മധ്യ ഉക്രെയ്‌നിലെ ക്രിവോയ് റോഗ് നഗരത്തില്‍ നിന്ന് റോഡ് മാര്‍ഗം നാലു ദിവസം യാത്ര ചെയ്താണ് 75 കാരിയായ സ്വെറ്റ്ലാനയും കുടുംബവും വടക്കുകിഴക്കന്‍ റൊമാനിയയിലെ മഞ്ഞുമൂടിയ മലമുകളില്‍ സ്ഥിതി ചെയ്യുന്ന പുട്ട്ന ആശ്രമത്തിലെത്തിയത്. മകള്‍ അന്ന, 6 വയസ്സുള്ള ചെറുമകന്‍ മാക്സിം, മറ്റ് രണ്ട് ബന്ധുക്കള്‍ എന്നിവരോടൊപ്പമാണ് സ്വെറ്റ്ലാന സ്വന്തം നഗരം വിട്ടത്. അന്നയുടെ ഭര്‍ത്താവും അവളുടെ രണ്ട് സഹോദരങ്ങളും സന്നദ്ധസേവകരായി സ്വന്തം രാജ്യത്ത് തുടരുകയാണ്.
ഫെബ്രുവരി 24 ന് റഷ്യ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ അവിടെ നിന്ന് ലക്ഷക്കണക്കിന് ജനങ്ങള്‍ അയല്‍ രാജ്യങ്ങളിലേയ്ക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. യുക്രൈനില്‍ നിന്ന് 4,00,000 ത്തിലധികം ആളുകള്‍ ഇതിനകം റൊമാനിയയില്‍ അഭയം തേടിയിട്ടുണ്ട്. എണ്ണം ഇനിയും കൂടുമെന്നും പ്രതീക്ഷിക്കുന്നു.
ഇങ്ങനെ യുക്രൈനില്‍ നിന്ന് അഭയം തേടിയെത്തുന്നവര്‍ക്കായി തുറന്നിട്ടിരിക്കുന്ന ഒരു വാതിലാണ് വടക്കുകിഴക്കന്‍ റൊമാനിയയില്‍ 15-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായ, റൊമാനിയന്‍ ഓര്‍ത്തഡോക്സ് ആശ്രമത്തിന്റേത്.
നിബിഡ വനത്താല്‍ ചുറ്റപ്പെട്ട താഴ്വരയിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ സന്യാസിമാരും ഇവിടെയുണ്ട്. സ്വെറ്റ്ലാനയേയും കുടുംബത്തേയും പോലെ അഭയം തേടിയെത്തുന്നവരെ സ്വീകരിക്കാനും സംരക്ഷിക്കാനും അവര്‍ സന്നദ്ധരുമാണ്. എത്രയും പെട്ടെന്ന് ഞങ്ങള്‍ക്ക് വീട്ടിലേക്ക് തിരികെ പോകണമെന്നും കുടുംബത്തില്‍ നിന്ന് വേര്‍പിരിയേണ്ടി വന്നതില്‍ ഖേദിക്കുന്നുവെന്നും പറഞ്ഞ് സ്വെറ്റ്‌ലാന കരയുമ്പോള്‍, ആശ്രമാംഗമായ ഫാദര്‍ ഗെരാസിം സോക്ക അവളെ ആശ്ലേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. മഞ്ഞുവീഴ്ചയെ അതിജീവിച്ച് അവിടുത്തെ ഗ്രാമവാസികള്‍ ആശ്രമത്തില്‍ ഒത്തുചേര്‍ന്ന് സന്യാസികളുടെ നേതൃത്വത്തില്‍ യുക്രെയ്‌നിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
‘പുട്ട്‌ന കുറച്ചു പ്രാന്തപ്രദേശമാണ്. പക്ഷേ ആവശ്യക്കാര്‍ക്ക് ഇവിടെ സമാധാനത്തോടെ കഴിയാം. ഓരോ കുടുംബത്തിനും അവരുടേതായ മുറി നല്‍കിയിട്ടുണ്ട്. അവര്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുന്നതും ആശ്വാസം ലഭിക്കുന്നതായും ഞാന്‍ കാണുന്നുണ്ട്’. ഫാദര്‍ ഗെരാസിം സോക്ക പറഞ്ഞു.
ആ ആശ്രമം മാത്രമല്ല, അവിടെ ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരും പള്ളികളും സര്‍ക്കാരിതര സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, ഗതാഗതം എന്നിവ നല്‍കി യുക്രേനിയയില്‍ നിന്നെത്തുന്നവരെ സഹായിക്കുന്നുണ്ട്.
വടക്കുകിഴക്കന്‍ റൊമാനിയയില്‍, സുസെവാ- റഡാസി ഓര്‍ത്തഡോക്‌സ് അതിരൂപതയും ആശ്രമങ്ങളിലും ഇടവക ഭവനങ്ങളിലും നൂറുകണക്കിന് കിടക്കകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭക്ഷണവും സഹായവും വാഗ്ദാനം ചെയ്തുകൊണ്ട് സിററ്റ് അതിര്‍ത്തിയിലും തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനിലും യുക്രേനിയനോ റഷ്യന്‍ ഭാഷയോ സംസാരിക്കുന്ന വൈദികരും സന്യാസിമാരും സ്ഥിരമായി കാത്തു നില്‍ക്കുകയും ചെയ്യുന്നു.
”യുക്രേനിയക്കാരില്‍ വലിയൊരു ഭാഗം വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളുടെ അടുത്തേക്ക് പോകുകയാണ്,” അതിരൂപതയുടെ വക്താവ് ഫാദര്‍ അലക്സാന്‍ഡ്രു ഫ്‌ലാവിയന്‍ സാവ പറഞ്ഞു. ഏകദേശം 100 പേര്‍, സ്ത്രീകളും കുട്ടികളുമടക്കം, ഇതുവരെ പുട്ട്‌നയില്‍ അഭയം പ്രാപിച്ചിട്ടുണ്ടെന്ന് ഫാദര്‍ ഗെരാസിം പറഞ്ഞു. ‘ഞങ്ങള്‍ക്ക് ഭയമാണ്. കാരണം ഇത് എങ്ങനെ അവസാനിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല.’ ഫാദര്‍ സാവ കൂട്ടിച്ചേര്‍ക്കുന്നു.