Tuesday, June 30, 2026

ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം: ഇറാന് നേരെ രണ്ടാം തവണയും വ്യോമാക്രമണം നടത്തി അമേരിക്ക

ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്ന് ഇറാന് മേൽ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ശനിയാഴ്ച പനാമ ഫ്ലാഗ് ചെയ്ത ‘എം.ടി കികു’ (MT Kiku) എന്ന എണ്ണക്കപ്പലിന് നേരെ ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തിന് മറുപടിയായാണ് യു. എസ്. നടപടി.

അമേരിക്കൻ സെൻട്രൽ കമാൻഡ് നൽകിയ വിവരങ്ങൾ പ്രകാരം ഇറാനിലെ സൈനിക ഉപകരണങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, ഡ്രോൺ സംഭരണശാലകൾ എന്നിവ ലക്ഷ്യമിട്ടാണ് യു. എസ്. ആക്രമണം നടത്തിയത്. “ഇറാന് വെടിനിർത്തൽ കരാറിനെ മാനിക്കാനുള്ള അവസരം നൽകിയിരുന്നു. എന്നാൽ അതിന് തയ്യാറാകാതെയാണ് അവർ ‘എം.ടി കികു’ എന്ന കപ്പലിന് നേരെ ഡ്രോൺ ആക്രമണം നടത്തിയത്”— യു. എസ്. സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന വെടിനിർത്തൽ കരാർ ഇറാൻ തുടർച്ചയായി ലംഘിക്കുകയാണെന്ന് ആരോപിച്ച യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ട്രൂത്ത് സോഷ്യൽ മീഡിയ വഴി ഇറാന് കടുത്ത മുന്നറിയിപ്പ് നൽകി. യു.എസിന് എല്ലാ കാലത്തും വിവേകത്തോടെ പെരുമാറാൻ കഴിഞ്ഞെന്ന് വരില്ലെന്നും, സൈനിക നടപടിയിലൂടെ രാജ്യം തുടങ്ങിയ കാര്യം പൂർത്തിയാക്കേണ്ടി വന്നാൽ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ’ എന്ന രാജ്യം തന്നെ ഇല്ലാതാകുമെന്നും ട്രംപ് മുന്നറിയിപ്പായി കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News