ സഭ വളരെ ജാഗ്രതയോടെയും എന്നാൽ അർത്ഥവത്തായും തങ്ങളുടെ സാന്നിധ്യം അവിടെ നിലനിർത്തുന്നുണ്ട്. സൊമാലിയയിലെ ജനസംഖ്യയിൽ 99.9% പേരും ഇസ്ലാം മതവിശ്വാസികളാണ്. ക്രൈസ്തവ സമൂഹം വളരെ ചെറുതാണ്. പതിറ്റാണ്ടുകളായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ സഭയുടെ ഭൂരിഭാഗം കെട്ടിടങ്ങളും തകർക്കപ്പെട്ടു. 1925-1928 കാലഘട്ടത്തിൽ നിർമ്മിച്ച മൊഗാദിഷുവിലെ പ്രധാന കത്തീഡ്രൽ 2008 മുതൽ തകർന്നടിഞ്ഞ നിലയിലാണ്. ഇപ്പോൾ ഈ സ്ഥലം അഭയാർത്ഥി ക്യാമ്പായാണ് ഉപയോഗിക്കുന്നത്.
തന്റെ ശുശ്രൂഷകൾ വളരെ വിവേകത്തോടെയും ജാഗ്രതയോടെയുമാണ് നിർവ്വഹിക്കുന്നതെന്ന് ബിഷപ്പ് ദൈബെസ് പറഞ്ഞു. “നേരിട്ടുള്ള സാന്നിധ്യം എപ്പോഴും സാധ്യമല്ലെങ്കിലും, സഭയുടെ സാമൂഹിക-മാനവീയ സേവന വിഭാഗമായ കരിത്താസ് സൊമാലിയയിലൂടെ ഞാൻ അവിടുത്തെ യാഥാർത്ഥ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്,” അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക സാഹചര്യങ്ങളെ മാനിച്ചുകൊണ്ട് വടക്കൻ പ്രദേശമായ സോമാലിലാൻഡിലെ വൈദികരുമായും മൊഗാദിഷുവിലെ ചാപ്ലയിന്മാരുമായും സഭ ബന്ധം പുലർത്തുന്നു. “സഭയുടെ ദൗത്യം പ്രധാനമായും കാരുണ്യപ്രവർത്തനങ്ങളിലൂടെയും, മനുഷ്യ സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിലൂടെയുമാണ് നിർവ്വഹിക്കപ്പെടുന്നത്,” ബിഷപ്പ് പറഞ്ഞു.
വലിയ ദുരിതങ്ങൾക്കിടയിലും, സൊമാലിയയുടെ ഭാവിയെക്കുറിച്ച് ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. സമാധാനവും പുനരധിവാസവും സാധ്യമാകണമെങ്കിൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകണമെന്നും, സമൂഹത്തിൽ പരസ്പര വിശ്വാസവും സഹകരണവും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

