പ്രായം കൂടുമ്പോൾ നമ്മുടെ ശരീരത്തിന് സ്വാഭാവികമായും വളർച്ചയുണ്ടാകും. എന്നാൽ ശരീരത്തിന് പക്വത വരുന്നത് പോലെ എല്ലാവരുടെയും മനസ്സിന് പക്വത വരണമെന്നില്ല. മാനസികമായ പക്വത എന്നാൽ നമ്മൾ ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും, മറ്റുള്ളവരെ ബഹുമാനിക്കാനും, സാഹചര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കാനുമുള്ള കഴിവാണ്. പക്വതയില്ലാത്ത പെരുമാറ്റം നമ്മുടെ വ്യക്തിജീവിതത്തെയും ജോലിയെയും മോശമായി ബാധിക്കാം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് മാനസിക പക്വത നേടിയെടുക്കാനും ജീവിതത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാനും സാധിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.
1. സ്വയം തിരിച്ചറിയുക
നമ്മുടെ ചിന്തകളെയും പെരുമാറ്റങ്ങളെയും നമ്മൾ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുക. മറ്റുള്ളവരുടെ സ്ഥാനത്ത് നമ്മളായിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് ചിന്തിക്കാൻ ശീലിക്കണം. നമ്മളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത് വഴി കാര്യങ്ങളെ വ്യക്തതയോടെ കാണാനും നല്ല തീരുമാനങ്ങൾ എടുക്കാനും കഴിയും. കൂടാതെ, നമ്മളെക്കുറിച്ച് സുഹൃത്തുക്കളോടും കുടുംബത്തോടും അഭിപ്രായങ്ങൾ ചോദിച്ചറിയുന്നതും സ്വയം തിരുത്താൻ സഹായിക്കും.
2. വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കുക
ദേഷ്യം, സങ്കടം, സന്തോഷം തുടങ്ങിയ വികാരങ്ങളെ കൃത്യമായി നിയന്ത്രിക്കാൻ പഠിക്കണം. വികാരങ്ങൾ ഉള്ളിൽത്തന്നെ അടക്കിവെക്കുന്നത് മാനസിക സമ്മർദത്തിന് കാരണമാകും. അതേസമയം, എല്ലാ വികാരങ്ങളും അമിതമായി പ്രകടിപ്പിക്കുന്നത് മറ്റുള്ളവർക്ക് മുന്നിൽ നമ്മളെ ബലഹീനരായി കാണിച്ചേക്കാം. അതുകൊണ്ട് ബുദ്ധിയോടെയും ശാന്തതയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വികാരങ്ങളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
3. ആരോഗ്യത്തിന് മുൻഗണന നൽകുക
ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നല്ലൊരു ജീവിതശൈലിയിലൂടെ ആരോഗ്യം സംരക്ഷിച്ചാൽ ജീവിതത്തോടുള്ള നിരാശ കുറയും. മികച്ച ആരോഗ്യം ഉള്ളപ്പോൾ മാത്രമേ പ്രതിസന്ധി ഘട്ടങ്ങളെ ധൈര്യത്തോടെ നേരിടാനും, പ്രശ്നങ്ങൾക്ക് ശരിയായ പരിഹാരം കണ്ടെത്താനും നമുക്ക് സാധിക്കൂ.
4. നെഗറ്റീവ് ചിന്തകളെ നേരിടുക
ചുറ്റുമുള്ള നെഗറ്റീവ് സാഹചര്യങ്ങളും ചിന്തകളും പലപ്പോഴും തെറ്റായ തീരുമാനങ്ങളിലേക്ക് നമ്മളെ നയിക്കാം. നെഗറ്റീവ് ചിന്തകൾ നമ്മളെ അലട്ടുമ്പോൾ മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യാനോ കുറച്ചുസമയം വിശ്രമിക്കാനോ ശ്രദ്ധിക്കുക. യോഗ, ധ്യാനം എന്നിവ ശീലിക്കുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും. കാര്യങ്ങളെ എപ്പോഴും പോസിറ്റീവായി കാണാൻ ശ്രമിക്കുക.
5. സഹാനുഭൂതി ശീലിക്കുക
മറ്റുള്ളവരുടെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കാനും അവരെ സഹായിക്കാനും ശ്രമിക്കുന്നതാണ് പക്വതയുടെ ലക്ഷണം. മറ്റുള്ളവർ നമ്മളെ വിമർശിക്കുമ്പോൾ അതിലെ നല്ല കാര്യങ്ങൾ മാത്രം ഉൾക്കൊണ്ട് സ്വയം മെച്ചപ്പെടാൻ ശ്രമിക്കുക. അതുപോലെ തന്നെ, സ്വന്തം തെറ്റുകൾക്ക് സ്വയം മാപ്പ് നൽകാനും പഠിക്കണം. എങ്കിൽ മാത്രമേ മനസ്സ് ശാന്തമാവുകയും നല്ല തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയും ചെയ്യൂ.
മാനസിക പക്വത എന്നത് ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഒന്നല്ല. അത് നമ്മൾ നിരന്തരം ശ്രമിച്ചു നേടേണ്ട ഒരു ഗുണമാണ്. നമ്മുടെ വികാരങ്ങളെ നിയന്ത്രിച്ചും, ആരോഗ്യത്തോടെ ഇരുന്നും, മറ്റുള്ളവരെ ബഹുമാനിച്ചും ജീവിക്കുമ്പോൾ ജീവിതത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ നമ്മൾ പ്രാപ്തരാകും. ഈ മാറ്റങ്ങൾ നമ്മുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കും.

