Tuesday, June 16, 2026

വത്തിക്കാനിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ സ്വീകരിച്ച് ലെയോ പാപ്പ

വത്തിക്കാനിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ-മ്യൂങ്ങിനെ സ്വീകരിച്ച് ലെയോ പതിനാലാമൻ പാപ്പ. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹാർദപരമായ ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അദ്ദേഹം കർദിനാൾ സ്റ്റേറ്റ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തി. ജൂൺ 15 തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ അപ്പോസ്തോലിക് കൊട്ടാരത്തിൽ വച്ചാണ് പാപ്പ ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ സ്വീകരിച്ചത്.

മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ, അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെർ എന്നിവരുമായും പ്രസിഡന്റ് ചർച്ച നടത്തി. വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ, 63 വർഷങ്ങൾക്കു മുൻപ് (1963 ൽ) സ്ഥാപിതമായ, വത്തിക്കാനും ദക്ഷിണ കൊറിയയും തമ്മിലുള്ള ഊഷ്മളമായ നയതന്ത്രബന്ധത്തെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. അന്നുമുതൽ ഇരുരാജ്യങ്ങളും അടുത്ത ബന്ധം പുലർത്തുന്നുണ്ട്. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1984 ലും 1989 ലും ദക്ഷിണ കൊറിയ സന്ദർശിച്ചിരുന്നു. കൂടാതെ, ആറാമത് ഏഷ്യൻ യുവജനദിനത്തോടനുബന്ധിച്ച് 2014 ൽ ഫ്രാൻസിസ് മാർപാപ്പയും രാജ്യം സന്ദർശിക്കുകയുണ്ടായി.

കൊറിയൻ സമൂഹത്തിന്, പ്രത്യേകിച്ച് വിദ്യാഭ്യാസ-സാമൂഹികക്ഷേമ മേഖലകളിൽ അവിടത്തെ പ്രാദേശിക കത്തോലിക്കാ സഭ നൽകുന്ന സംഭാവനകളെ കർദിനാൾ സ്റ്റേറ്റ് സെക്രട്ടറിയും ദക്ഷിണ കൊറിയൻ പ്രസിഡന്റും അഭിനന്ദിച്ചതായി വത്തിക്കാൻ പ്രസ്സ് ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. 2027 ൽ ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കുന്ന ലോക യുവജനദിനത്തെക്കുറിച്ചും അന്താരാഷ്ട്രതലത്തിലെ ചില പ്രധാന സാഹചര്യങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News