ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം വൻ യുദ്ധഭീതിയിലേക്ക് വഴിമാറുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മൃതദേഹം വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ സംസ്‌കരിക്കുന്ന ചടങ്ങുകൾ നടക്കുന്നതിനിടയിലും ഇരുരാജ്യങ്ങളും പരസ്പരം ശക്തമായ ആക്രമണങ്ങൾ തുടർന്നു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ചരക്കുകപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് അമേരിക്ക ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ, ഇരു രാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക സമാധാന കരാർ അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ശേഷം കഴിഞ്ഞ മണിക്കൂറുകളിൽ ഹോർമുസ് കടലിടുക്കിന് സമീപമുള്ള തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ ഇറാന്റെ 90 സൈനിക ലക്ഷ്യങ്ങളിൽ യു.എസ് സെൻട്രൽ കമാൻഡ് (Centcom) ശക്തമായ ആക്രമണം നടത്തി.
ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള പ്രദേശങ്ങളിലും ആക്രമണം ഉണ്ടായതായി ഇറാന്റെ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണറെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

