യുക്രൈന് കുടുംബങ്ങളില്‍ നേതൃസ്ഥാനം സ്ത്രീകള്‍ക്കാണ്. വളരെ പ്രായോഗികമതികളാണ് ആ നാട്ടിലെ സ്ത്രീകള്‍. യുക്രൈനില്‍ മിക്ക കുടുംബങ്ങളേയും മുന്നോട്ടു നയിക്കുന്നത് അവരാണ്. ഗ്രാമങ്ങളില്‍ കൃഷിപ്പണിചെയ്തും കാലിവളര്‍ത്തിയും അവര്‍ സമ്പാദിക്കുന്നു, നിത്യച്ചെലവ് നടത്തുന്നു. കുടുംബത്തിന് ഒരു പ്രയോജനവുമില്ലാത്തവരായ പുരുഷന്മാരില് നിന്ന് വിവാഹമോചനം വാങ്ങി തന്റേടത്തോടെ കുട്ടികളുമായി കഴിയുന്ന ഒരുപാടുപേരുണ്ട്. രണ്ടാടുകളും പത്തുകോഴികളും കുറച്ചു കൃഷിസ്ഥലവുമുണ്ടെങ്കില് അവര്‍ ജീവിതം ഗംഭീരമായി കൊണ്ടുപോകും.
കവലകളില്‍ സൊറപറയാനും ചായ കുടിക്കാനും ബിയര്‍ നുണഞ്ഞിരിക്കാനുമായി യുക്രൈന് സ്ത്രീകള്‍ ഒത്തുചേരാറുണ്ട്. രാഷ്ട്രീയവും നാട്ടുകാര്യങ്ങളുമൊക്കെ അവര്‍ ചര്‍ച്ച ചെയ്യും. നിരീക്ഷണവും നിലപാടും അഭിപ്രായങ്ങളുമുള്ള സ്ത്രീകളാണവര്‍. തെരുവിലെ ഭക്ഷണശാലകളില്‍ കൂട്ടുകാര്‍ക്കൊപ്പം പാട്ടുംകേട്ടിരിക്കുന്ന സ്ത്രീകള്‍ പതിവുകാഴ്ചയാണ്. സംഗീതോപകരണങ്ങള്‍ വായിക്കുന്നതില്‍ പ്രാവീണ്യമുള്ളവരാണധികവും. രാജ്യത്ത് പുരുഷന്മാരേക്കാള് 20 ലക്ഷം സ്ത്രീകള്‍ അധികവുമുണ്ട്.
ഒരുപാട് സിംഗിള്‍ മദേഴ്സുണ്ട്, യുക്രൈനില്‍. സ്ത്രീകള്‍ മുന്‍കൈയെടുത്ത് നടത്തുന്ന വിവാഹമോചനങ്ങളാണ് ഏറെ. മക്കളെ തനിയെ വളര്‍ത്തുന്നതില്‍ അവര്‍ക്ക് ആശങ്കയില്ല. സ്വത്വബോധമുള്ളവരാണ് യുക്രൈന് സ്ത്രീകള്‍. ആരുടേയും നിഴലുകളാകാന് തയാറാകാത്ത അഭിമാനികളാണവര്‍.
യുദ്ധമുഖത്തും യുക്രൈന് വനിതകള്‍
പ്രായഭേദമന്യേ സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ ഒരേമനസ്സോടെ പോരാടുന്ന ജനതയാണ് യുക്രൈനിലേത്. മുന്‍ മിസ് ഗ്രാന്‍ഡ് യുക്രെയ്ന് ആയ അനസ്താസിയ ലെന്ന ഉള്‍പ്പെടെ ധാരാളം സ്ത്രീകളും പോരാടാന്‍ ആയുധം എടുത്തിരുന്നു. 2015 ലെ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ സൗന്ദര്യമത്സരത്തിലെ യുക്രെയ്നിന്റെ പ്രതിനിധിയായിരുന്നു അനസ്താസിയ ലെന്ന. ‘അക്രമിക്കണമെന്ന ഉദ്ദേശത്തോടെ യുക്രെനിന്റെ അതിര്‍ത്തി കടക്കുന്ന എല്ലാവരും കൊല്ലപ്പെടും!’ എന്നാണ് യുക്രൈന് സ്ത്രീകളുടെ പ്രതിനിധിയായി നിന്നുകൊണ്ട് അനസ്താസിയ ട്വിറ്ററില്‍ കുറിച്ചത്. യുക്രൈനിലെ ഒരു വനിതാ എംപിയും റഷ്യന്‍ ആക്രമണത്തിനെതിരെ പോരാടിക്കൊണ്ട് രംഗത്തെത്തിയിരുന്നു. പുരുഷന്മാര് മാത്രമല്ല സ്ത്രീകളും രാജ്യത്തിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാകണം എന്നാണ് അവര്‍ ആഹ്വാനം ചെയ്തത്.
