Friday, April 4, 2025

‘ഇവിടെ നിന്ന് പോയേ മതിയാവൂ’! രക്ഷപ്പെടാനുള്ള സാധ്യതകള്‍ ചുരുങ്ങുമ്പോഴും റഷ്യ വിട്ട് പലായനം ചെയ്ത് രാജ്യത്തെ ഏറ്റവും മികച്ച ജനവിഭാഗം

ഫെബ്രുവരി 24-ന് യുക്രെയ്ന്‍ അധിനിവേശം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിലാണ് ‘റഷ്യയില്‍ നിന്ന് എങ്ങനെ പോകാം?’ എന്ന Google തിരയലുകള്‍ റഷ്യയ്ക്കകത്ത് 10 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. മോസ്‌കോ മുതല്‍ സൈബീരിയന്‍ എണ്ണ തലസ്ഥാനമായ നോവോസിബിര്‍സ്‌ക് വരെയും സെന്റ് പീറ്റേഴ്സ്ബര്‍ഗ് മുതല്‍ മര്‍മാന്‍സ്‌കിലെ ആണവ അന്തര്‍വാഹിനി ബേസ് വരെയുമുള്ള ജനങ്ങള്‍, ഒറ്റപ്പെടലും സെന്‍സര്‍ഷിപ്പും കൊണ്ട് ഛിന്നഭിന്നമായ ഒരു രാജ്യത്തെ ഭയാനകമായ ഭാവി മുന്നില്‍ കണ്ട് രക്ഷപെടാന്‍ വഴി തേടുകയാണ്. വ്ളാഡിമിര്‍ പുടിന്റെ റഷ്യയില്‍ ഇനി ജീവിക്കാന്‍ അവിടുത്തെ ജനത്തിന് കഴിയില്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

ഗൂഗിളില്‍ ‘കുടിയേറ്റം’ എന്ന വാക്കിന്റെ തിരച്ചില്‍ റഷ്യയില്‍ ഫെബ്രുവരി പകുതി മുതല്‍ മാര്‍ച്ച് ആദ്യം വരെയുള്ള സമയം കൊണ്ട് നാലിരട്ടിയായി. ‘ട്രാവല്‍ വിസ’ യെ ചുറ്റിപ്പറ്റിയുള്ള തിരയലുകള്‍ ഏകദേശം ഇരട്ടിയായി. കൂടാതെ ‘റഷ്യയ്ക്ക് തുല്യമായ രാഷ്ട്രീയ അഭയം’ എന്ന വാക്കിന്റെ തിരച്ചില്‍ അഞ്ചിരട്ടിയിലധികം കുതിച്ചു. ഓസ്ട്രേലിയ, തുര്‍ക്കി, ഇസ്രായേല്‍, സെര്‍ബിയ, അര്‍മേനിയ, ജോര്‍ജിയ എന്നിവയൊക്കെയാണ് റഷ്യക്കാരുടെ തിരച്ചിലില്‍ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളായി ട്രെന്‍ഡിംഗിലെത്തിയത്. ഇതുവരെ എത്ര റഷ്യക്കാര്‍ യഥാര്‍ത്ഥത്തില്‍ രാജ്യം വിട്ടുപോയി എന്ന് കൃത്യമായി സ്ഥാപിക്കാന്‍ പ്രയാസമാണ്.

‘ഫെബ്രുവരി 24 ന്, എല്ലാം മാറിമറിഞ്ഞു. ഞങ്ങളുടെ ജീവിതം മുമ്പും ശേഷവുമായി അന്നത്തോടെ വിഭജിക്കപ്പെട്ടു’. മോസ്‌കോയില്‍ താമസിക്കുന്ന 26 കാരിയായ ഡിജിറ്റല്‍ മാര്‍ക്കറ്റര്‍ വെറോണിക്ക പറയുന്നു. റഷ്യ യുക്രെയ്നില്‍ ആക്രമണം നടത്തിയെന്ന് അറിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം, അവളുടെ സുഹൃത്തുക്കളും പരിചയക്കാരും പെട്ടെന്ന് യെരേവാന്‍, ടിബിലിസി, ഇസ്താംബൂള്‍ എന്നിവിടങ്ങളിലേക്ക് അവരുടെ വളര്‍ത്തുമൃഗങ്ങളോടൊപ്പം പുറപ്പെട്ടു. അവള്‍ക്ക് പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. പകരം അവള്‍ റഷ്യന്‍ തലസ്ഥാനത്ത് യുദ്ധവിരുദ്ധ പ്രതിഷേധത്തിന് പോയി.

