Friday, April 4, 2025

കൊടുംവരള്‍ച്ച; സൊമാലിയയില്‍ ഭക്ഷണമില്ലാതെ കുഞ്ഞുങ്ങള്‍, പാലുവറ്റി അമ്മമാര്‍

40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് സോമാലിയയില്‍ ഇപ്പോഴുള്ളത്. നാല് മഴക്കാലങ്ങള്‍ കടന്നുപോയിട്ടും ആവശ്യത്തിന് വഴ ലഭിക്കാത്തതിനാല്‍ കൃഷിയും കന്നുകാലികളും നശിച്ചു. രാജ്യം പട്ടിണിയില്‍ കൂപ്പുകുത്തിയതിനാല്‍ പത്തുലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ കുടുംബങ്ങള്‍ എല്ലാം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നു, കാരണം അവരുടെ ഗ്രാമങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ വെള്ളമോ ഭക്ഷണമോ അവശേഷിക്കുന്നില്ല. അധികം വൈകുന്നതിന് മുമ്പ് അടിയന്തര ധനസഹായം നല്‍കണമെന്ന് നോര്‍വീജിയന്‍ അഭയാര്‍ത്ഥി കൗണ്‍സിലിന്റെ സൊമാലിയ ഡയറക്ടര്‍ മുഹമ്മദ് അബ്ദി ആവശ്യപ്പെട്ടു.

വരള്‍ച്ചയുടെ പേരില്‍ അവിടെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളാണ്. മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കണ്ടെത്താന്‍ പാടുപെടുകയാണ്.

തെക്ക്-പടിഞ്ഞാറന്‍ സൊമാലിയയിലെ മൊഗാദിഷുവില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള ലൂക്കിലെ ഒരു പോഷകാഹാര കേന്ദ്രത്തില്‍ എത്തിയതാണ് നിംകോ അബ്ദി. അവരുടെ പെണ്‍കുഞ്ഞിന് ആറുമാസമാണ് പ്രായം. അവളുടെ തൂക്കം വെറും നാല് കിലോയാണ്. അത് കുട്ടിക്ക് വേണ്ടുന്ന ഭാരത്തിന്റെ പകുതിയില്‍ താഴെയാണ്. അവളുടെ പ്രായത്തിനനുസരിച്ച് നോക്കുമ്പോള്‍ അവള്‍ വളരെ ചെറുതാണ്. കണ്ണുകള്‍ കുഴിഞ്ഞ്, എല്ലുകള്‍ തള്ളി, ചുളിവുകള്‍ നിറഞ്ഞ് വിളറി വെളുത്ത രൂപമാണ് അവള്‍ക്ക്. ഒന്ന് ഉറക്കെ കരയാനുള്ള ആരോഗ്യം പോലുമില്ല. കരയുമ്പോള്‍ ഒരു നേര്‍ത്ത ശബ്ദം മാത്രമാണ് പുറത്ത് വരുന്നത്.

‘ഞാന്‍ അവള്‍ക്ക് ആദ്യമൊക്കെ മുലപ്പാല്‍ കൊടുക്കുമായിരുന്നു. പക്ഷേ, എനിക്ക് ആഹാരം കിട്ടാതായപ്പോള്‍ എന്റെ പാല്‍ വറ്റി. ഇതോടെ അവളും മെലിഞ്ഞു’ നിംകോ പറയുന്നു. കേന്ദ്രത്തില്‍ നിന്ന് കുഞ്ഞിന് ആവശ്യമായ മരുന്നുകളും പാലും ലഭിക്കുമെന്ന് നിംകോ പറയുന്നു. പോഷകാഹാരക്കുറവ് മൂലം കഷ്ടപ്പെടുന്ന ഇതുപോലുള്ള അനേകായിരം കുഞ്ഞുങ്ങളുണ്ട് അവിടെ. ‘ഇനിയും ഒന്നും ചെയ്തില്ലെങ്കില്‍, വേനല്‍ക്കാലത്തോടെ, രാജ്യത്ത് പോഷകാഹാരക്കുറവുള്ള 1.4 ദശലക്ഷം കുട്ടികളില്‍ 3,50,000 പേരും മരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് ഓഫീസിലെ ആദം അബ്ദുല്‍മൗല മുന്നറിയിപ്പ് നല്‍കുന്നു.

പട്ടിണിയും ദാരിദ്ര്യവും കാരണം രാജ്യത്തെ 70 ശതമാനം കുട്ടികളും സ്‌കൂളില്‍ പോകുന്നില്ല. ജൂബ ലാന്‍ഡിലെ ഒരു സംസ്ഥാനത്ത് മാത്രം, വരള്‍ച്ചയെ തുടര്‍ന്ന് 40 സ്‌കൂളുകളാണ് അടച്ചുപൂട്ടിയത്. അതുമല്ല കുടുംബാംഗങ്ങളെ മുഴുവന്‍ പോറ്റാന്‍ കഴിവില്ലാത്തതിന്റെ പേരില്‍ ചിലര്‍ പെണ്‍കുട്ടികളെ നേരത്തെ തന്നെ വിവാഹം കഴിപ്പിച്ച് അയക്കുന്നു. രാജ്യത്തെ വരള്‍ച്ച 4.5 ദശലക്ഷം ആളുകളെ ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്.

സൊമാലിയയിലെ ഏറ്റവും വലിയ ജുബ നദി പോലും വറ്റി വരണ്ടിരിക്കുന്നു. ജീവിക്കാന്‍ മാര്‍ഗമില്ലാതെ, വെള്ളവും ആഹാരവും ഇല്ലാതെ വലയുന്ന ജനങ്ങളില്‍ പലരും സ്വന്തം വീടും നാടും ഉപേക്ഷിച്ച് പോകുന്നു. യുഎന്‍ പറയുന്നതനുസരിച്ച്, ഭക്ഷണവും വെള്ളവും തേടി ഏകദേശം 700,000 ആളുകള്‍ അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. അവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്.

മൃഗങ്ങളെ വളര്‍ത്തി വിറ്റ് ഉപജീവനം നടത്തുന്ന നിരവധി സോമാലിയക്കാര്‍ക്ക് ഇത് ദുരിത കാലമാണ്. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും വിലയും കുതിച്ചുയരുകയാണ്. ദുരിതാശ്വാസം തേടി ആളുകള്‍ നഗരകേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യുമ്പോള്‍ ബാക്കിയാകുന്നത് പ്രായമായവരാണ്. മഴ പെയ്യുന്നതും കാത്ത് അല്ലെങ്കില്‍ അവരുടെ കുഞ്ഞുങ്ങള്‍ വെള്ളവുമായി മടങ്ങി വരുന്നതും കാത്ത് അവര്‍ കുടിലുകളില്‍ ഇരിക്കുന്നു. ചിലര്‍ മരിച്ച് വീഴുന്നു.

വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നതെന്ന് ഹ്യുമാനിറ്റേറിയന്‍ ഏജന്‍സികള്‍ പറയുന്നു. വെള്ളവും, ഭക്ഷണസാധനങ്ങളും വൈദ്യസഹായവും അയയ്ക്കാന്‍ അവര്‍ ശ്രമിക്കുന്നുവെങ്കിലും, ഇത് എല്ലാവരിലേക്കും എത്തിക്കാന്‍ സാധിക്കുന്നില്ല. ഉടന്‍ കൂടുതല്‍ ധനസഹായവും സംഭാവനകളും ലഭ്യമാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Latest News