കൂടാതെ യുദ്ധമുഖത്ത് നേരിട്ട് ഇറങ്ങാതെ യുദ്ധകാലാടിസ്ഥാനത്തില്‍ നിശബ്ദ സേവനം ചെയ്യുന്ന അനേകം സ്ത്രീകള്‍ ഈ രാജ്യത്തുണ്ട്. ഡോക്ടര്മാരായും നഴ്സുമാരായും നയതന്ത്ര വിദഗ്ധരായും, സന്യസ്തരായുമുള്ള അനേകം ധീര വനിതാ പോരാളികള്‍.
ഇതൊക്കെയെങ്കിലും ലോകം ഇന്ന് വനിതാ ദിനം ആഘോഷിക്കുമ്പോള്‍ യുക്രൈനിലെ യുദ്ധഭൂമിയില്‍ ആയിരക്കണക്കിന് വനിതകള്‍ തീ തിന്നുന്ന വേദനയിലാണ്. അതില്‍ അമ്മമാരുണ്ട്, സഹോദരിമാരുണ്ട്, ഭാര്യമാരുണ്ട്, പെണ്മക്കളുമുണ്ട്. നാടിനായി പോരാടിക്കൊണ്ടിരിക്കുന്ന തങ്ങളുടെ അച്ഛന്റെ, ഭര്‍ത്താവിന്റെ, സഹോദരന്റെ, മകന്റെ തിരിച്ചുവരവും കാത്തിരിക്കുന്നവരാണവര്‍. യുദ്ധഭൂമിയില്‍ പിഞ്ചോമനകളെ ചേര്‍ത്ത് പിടിച്ച് നിസ്സഹായരായി നില്ക്കുന്ന യുക്രൈന് അമ്മമാരുടെ മുഖം കൂടി അടയാളപ്പെടുത്തിയാണ് ഈ വനിതാ ദിനം കടന്നുപോകുന്നത്.
യുക്രൈനിലെ പല കുടുംബങ്ങളും പോളണ്ട് ഉള്‍പ്പെടെയുള്ള സമീപ രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്യുകയാണ്. എന്നാല്‍ പതിനെട്ട് വയസിന് മുകളിലുള്ള ഒരു പുരുഷനും രാജ്യം വിട്ട് പോകാന്‍ അനുവാദവുമില്ല. അവര്‍ രാജ്യത്തിനുവേണ്ടി പോരാടന്‍ അവിടെ തന്നെ തുടരണമെന്നാണ് നിയമം. ഇക്കാരണത്താല്‍ തന്നെ പല കുടുംബങ്ങളിലേയും സ്ത്രീകള്‍ ഒറ്റയ്ക്കാണ് മറ്റിടങ്ങളിലേയ്ക്ക് പലായനം ചെയ്യുന്നത്. തങ്ങളുടെ പുരുഷന്മാരെ എന്നു കാണുമെന്നോ അവര്‍ സുരക്ഷിതരായിക്കുമെന്നോ, ജീവനോടെ ഇനിമേല്‍ കാണാന്‍ സാധിക്കുമെന്നോ പോലും ഉറപ്പില്ലാതെയാണ് ഭൂരിഭാഗം യുക്രൈന് സ്ത്രീകളും കഴിയുന്നത്.