എന്നാല്‍ മാര്‍ച്ച് ആദ്യം, സ്ഥിതി കൂടുതല്‍ വഷളാകുകയാണെന്ന് വെറോണിക്ക മനസ്സിലാക്കി. പോലീസ്, ആക്ടിവിസ്റ്റുകളെ അവരുടെ അപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് പിടിച്ചു കൊണ്ടുപോകാന്‍ തുടങ്ങി. യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റുചെയ്യുകയോ പങ്കിടുകയോ ചെയ്തതിന് ആളുകളെ 15 വര്‍ഷം വരെ തടവിലാക്കാവുന്ന പുതിയ നിയമനിര്‍മ്മാണം മാര്‍ച്ച് ആദ്യം റഷ്യയില്‍ പാസാക്കി. യുദ്ധം എന്ന വാക്ക് ഉപയോഗിക്കുന്നത് പോലും അവര്‍ നിയമവിരുദ്ധമാക്കി. വെറോണിക്ക പറഞ്ഞു.

സമീപകാല പ്രസംഗത്തില്‍, തന്നെ പിന്തുണയ്ക്കാത്ത റഷ്യക്കാരെ പുടിന്‍ രാജ്യദ്രോഹികള്‍ ആക്കുകയും രാജ്യത്തു നിന്നുള്ള അവരുടെ വിടവാങ്ങല്‍ സമൂഹത്തിന്റെ അനിവാര്യമായ ശുദ്ധീകരണമാണെന്നും അത് നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്തുകയേയുള്ളൂവെന്നും പറയുകയും ചെയ്തിരുന്നു.

വെറോണിക്കയും അവളുടെ പങ്കാളിയും റഷ്യ വിടാനുള്ള തീവ്രമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ”രാജ്യം ഒരു സ്വേച്ഛാധിപതിയുടെ അധീനതയിലാണ്. സ്വതന്ത്ര മാധ്യമങ്ങള്‍ നശിപ്പിക്കപ്പെടുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ തടഞ്ഞു. ആക്ടിവിസ്റ്റുകള്‍ക്കെതിരെ അടിച്ചമര്‍ത്തലുകള്‍ ഉണ്ട്. ഇവിടെ താമസിക്കുന്നവര്‍ ഇപ്പോള്‍ ഭീഷണിയിലാണ്. ഞങ്ങള്‍ക്ക് എവിടെ പോയാലും പ്രശ്‌നമില്ല, ഞങ്ങള്‍ക്ക് ഇവിടെ നിന്ന് രക്ഷപ്പെടണം’. അവള്‍ പറഞ്ഞു.

‘ചില റഷ്യക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ കാരണം രാഷ്ട്രീയ പീഡനം മാത്രമാണ്. രാജ്യത്തിനകത്ത് സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന് പലരും വിശ്വസിക്കുന്നില്ല. തങ്ങളുടെ മക്കളെ സൈന്യത്തിലേക്ക് നിര്‍ബന്ധിച്ച് ചേര്‍ക്കുമെന്നും തങ്ങളുടെ കുട്ടികള്‍ക്ക് പാശ്ചാത്യ വിദ്യാഭ്യാസം നിഷേധിക്കപ്പെടുമെന്നും അവര്‍ക്ക് ആശങ്കയുണ്ട്’. മോസ്‌കോയിലെ സീനിയര്‍ ഫെലോ ആയ ആന്‍ഡ്രി കോള്‍സ്‌നിക്കോവ് പറയുന്നു.

