Thursday, January 23, 2025

ലുസെയ്ൽ: കായിക മാമാങ്കങ്ങളുടെ പ്രിയനഗരം

നിരവധി കായിക മാമാങ്കങ്ങൾക്ക് വേദിയായ ഖത്തറിലെ നഗരമാണ് ലുസെയ്ൽ. അത്യാധുനിക സൗകര്യങ്ങൾ കൊണ്ടും നിർമ്മാണശൈലി കൊണ്ടും വ്യത്യസ്തതകൾ ഏറെ പുലർത്തുന്ന ഈ നഗരം സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന പ്രതീക്ഷയിലാണ് അധികാരികൾ. ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾ കാണാൻ ലോകം ഖത്തറിലേക്ക് തിരിയുമ്പോൾ, അതിന് ആതിഥേയത്വം വഹിക്കുന്ന ഈ നഗരത്തിന്റെ പ്രത്യേകതകളിൽ കൂടെ ഒന്ന് കടന്നുപോകാം.

കായികലോകത്തിന് പ്രിയപ്പെട്ട നഗരം

കായികലോകത്തിന് പ്രിയപ്പെട്ട ഇടമാണ് ലുസെയ്ൽ. വരുംദിവസങ്ങളിൽ ഈ നഗരം കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതിന് പ്രധാന കാരണം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ആണ്. ഫിഫ ലോകകപ്പിനെ വരവേൽക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ലുസെയ്ൽ. 80,000 പേർക്ക് ഇരിപ്പിടമുള്ള സ്‌റ്റേഡിയത്തിൽ നവംബർ 22-ന് ഗ്രൂപ്പ് സി മത്സരത്തിൽ അർജന്റീനയും സൗദി അറേബ്യയും ഏറ്റുമുട്ടും. എന്നാൽ ഇത് ആദ്യമായല്ല ആവേശത്തോടെയുള്ള ആരവങ്ങൾക്ക് ഈ നഗരം സാക്ഷിയാകുന്നത്. ലുസെയ്ൽ നഗരം ഇതിനകം നിരവധി കായികമാമാങ്കങ്ങൾക്കു വേദിയായി മാറിയിരുന്നു. 2015-ൽ ലോക ഹാൻഡ്‌ബോൾ ചാംപ്യൻഷിപ്പ്, ഫോർമുല വൺ ഗ്രാൻഡ് പ്രി, മോട്ടോ ജിപി എന്നിവക്കു പിന്നാലെയാണ് ഫിഫ ലോകകപ്പിന്റെ ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയം ലോകകപ്പിനും വേദിയാകുന്നത്.

ചരിത്രത്തോട് ചേർന്ന നഗരം

ഖത്തറിന്റെ സ്വപ്‌നങ്ങളോടും കാഴ്ചപ്പാടുകളോടും ചരിത്രത്തോടും ഉൾച്ചേർന്നിരിക്കുന്ന ഒരു നഗരം കൂടിയാണ് ലുസെയ്ൽ. ദോഹ നഗരത്തിൽ നിന്ന് 23 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. അൽ വാസെയ്ൽ എന്ന പദത്തിൽ നിന്നുമാണ് ലുസെയ്ൽ എന്ന പേര് ഉടലെടുത്തത്. ആധുനിക ഖത്തറിന്റെ സ്ഥാപകൻ ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് അൽതാനിയുടെ ജന്മനാട് കൂടിയാണ് ലുസെയ്ൽ.

2005 മുതലാണ് ലുസെയ്ൽ സിറ്റിയെ ഒരു അത്യാധുനിക നഗരമായി വികസിപ്പിക്കാനുള്ള പദ്ധതികൾക്ക് തുടക്കമാവുന്നത്. ഇന്ന് അത് മികച്ച ഗതാഗത സംവിധാനങ്ങളും അത്യാധുനിക കെട്ടിടങ്ങളും താമസകേന്ദ്രങ്ങളും മനോഹരകാഴ്ചകൾ സമ്മാനിക്കുന്ന പൂന്തോട്ടങ്ങളും ബീച്ചുകളും പാർക്കുകളും വിനോദകേന്ദ്രങ്ങളുമൊക്കെയായി തലയുയർത്തി നിൽക്കുകയാണ്. വിവര സമ്പദ്വ്യവസ്ഥക്കും പ്രകൃതിസൗഹൃദ വികസനത്തിനും ഊന്നൽ നൽകിയാണ് ഖത്തറിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഖത്തരി ദിയാർ നഗരം പണികഴിപ്പിച്ചിരിക്കുന്നത്.

ആഡംബരം ഈ നഗരം

ദോഹ നഗരത്തിന്റെ ഒരു എക്‌സ്‌റ്റെൻഷൻ എന്ന നിലയ്ക്കാണ് ലുസെയ്ൽ സിറ്റി തലയുയർത്തി നിൽക്കുന്നത്. ഒരു നഗരത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെ സജ്ജമായിക്കഴിഞ്ഞു. സന്ദർശകരും താമസക്കാരുമായി നാലു ലക്ഷം പേരെ ഉൾക്കൊള്ളാൻ ലുസെയ്ൽ സിറ്റിക്ക് കരുത്തുണ്ട്. സന്ദർശകർക്ക് ആസ്വദിക്കാനും ആനന്ദിക്കാനുമായി ഒട്ടേറെ സംവിധാനങ്ങളുണ്ട് എന്നതാണ് നഗരത്തിന്റെ സവിശേഷതകളിലൊന്ന്.

ഫിഫ ലോകകപ്പിന് ആതിഥേയരാകാൻ അവസരം ലഭിക്കുന്നതിന് വളരെയധികം മുൻപേ തന്നെ ആഡംബര, വിനോദ അവസരങ്ങളുമായി തുടക്കമിട്ട പദ്ധതിയാണിത്. യാത്ര ചെയ്യാൻ ദോഹ മെട്രോ, മെട്രോ ശൃംഖലയുമായി ബന്ധിപ്പിച്ചുള്ള ലുസെയ്ൽ ട്രാം, ഇ-സ്‌കൂട്ടറുകൾ, ടാക്‌സി എന്നിവയെല്ലാം സുലഭം. ഖത്തറിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് വലിയ തോതിൽ സംഭാവന നൽകുന്നത് ഈ നഗരമാണ്. ഇവിടുത്തെ പാർപ്പിട യൂണിറ്റുകൾക്കും ഡിമാൻഡ് ഏറെയാണ്. റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളും മികച്ചതു തന്നെ. ഖത്തർ സംസ്‌ക്കാരത്തിന്റെ തനിമ വിളിച്ചോതുന്ന മാതൃകയിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ സ്‌റ്റേഡിയത്തിന്റെ ഔപചാരിക ഉദ്ഘാടനം നടന്നത് ഇന്നലെയായിരുന്നു.

Latest News