ഇന്ത്യയിൽ സിനിമായുഗം പിറന്നത് 1896 ജൂലൈ ഏഴിനായിരുന്നു. അന്നാണ് ലൂമിയർ സഹോദരന്മാർ തങ്ങളുടെ സിനിമ ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. സിനിമ തന്നെയും പിറന്നിട്ട് ആറുമാസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളൂ അപ്പോൾ. 1895 ഡിസംബർ അവസാനമാണ് ലോകത്തിലെ തന്നെ ആദ്യ സിനിമാപ്രദർശനം നടന്നത്. തൊട്ടടുത്ത വർഷം ഫിലിം ക്യാമറയായും പ്രൊജക്ടറായും പ്രിന്ററായും പ്രവർത്തിപ്പിക്കാവുന്ന ലൂമിയർ സിനിമാറ്റോഗ്രാഫ് എന്ന ഉപകരണം ബോംബെയിലെത്തിച്ചപ്പോഴാണ് ഇന്ത്യയിലെ ആദ്യ സിനിമാപ്രദർശനം നടന്നത്. മാരിയൂസ് സെസ്റ്റിയർ എന്നയാളാണ് ഈ ഉപകരണം ഇന്ത്യയിലെത്തിച്ചത്. ബോംബെയിലെ വാട്ട്സൺ ഹോട്ടലിലെ ഗ്രാന്റ് ഹാളിലാണ് സിനിമ പ്രദർശിപ്പിച്ചത്. എൻട്രി ഓഫ് സിനിമാറ്റോഗ്രാഫ്, അറൈവൽ ഒാഫ് എ ട്രെയിൻ, ദി സീ ബാത്ത്, എ ഡിമോളിഷൻ, ലീവിംഗ് ദി ഫാക്ടറി, ലേഡീസ് ആന്റ് സോൾജ്യേഴ്സ് ഓൺ വീൽസ് എന്നീ ആറു സിനിമകളാണ് ഇന്ത്യയിലെ പ്രേക്ഷകർ ആദ്യമായി കണ്ടത്.
ദാമോദർ നദീതടപദ്ധതി നിലവിൽ വന്നത് 1948 ജൂലൈ ഏഴിനായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ നദീതടപദ്ധതിയായിരുന്നു ദാമോദർ വാലി. അമേരിക്കയിലെ ടെന്നസിവാലി അതോറിറ്റിയുടെ മാതൃകയിലാണ് പദ്ധതി വിഭാവനം ചെയ്തത്. ദാമോദർ നദിയുടെ പോഷകനദിയായ ബരാക്കർ നദിയിൽ നിർമ്മിച്ച തില്ലയ്യ അണക്കെട്ടായിരുന്നു ദാമോദർ വാലി പദ്ധതിയുടെ ഭാഗമായ ആദ്യ അണക്കെട്ട്. ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് ദാമോദർ പദ്ധതിയുടെ ഗുണഭോക്താക്കൾ. നദിയിൽ തുടർച്ചയായി ഉണ്ടായ വെള്ളപ്പൊക്കത്തിനു പരിഹാരം കാണാൻ 1943 ൽ ബംഗാൾ സർക്കാർ നിയോഗിച്ച ദാമോദർ ഫ്ളഡ് എൻക്വയറി കമ്മിറ്റി നിർദ്ദേശിച്ചതുപ്രകാരമാണ് 1948 ൽ പദ്ധതി നിലവിൽവന്നത്.
2007 ജൂലൈ ഏഴിനാണ് ആധുനിക ലോകാദ്ഭുതങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ന്യൂ സെവൻ വണ്ടേഴ്സ് ഫൗണ്ടേഷൻ ലിസ്ബണിൽവച്ചു നടത്തിയ ചടങ്ങിലായിരുന്നു പ്രഖ്യാപനം. ചൈനയിലെ വന്മതിൽ, ബ്രസീലീലെ കൈ്രസ്റ്റ് ദി റിഡീമർ പ്രതിമ, ഇൻകൻ സാമ്രാജ്യത്തിലെ പുരാതനനഗരമായ മാച്ചു പിച്ചു, മായൻ സംസ്കാരകാലത്തെ ചീച്ചൻ ഇറ്റ്സ എന്ന ചരിത്രനഗരം, റോമൻ കൊളോസിയം, താജ്മഹൽ, പുരാതന ജോർദാനിയൻ നഗരമായ പെട്ര എന്നിവയാണ് ആധുനിക ലോകാദ്ഭുതങ്ങൾ. ഈ ഏഴ് അദ്ഭുതങ്ങളെയും റാങ്ക് നിശ്ചയിക്കാതെ തുല്യമായി പരിഗണിച്ചായിരുന്നു പ്രഖ്യാപനം. ലോകമാസകലമുള്ള 100 മില്യണിലധികം ആളുകളുടെ വോട്ടുകൾ പരിഗണിച്ചാണ് ഈ ഏഴ് സ്മാരകങ്ങളെ ലോകാദ്ഭുതങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

