റഷ്യയിലെ പ്രമുഖ നഗരമായ സെന്റ് പീറ്റേഴ്സ് ബർഗ് സ്ഥാപിക്കപ്പെട്ടത് 1703 മെയ് 27 നാണ്. അന്നത്തെ റഷ്യൻ സർ ആയിരുന്ന മഹാനായ പീറ്ററാണ് നഗരം സ്ഥാപിച്ചത്. രണ്ടുനൂറ്റാണ്ടു കാലം റഷ്യയുടെ തലസ്ഥാനമായിരുന്നു സെന്റ് പീറ്റേഴ്സ് ബർഗ്. റഷ്യൻ വിപ്ലവത്തിനു ശേഷമാണ് തലസ്ഥാനം മോസ്കായിലേക്കു മാറ്റിയത്.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു അന്തരിച്ചത് 1964 മെയ് 27 നാണ്. പദവിയിലിരിക്കുമ്പോഴാണ് അദ്ദേഹം മരണപ്പെട്ടത്. ഹൃദയാഘാതമായിരുന്നു മരണകാരണം. അന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ക്യാബിനറ്റ് മന്ത്രിയായിരുന്ന കോയമ്പത്തൂർ സുബ്രമഹ്ണ്യം നെഹ്റുവിന്റെ മരണവാർത്ത രാജ്യത്തെ അറിയിച്ചത്. രണ്ടരലക്ഷത്തോളം ആളുകൾ അദ്ദേഹത്തിന്റെ മൃതസംസ്കാരത്തിൽ പങ്കെടുത്തു. യമുനാതീരത്തെ ശാന്തിവനത്തിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്. മെയ് 27 നു രാത്രിതന്നെ ആഭ്യന്തരമന്ത്രിയായിരുന്ന ഗുൽസരിലാൽ നന്ദ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു.
മഹാത്മാഗാന്ധി വധക്കേസിലെ പ്രതികൾക്കെതിരെയുള്ള കോടതി നടപടികൾ ആരംഭിച്ചത് 1948 മെയ് 27 നായിരുന്നു. ചെങ്കോട്ടയിൽ പ്രത്യേകം തയ്യാറാക്കിയ കോടതിയിൽ വച്ചായിരുന്നു നടപടികൾ. എട്ടുമാസത്തിലധികം നീണ്ട വിചാരണയ്‌ക്കൊടുവിൽ 1949 ഫെബ്രുവരി പത്തിനാണ് കേസിന് അന്ത്യമായത്. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. ജസ്റ്റിസ് ആത്മചരൺ ആണ് വിധി പ്രസ്താവിച്ചത്. ഗോഡ്സെയ്ക്കൊപ്പം പ്രതിചേർക്കപ്പെട്ട മറ്റ് ഏഴുപേരിൽ നാരായൺ ആപ്തെയ്ക്കു വധശിക്ഷയും മറ്റ് ആറുപേർക്ക് ജീവപര്യന്തം തടവും കോടതി വിധിച്ചു. നവംബറിൽ ഗോഡ്സെ, ആപ്തെ എന്നിവരെ അംബാല ജയിലിൽ തൂക്കിലേറ്റി.

