Friday, July 10, 2026

ചരിത്രത്തിൽ ഈ ദിനം- ജൂലൈ 10

1806 ജൂലൈ 10നാണ് ബ്രിട്ടീഷുകാർക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ സംഘടിത പ്രതിഷേധങ്ങളിലൊന്നായ വെല്ലൂർ ലഹള നടന്നത്. രണ്ട് കാരണങ്ങളാണ് ലഹളയിലേക്ക് വഴിവെച്ചതെന്നാണ് കരുതപ്പെടുന്നത്. അതിൽ ആദ്യത്തേത് മദ്രാസ് ആർമിയുടെ യൂണിഫോം പരിഷ്കരിക്കാൻ കമാൻഡർ ഇൻ ചീഫായിരുന്ന ജനറൽ ജോൺ ക്രാഡോക് നടത്തിയ ശ്രമങ്ങളായിരുന്നു. അത് ഇന്ത്യക്കാരായിരുന്ന ഹിന്ദു, മുസ്ലീം സൈനികരെ ചൊടിപ്പിച്ചു. ലഹളയിലേക്ക് നയിച്ച രണ്ടാമത്തെ കാരണമായി കരുതപ്പെടുന്നത് മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനെ വധിച്ച ശേഷം അദ്ദേഹത്തിന്റെ പത്നിയെയും മക്കളെയും വെല്ലൂരിൽ തടവിൽ പാർപ്പിച്ചതായിരുന്നു. തങ്ങളുടെ ഭരണാധികാരിയായിരുന്ന ടിപ്പുവിനോടുള്ള അനാദരവിൽ ജനങ്ങൾ അസ്വസ്ഥരായിരുന്നു. ടിപ്പുവിന്റെ പെൺമക്കളിലൊരാളുടെ വിവാഹദിവസമാണ് ആക്രമണം നടന്നത്. അഞ്ഞൂറോളം ഇന്ത്യൻ സൈനികർ വെല്ലൂർ കോട്ടയിൽ കടക്കുകയും നൂറോളം ബ്രിട്ടീഷ് പട്ടാളക്കാരെ വധിക്കുകയും ചെയ്തു. തുടർന്ന് ബ്രിട്ടീഷുകാരുടെ പതാകയായ യൂണിയൻ ജാക്കിനു പകരം അവിടെ ടിപ്പുവിന്റെ പതാക ഉയർത്തി, ടിപ്പുവിന്റെ രണ്ടാമത്തെ മകനെ രാജാവായി പ്രഖ്യാപിച്ചു. നേതൃത്വത്തിന്റെ അഭാവത്തിൽ അവിടം കൊണ്ട് ഇൗ പ്രതിഷേധങ്ങൾ അവസാനിക്കുകയും ചെയ്തു.

ഇന്ത്യൻ ആത്മീയ ആചാര്യനായിരുന്ന മെഹർ ബാബ തന്റെ ജീവിതത്തിന്റെ അവസാന 44 വർഷങ്ങൾ നീണ്ട മൗനവ്രതം ആരംഭിച്ചത് 1925 ജൂലൈ 10നായിരുന്നു. മൗനവ്രതം ആരംഭിച്ച ശേഷം ആദ്യം അക്ഷരമാലകളിലൂടെയും പിന്നീട് ആംഗ്യങ്ങളിലൂടെയുമായിരുന്നു അദ്ദേഹം ശിഷ്യരോട് ആശയവിനിമയം നടത്തിയിരുന്നത്. പഠിപ്പിക്കുകയല്ല തിരിച്ചറിവുകൾ പകരുകയാണ് തന്റെ ലക്ഷ്യം എന്നും, യാഥാർത്ഥ്യങ്ങൾ വെളിപ്പെടുന്നത് നിശബ്ദതയിലാണെന്നുമായിരുന്നു ബാബയുടെ നിലപാട്. പേർഷ്യൻ വംശജരായിരുന്ന സൊരാഷ്ട്രിയൻ കുടുംബത്തിലായിരുന്നു ജനനം. പൂനെയിലെ ഡെക്കാൻ കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷമാണ് അദ്ദേഹം സന്യാസത്തിലേക്ക് തിരിഞ്ഞത്. ആത്മീയാചാര്യന്മാരായ സൊരാഷ്ട്രർ, ശ്രീരാമൻ, ശ്രീകൃഷ്ണൻ, ബുദ്ധൻ, യേശുക്രിസ്തു, മുഹമ്മദ് എന്നിവരുടെ ശ്രേണിയിലുൾപ്പെട്ട ഒരാളായാണ് അദ്ദേഹം സ്വയം കരുതിയിരുന്നത്.

ലോകത്തിലെ ആദ്യ ആക്ടീവ് കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റായ ടെൽസ്റ്റാർ വൺ വിക്ഷേപിച്ചത് 1962 ജൂലൈ 10നായിരുന്നു. അമേരിക്കയിലെ ഫ്ളോറിഡയിൽ നിന്നാണ് ഈ വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ചത്. ബെൽ ടെലിഫോൺ ലബോറട്ടറി, എ.ടി. ആന്റ് ടി., നാസ, ബ്രിട്ടീഷ് ജനറൽ പോസ്റ്റോഫീസ്, ഫ്രഞ്ച് നാഷണൽ പോസ്റ്റ്, ടെലഗ്രാം, ടെലഗ്രാഫ് ഓഫീസ് എന്നീ സ്ഥാപനങ്ങൾ കൈകോർത്തതോടെയാണ് ദൗത്യം സഫലമായത്. വിക്ഷേപണത്തിന് കൃത്യം രണ്ട് ദിവസങ്ങൾക്ക് ശേഷം ടെൽസ്റ്റാർ ലോകത്തിലെ ആദ്യ ട്രാൻസ് അറ്റലാന്റിക് ടെലിവിഷൻ സിഗ്നൽ അയച്ചു, ആൻഡോവർ എർത്ത് സ്റ്റേഷനിൽ നിന്ന് ഫ്രാൻസിലെ ബ്രിട്ടണിയിലുള്ള ടെലികോം സെന്ററിലേക്കാണ് ഉപഗ്രഹം വഴി ആദ്യ സിഗ്നൽ അയച്ചത്. 13 ദിവസങ്ങൾക്ക് ശേഷം ആദ്യ തത്സമയ സംപ്രേഷണം നടന്നു. അമേരിക്കൻ നെറ്റ്വർക്കുകളായ സി.ബി.എസ്., എൻ.ബി.സി., എ.ബി.സി., യൂറോപ്പിലെ യൂറോവിഷൻ, കാനഡയിലെ സി.ബി.സി. എന്നീ ചാനലുകളാണ് അത് സംപ്രേഷണം ചെയ്തത്. ഇത് വാർത്താവിനിമയ രംഗത്ത് വൻ കുതിച്ചുചാട്ടമായി മാറി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News