84 വയസ്സ് പൂർത്തിയായ ഫാ. ആൽബർട്ട് ബൗഡൗഡ് പാപുവ ന്യൂ ഗിനിയയിലെ ഏറ്റവും പ്രായമേറിയ മിഷനറി വൈദികനാണ്. 1968-ലാണ് അദ്ദേഹം പാപുവ ന്യൂ ഗിനിയയിൽ എത്തിയത്. ഫ്രാൻസിൽനിന്നും മിഷനറിപ്രവർത്തനങ്ങൾക്കായി 28-ാം വയസ്സിൽ പാപുവ ന്യൂ ഗിനിയയിലെത്തിയ ഈ വൈദികൻ ഇപ്പോൾ തന്റെ മാതൃഭാഷയായ ഫ്രഞ്ച് പോലും മറന്നുപോയി.
ഫ്രാൻസിലെ ലെസ് ഹെർബിയേഴ്സിലെ രൂപത സെമിനാരിയിലായിരുന്ന ആൽബർട്ട്, അപ്രതീക്ഷിതമായിട്ടാണ് ഒരു മിഷനറിയെ കണ്ടുമുട്ടിയത്. ആ കണ്ടുമുട്ടൽ, സാഹസികതയെക്കുറിച്ചു സ്വപ്നം കാണാൻ ആൽബർട്ടിനെ പ്രേരിപ്പിച്ചു. രണ്ടു വർഷത്തിനുശേഷം, രൂപതാ സെമിനാരിയിൽനിന്നും അദ്ദേഹം ഇസ്സോഡൂണിലെ മിഷനറീസ് ഓഫ് സേക്രഡ് ഹാർട്ട് സന്യാസ സമൂഹത്തിൽ ചേരുകയും 1967-ൽ വൈദികനായി അഭിഷിക്തനാവുകയും ചെയ്തു.
പാരീസ് നഗരത്തിലെ പ്ലെയിൻ സെന്റ്-ഡെനിസിൽ ഒരുവർഷം അജപാലനശുശ്രൂഷ ചെയ്യാൻ അധികാരികൾ അദ്ദേഹത്തെ അയച്ചു. അവിടെയൊരു ‘മിഷനറി അന്തരീക്ഷം’ ഉണ്ടായിരുന്നു. ഒരു വർഷത്തിനുശേഷം പാപുവ ന്യൂ ഗിനിയയിലേക്ക് മിഷനറിയായി പോകാൻ ഫാ. ആൽബർട്ടിനോട് സഭാധികാരികൾ നിർദേശിച്ചു. ഉടൻതന്നെ അദ്ദേഹം യാത്രയ്ക്കായി തന്റെ മിഷൻ ബാഗ് ഒരുക്കി. ഉദ്ദേശിച്ചതിലും നേരത്തെ അദ്ദേഹം ഇംഗ്ലീഷ് പഠനം പൂർത്തിയാക്കി. അങ്ങനെ ഫ്രാൻസിൽനിന്നും കപ്പൽമാർഗം അദ്ദേഹം പാപുവ ന്യൂ ഗിനിയയിലേക്കു യാത്രയായി.
45 ദിവസത്തെ നീണ്ട യാത്രയായിരുന്നു അത്. അവിടെ ചെന്നിട്ട് പത്ത് വർഷങ്ങൾക്കുശേഷമാണ് അവധിക്കായി പിന്നീട് അദ്ദേഹം തന്റെ മാതൃരാജ്യത്തേക്ക് തിരിച്ചെത്തിയത്. പക്ഷേ, അദ്ദേഹത്തിന് അതിൽ ഖേദമൊന്നുമില്ല. “ഞാൻ സ്വമേധയാ ആണ് മിഷനറിയായി ഈ രാജ്യത്തേക്കു വന്നത്. ജനങ്ങളുമായി അടുത്തു ജീവിച്ചുകൊണ്ട് ഞാൻ പാപ്പുവ ന്യൂ ഗിനിയ എന്റെ രാജ്യമാക്കി” – ഫാ. ആൽബർട്ട് പറയുന്നു.
ബഹുഭാഷാ മിഷനറി
പ്രാദേശികഭാഷകൾ കണക്കിലെടുക്കാതെ പാപുവ ന്യൂ ഗിനിയയിൽ 800-ലധികം വ്യത്യസ്ത ഭാഷകളുണ്ട്. ഗ്രാമങ്ങൾതോറും കയറിയിറങ്ങി ഫാ. ആൽബർട്ട് പല ഭാഷകളും പഠിച്ചു. അവിടുത്തെ ആളുകളോട് ഇണങ്ങിച്ചേരാൻ, അവരെപ്പോലെ ജീവിക്കാൻ അദ്ദേഹം ശ്രമിച്ചു. ചെളിയും കല്ലും നിറഞ്ഞ പ്രദേശങ്ങളിലൂടെ കാൽനടയായി യാത്രചെയ്തുകൊണ്ട് അദ്ദേഹം ക്രിസ്തുവിന്റെ സുവിശേഷം അറിയിച്ചു. വിദൂരഗ്രാമങ്ങളിലേക്കുപോലും അദ്ദേഹം സുവിശേഷം അറിയിക്കാനും വിശുദ്ധ കുർബാന അർപ്പിക്കാനുമായി യാത്ര ചെയ്തു. ആ യാത്രയിൽ നിറയെ പാമ്പുകളുള്ള പ്രദേശവും ഉണ്ടായിരുന്നു. ചിലപ്പോൾ പാമ്പുകടി ഏൽക്കേണ്ടിവന്നതായും അദ്ദേഹം ഓർമ്മിക്കുന്നു. ഓരോ ഗ്രാമത്തിലും വിശുദ്ധ കുർബാന അർപ്പിച്ചും കൂദാശകൾ നൽകിയും അദ്ദേഹം ദിവസങ്ങളോളം ചെലവഴിച്ചു. നിരവധിപ്പേർക്ക് മാമ്മോദീസയും നൽകി.
വർഷങ്ങൾ നീണ്ട സേവനങ്ങൾക്കുശേഷം ഇപ്പോൾ ഫാ. ആൽബർട്ട് വിശ്രമജീവിതം നയിക്കുകയാണ്; അതും പാപുവ ന്യൂ ഗിനിയയിൽത്തന്നെ. ജീവിതത്തിന്റെ ഭൂരിഭാഗവും പാപുവ ന്യൂ ഗിനിയയിൽ മിഷനറിയായ അദ്ദേഹം മാതൃരാജ്യത്തേക്കു തിരികെപ്പോയിട്ടില്ല. തന്നെ സമീപിക്കുന്നവർക്ക് ക്രിസ്തുവിന്റെ സാക്ഷ്യം പകരാൻ പുഞ്ചിരിലൂടെയും വാക്കുകളിലൂടെയും അദ്ദേഹം ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.