പ്രസവത്തിനായി കാത്തിരിക്കുന്ന ഗര്‍ഭിണികള്‍
എമര്‍ജെന്‍സി ബോംബ് ഷെല്‍ട്ടറാക്കി മാറ്റിയ കീവിലെ ആശുപത്രി ബേസ്മെന്റില്‍ പ്രസവത്തിനായി ഗര്‍ഭിണികള്‍ കാത്തിരിക്കുന്ന കാഴ്ച വേദനാജനകമാണ്. ഏകദേശം ഒരു ഡസനോളം പൂര്‍ണ ഗര്‍ഭിണികളായ സ്ത്രീകളും അവരുടെ പങ്കാളികളും കുടുംബങ്ങളുമാണ് ഭൂഗര്‍ഭ കേന്ദ്രത്തില്‍ അഭയം പ്രാപിച്ചത്. നവജാതശിശുക്കളുമുണ്ട് ഈ ബേസ്മെന്റില്‍. മാതാപിതാക്കള്‍ ഇവരെ നെഞ്ചോട് ചേര്‍ത്ത് സംരക്ഷിക്കുകയാണ്. യുദ്ധത്തെ അതിജീവിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുന്നതായും ആരോപണം
ആക്രമണത്തിനിടെ റഷ്യന്‍ പട്ടാളക്കാര്‍ യുക്രൈനിലെ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുന്നതായി വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ ആരോപിച്ചിരുന്നു. ആരോപണമുന്നയിച്ചെങ്കിലും മന്ത്രി ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും നിരത്തിയിട്ടില്ല. ”നിങ്ങളുടെ നഗരങ്ങളില്‍ ബോംബുകള്‍ വീഴുമ്പോള്‍, അധിനിവേശ നഗരങ്ങളില്‍ പട്ടാളക്കാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുമ്പോള്‍, നിര്‍ഭാഗ്യവശാല്‍, റഷ്യന്‍ പട്ടാളക്കാര്‍ യുക്രേനിയന്‍ നഗരങ്ങളില്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുമ്പോള്‍ അന്താരാഷ്ട്ര നിയമത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് സംസാരിക്കാന്‍ പ്രയാസമാണ്” ലണ്ടനിലെ ചാതം ഹൗസില്‍ നടന്ന ഒരു പരിപാടിയില്‍ കുലേബ പറഞ്ഞു. ഞങ്ങളെക്കാള്‍ ശക്തനായ ശത്രുവിനോടാണ് ഞങ്ങള്‍ പോരാടിക്കൊണ്ടിരിക്കുന്നത്. ന്യായം ഞങ്ങളോടൊപ്പമാണ്, അതുകൊണ്ട് പ്രതീക്ഷയുണ്ട്” കുലേബ കൂട്ടിച്ചേര്‍ത്തു.
രോഗികളായ കുഞ്ഞുങ്ങളേയും കൊണ്ട് പലായനം ചെയ്യുന്ന അമ്മമാര്‍
തീവ്ര രോഗികളായ യുക്രേനിയന്‍ കുട്ടികളെ ട്രെയിനില്‍ പോളണ്ടിലെ ഒരു താല്‍ക്കാലിക ആശുപത്രി വാര്‍ഡിലേയ്ക്ക് കൊണ്ടുപോവുന്ന അമ്മമാരുടെ കാഴ്ച കരളലിയിക്കുന്നതാണ്. മെഡിക്കല്‍ ട്രാന്‍സ്പോര്‍ട്ടിനായി രൂപാന്തരപ്പെട്ട ട്രെയിന്‍ വാഗണില്‍ നിത്യരോഗികളായ തങ്ങളുടെ കുട്ടികളുമായി അമ്മമാര്‍ വേദനയോടെ ഇരിക്കുന്നത് കാണാം. യാത്രയ്ക്കിടെ മക്കളെ കെട്ടിപ്പിടിച്ചും അവരുടെ ചെറിയ കളികള്‍ ആസ്വദിച്ചും സങ്കടവും ആകുലതയും ഒളിപ്പിച്ചും ഓരോ അമ്മമാരും മക്കളോടൊപ്പമായിരുന്നു. ചില കുട്ടികള്‍ക്ക് എഴുന്നേറ്റ് നടക്കാം, ചിലര്‍ക്ക് മുഴുവന്‍ സമയവും വൈദ്യസഹായം വേണം, ചില കുഞ്ഞുങ്ങള്‍ വേദന മറന്ന് ഉറങ്ങുകയാണ്. ഏറ്റവും നല്ല സാഹചര്യത്തില്‍ സാന്ത്വന പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്ക് ഇത് തീര്‍ച്ചയായും അപകടകരമായ യാത്രയാണ്. പക്ഷേ, അതിശയകരമെന്നു പറയട്ടെ, അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഈ യാത്രയിലും പല കുട്ടികളും മനസു നിറഞ്ഞ് പുഞ്ചിരിക്കുന്നത് കാണാം. പോളണ്ടിലേയ്ക്ക് ട്രെയിന്‍ എത്തിയപ്പോള്‍ ഒരു കുട്ടിയുടെ അമ്മ പറഞ്ഞതിങ്ങനെയാണ്…’കൃതജ്ഞതയുടെ നിരവധി വാക്കുകളുണ്ട്, സന്തോഷമുണ്ട്, ജീവിതത്തിന് പ്രതീക്ഷയുണ്ട്…’.
