പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിനുള്ളില്‍ ആയോധന കലകളോടുള്ള താത്പര്യം കുതിച്ചുയരുന്ന കാഴ്ചയാണ്, പാകിസ്ഥാനിലെ ഹസാര സ്ത്രീകളുടെ ഇടയില്‍ കാണാനാവുന്നത്. കരാട്ടെയില്‍ സൈഡ് കിക്കുകളും കൈമുട്ട് പ്രഹരങ്ങളും എങ്ങനെ, എവിടെ പ്രയോഗിക്കാമെന്ന് അവര്‍ക്ക് നല്ല ധാരണയാണ്.
പാക്കിസ്ഥാനിലെ മുന്‍നിര വനിതാ കരാട്ടെ കളിക്കാരില്‍ പലരും ഹസാര വംശീയ ന്യൂനപക്ഷത്തില്‍ നിന്നുള്ളവരാണ്. സമൂഹം പതിറ്റാണ്ടുകളായി പീഡനങ്ങളും ബോംബാക്രമണങ്ങളും നടത്തിക്കൊണ്ടിരുന്ന ഒരു സമൂഹത്തില്‍ നിന്നുള്ളവര്‍.
2013-ല്‍ ക്വറ്റ നഗരത്തിലുണ്ടായ ഒന്നിലധികം സ്ഫോടനങ്ങളില്‍ 200-ലധികം ഹസാര വംശജര്‍ കൊല്ലപ്പെട്ട സംഭവം ഇക്കൂട്ടര്‍ക്കെതിരെയുള്ള ഏറ്റവും നീചമായ ഒരു ആക്രമണമായിരുന്നു. ചെക്ക്പോസ്റ്റുകളാല്‍ ചുറ്റപ്പെട്ട നഗരത്തിലെ ഒറ്റപ്പെട്ട ഗെട്ടോകളിലാണ് ഇന്ന് ഹസാര സമൂഹം താമസിക്കുന്നത്. പല ഹസാര സ്ത്രീകള്‍ക്കും കരാട്ടെ എന്നത് അവര്‍ നേരിടുന്ന നിയന്ത്രണങ്ങളില്‍ നിന്ന് പോരാടുന്നതിനും അതില്‍ നിന്ന് പുറത്തുകടക്കുന്നതിനുമുള്ള ഒരു മാര്‍ഗമാണ്.
പ്രധാനമായും ഷിയ മുസ്ലിംകളായ ഹസാരകള്‍, പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വറ്റയില്‍ പതിറ്റാണ്ടുകളായി വിഭാഗീയ അക്രമങ്ങളെ അഭിമുഖീകരിക്കുകയാണ്. അവരെ സംരക്ഷിക്കാന്‍ ചെക്ക്പോസ്റ്റുകളും സായുധ ഗാര്‍ഡുകളും രണ്ട് വ്യത്യസ്ത എന്‍ക്ലേവുകളിലായി താമസിക്കുന്നു.
തിരക്കേറിയ മാര്‍ക്കറ്റുകളിലും പൊതുഗതാഗതസംവിധാനങ്ങളിലും പുരുഷന്‍മാരില്‍ നിന്നുള്ള പതിവ് ചൂഷണങ്ങളില്‍ നിന്ന് ഈ സ്ത്രീകള്‍ക്ക് പോരാടാന്‍ കഴിയുന്നുണ്ട്. ”ഞങ്ങള്‍ക്ക് കരാട്ടെ ഉപയോഗിച്ച് ബോംബ് സ്‌ഫോടനങ്ങള്‍ തടയാന്‍ കഴിയില്ല, എന്നാല്‍ സ്വയം പ്രതിരോധത്തോടെ, ആത്മവിശ്വാസം അനുഭവിക്കാന്‍ ഞാന്‍ പഠിച്ചു.” 20 കാരിയായ നര്‍ഗീസ് ബറ്റൂല്‍ പറയുന്നു. ‘ഞാന്‍ കരാട്ടെ ക്ലബ്ബില്‍ പോകുന്ന കാര്യം ഇവിടെയുള്ള എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ആരും എന്നോട് മോശമായി ഒന്നും പറയാന്‍ പോലും ധൈര്യപ്പെടാറില്ല’. നര്‍ഗീസ് പറഞ്ഞു.
ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ മാത്രം 25 ലധികം ക്ലബ്ബുകളിലായി 4,000 സ്ത്രീകള്‍ കരാട്ടെ റെഗുലര്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ട്. 250 പേര്‍ക്ക് പരിശീലനം നല്‍കുന്ന നഗരത്തിലെ ഏറ്റവും വലിയ രണ്ട് അക്കാദമികളിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഹസാര യുവതികളാണെന്ന പ്രത്യേകതയുമുണ്ട്. അവരില്‍ പലരും മത്സരങ്ങളില്‍ പങ്കെടുക്കുകയും കായികരംഗത്ത് നിന്ന് പണം സമ്പാദിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ മെഡല്‍ നേടിയ ദേശീയ ചാമ്പ്യന്‍മാരായ നര്‍ഗീസ് ഹസാര, കുല്‍സൂം ഹസാര എന്നിവരാണ് ഇവരുടെയെല്ലാം പ്രചോദനം.
കടുത്ത യാഥാസ്ഥിതിക ചിന്താഗതിയുള്ള പാകിസ്ഥാനില്‍ സ്ത്രീകള്‍ കായിക മേഖലയിലേയ്ക്ക് ഇറങ്ങുന്നത് അസാധാരണമായിരുന്നു. എന്നാല്‍ ആയോധന കല അധ്യാപിക ഫിദ ഹുസൈന്‍ കാസ്മി പറയുന്നു, ‘പൊതുവേ, ഞങ്ങളുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് കായികാഭ്യാസം ചെയ്യാന്‍ കഴിയില്ല. എന്നാല്‍ സ്വയരക്ഷയ്ക്കും അവരുടെ കുടുംബത്തിനും വേണ്ടി അവര്‍ അതിന് തയാറാവുന്നു’.