നല്ലൊരു ശതമാനം റഷ്യക്കാരും ജോര്‍ജിയയിലേയ്ക്കാണ് പലായനം ചെയ്തത്. യുദ്ധത്തിന്റെ ആരംഭം മുതല്‍ മാര്‍ച്ച് 16 വരെ, 30,400-ലധികം റഷ്യക്കാര്‍ ജോര്‍ജിയയില്‍ പ്രവേശിച്ചതായി ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രി വഖ്താങ് ഗോമെലൗരി പറഞ്ഞു. നീണ്ട വിസ നടപടിക്രമങ്ങളില്ലാതെയും ചുരുങ്ങിയ ചെലവിലും പലായനം ചെയ്യുന്ന റഷ്യക്കാരെ കൊണ്ടുപോകുന്നതുമായ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ജോര്‍ജിയ. കൂടാതെ ഫ്രീലാന്‍സര്‍ ആയി രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് അക്കൗണ്ട് തുറക്കാനും ശമ്പളം അതിലേക്ക് സ്വീകരിക്കാനും ഈ രാജ്യത്ത് അനുവാദമുണ്ട്.

അര്‍മേനിയ, അസര്‍ബൈജാന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളാണ് റഷ്യക്കാരുടെ മറ്റ് ഓപ്ഷനുകള്‍. സാമ്പത്തികമായി ഉന്നതിയിലുള്ളവര്‍ ജനപ്രിയ അവധിക്കാല ലക്ഷ്യസ്ഥാനങ്ങളായ തുര്‍ക്കി, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നു.

യുദ്ധത്തിന് മുമ്പുള്ള ശൈത്യകാല മാസങ്ങളില്‍ റഷ്യയില്‍ അന്താരാഷ്ട്രതലത്തില്‍ 210-ലധികം എയര്‍ലൈനുകള്‍ പ്രവര്‍ത്തിച്ചിരുന്നു, എന്നാല്‍ മാര്‍ച്ച് ആദ്യം ആ എണ്ണം 90-ല്‍ താഴെയായി കുറഞ്ഞു. വിമാന ടിക്കറ്റുകള്‍ വളരെ ചിലവേറിയതുമാണ്. അഞ്ചിരട്ടിയാണ് ഇപ്പോള്‍ ടിക്കറ്റിന്റെ വില. കര അതിര്‍ത്തികള്‍ കടക്കാനുള്ള ശ്രമങ്ങളും ദുഷ്‌കരമാണ്. കാരണം 2020-ല്‍ റഷ്യ തങ്ങളുടെ പൗരന്മാരെ കരമാര്‍ഗം രാജ്യം വിടുന്നത് വിലക്കിയിരുന്നു. റഷ്യയുടെ സ്പുട്നിക് വി കോവിഡ്-19 വാക്സിന്‍ ഒന്നിലധികം രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും ഈ ഷോട്ട് ഇതുവരെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ല. ഇത് നിരവധി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കും യുഎസിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കുന്നു.

ഇത്തരത്തില്‍ റഷ്യയില്‍ നിന്നുള്ള പലായനം കൂടുതല്‍ ചെലവേറിയ ശ്രമമായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ രാജ്യം വിട്ടുപോകുന്നവരില്‍ നല്ലൊരു ശതമാനവും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉന്നത വിദ്യാഭ്യാസമുള്ളവരും സമ്പന്നരുമാണ്. അവര്‍ മേല്‍പ്പറഞ്ഞ വെല്ലുവിളികളെയെല്ലാം മറികടന്ന് രാജ്യം വിടുകയാണ്.

ഇത് പക്ഷേ റഷ്യന്‍ പ്രസിഡന്റിനെ ആശങ്കപ്പെടുത്താന്‍ സാധ്യതയില്ല. കാരണം പുടിന്‍ മസ്തിഷ്‌ക ചോര്‍ച്ചയെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. തന്റെ ഭരണത്തെക്കുറിച്ച് മാത്രമാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്. ഇപ്പോള്‍ രാജ്യം വിട്ടു പോകുന്ന ആളുകള്‍ റഷ്യയിലെ ഏറ്റവും മികച്ച ആളുകളാണെന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നേയില്ല. ഈ ആളുകളെല്ലാം തിരിച്ചുവന്ന് റഷ്യയ്ക്ക് ഒരു പുതിയ ഭാവി കെട്ടിപ്പടുക്കുമോയെന്ന് കണ്ടറിയണം.

Latest News