റഷ്യന്‍ സൈനികരേയും ആശ്വസിപ്പിച്ച യുക്രൈന് സ്ത്രീകള്‍
യുക്രൈനിയക്കാരുടെ കാരുണ്യത്തിന് മുന്നില്‍ തലകുനിച്ച് കരയുന്ന റഷ്യന്‍ സൈനികന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. യുക്രൈന് ചെറുത്തുനില്‍പ്പിന് മുന്നില്‍ കീഴടങ്ങിയ റഷ്യന്‍ സൈനികരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ട വ്യക്തിയായിരുന്നു അത്. പേര് വെളിപ്പെടുത്താത്ത ആ സൈനികന് കരഞ്ഞുകൊണ്ട് ആയുധങ്ങള്‍ താഴെ വയ്ക്കുന്നതും ഒരു കൂട്ടം യുക്രൈന് സ്ത്രീകള്‍ അദ്ദേഹത്തിന് ഭക്ഷണവും ചായയും നല്‍കുന്നതും വീഡിയോയില്‍ കാണാം.
യുക്രൈന് സ്ത്രീകള്‍ സൈനികനെ ആശ്വസിപ്പിക്കുന്നതും സ്ത്രീകള്‍ അവന്റെ അമ്മയെ ഫോണില്‍ വിളിക്കുകയും അവന് അമ്മയ്ക്ക് ഒരു ചുംബനം നല്‍കുകയും തുടര്‍ന്ന് കരയുകയും ചെയ്യുന്നതായും വീഡിയോയിലുണ്ടായിരുന്നു. യുക്രൈന് സ്ത്രീകളുടെ കാരുണ്യവും സ്നേഹവും വെളിപ്പെടുത്തുന്ന സംഭവമായി പ്രസ്തുത വീഡിയോയിലെ ദൃശ്യങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടു.
പ്രഥമ വനിതയുടെ പിന്തുണ
റഷ്യന്‍ അധിനിവേശത്തില്‍ യുക്രൈന് സ്ത്രീകള്‍ പരിഭ്രാന്തരാകാതെ പോരാടുകയാണെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിയുടെ ഭാര്യ ഒലേന സെലെന്‍സ്ക പറഞ്ഞിരുന്നു. ഈ ഘട്ടത്തില്‍ രാജ്യത്തെ സ്ത്രീകളെ താന്‍ അഭിനന്ദിക്കുകയാണ്. എല്ലാ ദിവസവും പരിഭ്രാന്തരാകാതെ കുട്ടികളെ സുരക്ഷിതരായ സ്ഥലങ്ങളിലേക്ക് എത്തിക്കുകയും സംഘര്‍ഷ സാഹചര്യത്തില്‍ കുട്ടികളുടെ മനസിനെ ബാധിക്കാതിരിക്കാന്‍ ശ്രമം നടത്തുകയുമാണ് അവര്‍. ബങ്കറുകള്‍ കുട്ടികള്‍ക്ക് ജന്മം നല്കുന്ന സാഹചര്യം പോലുമുണ്ടെന്ന് ഒലേന പറഞ്ഞു. യുക്രൈന് ജനതയോടൊപ്പം താനും ഭര്‍ത്താവും അവസാനം വരെ ഉണ്ടാകുമെന്നും ഒലേന ഉറപ്പു നല്‍കിയിരുന്നു.
യുക്രൈനിലെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളില്‍ ഒരാളാണ് ഒലേന. ദീര്‍ഘനാളത്തെ പരിചയത്തിന് ശേഷം 2003ലാണ് യുക്രൈന് പ്രസിഡന്റ് സെലന്‍സ്കി ഒലേനയെ വിവാഹം ചെയ്തത്. യൂണിവേഴ്സിറ്റി പഠനകാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. അഭിനേത്രി, വാസ്തുശില്‍പ്പി, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ പ്രശസ്തയാണ് ഇവര്‍. വിവിധ ടെലിവിഷന്‍ പരിപാടികള്‍ക്ക് ഒലേന തിരക്കഥയെഴുതിയിട്ടുണ്ട്.