ഇറാനിൽ തടവിൽ കഴിയുന്ന ജൂത തടവുകാരെ മോചിപ്പിക്കുന്നതിനായി ഖത്തർ ഉദ്യോഗസ്ഥർ ഇറാനുമായി രഹസ്യ ചർച്ചകൾ നടത്തിവരുന്നതായി റിപ്പോർട്ട്. യു.എസുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഖത്തറിന്റെ ഈ നിർണായക നീക്കമെന്ന് ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്ററായ ‘കാൻ ന്യൂസ്’ വെളിപ്പെടുത്തി.
അടുത്തിടെ അമേരിക്കയും ഇറാനും തമ്മിലുണ്ടായ സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇസ്ലാമിക് ഭരണകൂടത്തെ വിമർശിച്ചതടക്കമുള്ള വിവിധ കുറ്റങ്ങൾ ചുമത്തി അഞ്ച് ജൂതന്മാരെ ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മോചനത്തിനായാണ് ഖത്തർ മധ്യസ്ഥത വഹിക്കുന്നത്. ജൂത തടവുകാർക്ക് പുറമെ, ഇറാനിൽ തടവിലായിരിക്കുന്ന യു.എസ് പൗരന്മാരുടെ മോചനത്തിനായും ഖത്തർ സജീവമായി ഇടപെടുന്നുണ്ട്.
2024 മുതൽ ഇറാനിൽ തടവിലായിരുന്ന ഒരു അമേരിക്കൻ പൗരനെ മുൻപ് ഇറാൻ മോചിപ്പിച്ചിരുന്നു. ഈ നടപടിയെ യു.എസ് പ്രസിഡന്റ് പ്രശംസിക്കുകയും ഇറാനോട് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

