Monday, June 29, 2026

കൊളംബിയയോട് സമനില വഴങ്ങി പോർച്ചുഗൽ; ഗോൾ നേടാനാകാതെ റൊണാൾഡോയും സംഘവും

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ‘കെ’യിലെ നിർണായക പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ. മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കിൽ പോർച്ചുഗലിന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താമായിരുന്നു. എന്നാൽ ഈ സമനിലയോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറി.

മത്സരത്തിന്റെ തുടക്കം മുതൽ കൊളംബിയൻ മുന്നേറ്റ നിരയാണ് കളി നിയന്ത്രിച്ചത്. ലൂയിസ് ഡയസും ജോൺ കോർഡോബയും ചേർന്ന് പോർച്ചുഗൽ ഗോൾമുഖത്ത് നിരവധി മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.

ആദ്യ അരമണിക്കൂറിന് ശേഷം പോർച്ചുഗൽ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരുന്നതാണ് കണ്ടത്. കൊളംബിയൻ താരം ജോൺ അരിയാസ് വരുത്തിയ ഫൗളിന് പോർച്ചുഗലിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും, റൊണാൾഡോ എടുത്ത കിക്ക് കൊളംബിയൻ ഗോളി കമിലോ വർഗാസ് അനായാസം കൈപ്പിടിയിലൊതുക്കി. മത്സരത്തിന്റെ 39-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ബോക്സിന് തൊട്ടടുത്തുനിന്ന് എടുത്ത ക്ലോസ് റേഞ്ച് ഷോട്ട് കൊളംബിയൻ ഗോളി വർഗാസ് തകർപ്പൻ സേവിലൂടെയാണ് തടഞ്ഞത്.

തൊട്ടുപിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും റൂബൻ നെവസും വീണ്ടും ഗോളിനായി ശ്രമിച്ചെങ്കിലും കൊളംബിയൻ പ്രതിരോധക്കോട്ട തകർക്കാൻ പോർച്ചുഗലിനായില്ല. ഇരുപകുതികളിലും മികച്ച പോരാട്ടം നടന്നിട്ടും ഇരുടീമുകൾക്കും വലകുലുക്കാൻ കഴിയാതെ വന്നതോടെ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു.

Latest News