Tuesday, July 7, 2026

മാലിന്യത്തിൽ നിന്ന് മാതൃകാ റോഡുകളിലേക്ക്: 7,249 കിലോമീറ്റർ പ്ലാസ്റ്റിക് റോഡുകളുമായി ക്ലീൻ കേരള കമ്പനി

നാളെയുടെ പരിസ്ഥിതി സുരക്ഷയ്ക്കായി പ്ലാസ്റ്റിക് മാലിന്യങ്ങളെ റോഡ് വികസനമാക്കി മാറ്റി ക്ലീൻ കേരള കമ്പനി ശ്രദ്ധേയമായ നേട്ടത്തിലേക്ക്. കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനത്തിലൂടെ 4,447.93 ടൺ പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ് ശാസ്ത്രീയമായി പൊടിച്ച് റോഡ് നിർമ്മാണത്തിനായി കമ്പനി വിതരണം ചെയ്തത്. ഇതുവഴി സംസ്ഥാനത്തുടനീളം 7,249 കിലോമീറ്റർ നീളത്തിൽ പരിസ്ഥിതിസൗഹൃദ പ്ലാസ്റ്റിക് മിശ്രിത റോഡുകൾ യാഥാർഥ്യമായി.

പ്ലാസ്റ്റിക് മലിനീകരണത്തിന് ശാശ്വതപരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് കമ്പനി ഷ്രെഡഡ് പ്ലാസ്റ്റിക് ഉൽപാദനം ആരംഭിക്കുന്നത്. ഹരിതകർമ്മസേനയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളും മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റികളിൽ (MCF) എത്തിച്ച് വൃത്തിയാക്കി പൊടിച്ചെടുത്താണ് റോഡ് ടാറിംഗിനായി നൽകുന്നത്.

സാധാരണ ടാറിംഗിനൊപ്പം നിശ്ചിത ശതമാനം പൊടിച്ച പ്ലാസ്റ്റിക് കൂടി ചേർക്കുമ്പോൾ റോഡുകളുടെ നിർമ്മാണച്ചെലവ് കുറയുമെന്നു മാത്രമല്ല, റോഡുകൾക്ക് കൂടുതൽ ഈടുനിൽപ്പും വെള്ളത്തെ പ്രതിരോധിക്കാനുള്ള ശേഷിയും കൈവരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

തദ്ദേശ ഭരണകൂടങ്ങളും റിസോഴ്സ് റിക്കവറി ഫെസിലിറ്റികളും (RRF) കൈകോർത്തുള്ള ഈ ശാസ്ത്രീയ സംസ്കരണരീതിയിലൂടെ പരിസ്ഥിതിക്ക് വൻ ഭീഷണിയാകുമായിരുന്ന ടൺ കണക്കിന് പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ് വികസന പ്രവർത്തനങ്ങൾക്ക് തുണയായി മാറിയിരിക്കുന്നത്. സംസ്ഥാനത്ത് വരുംവർഷങ്ങളിലും പ്ലാസ്റ്റിക് റോഡുകളുടെ നിർമ്മാണം കൂടുതൽ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News