വാശിയേറിയ ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ വീഴ്ത്തി സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടപ്പോൾ ഒപ്പം നേടിയത് കോടികളുടെ സാമ്പത്തിക പുരസ്കാരവും അപൂർവ ബഹുമതികളുമാണ്. ലോകകപ്പ് വിജയികളായ സ്പെയിന് 50 മില്യൺ ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ലഭിച്ചതിനേക്കാൾ എട്ട് മില്യൺ ഡോളർ കൂടുതലാണിത്.
സ്പെയിനിന് ലഭിച്ച 18 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ച, 36 സെന്റീമീറ്റർ ഉയരമുള്ള ഫിഫ ലോകകപ്പ് ട്രോഫിക്ക് ഏകദേശം 20 മില്യൺ ഡോളറാണ് ആകെ മൂല്യം കണക്കാക്കുന്നത്. എന്നാൽ യഥാർത്ഥ ട്രോഫി സ്പെയിന് കൂടെ കൊണ്ടുപോകാനാകില്ല. ആഘോഷങ്ങൾക്ക് ശേഷം സ്വർണ്ണം പൂശിയ ‘ഫിഫ വേൾഡ് കപ്പ് വിന്നേഴ്സ് ട്രോഫി’ ആണ് ടീമിന് സ്വന്തമായി നൽകുക.
മറ്റൊരാകർഷണം ലോകകപ്പിലെ വിജയികൾക്ക് ലഭിച്ച ചാമ്പ്യൻഷിപ്പ് റിംഗുകളായിരുന്നു. ആതിഥേയ രാജ്യമായ അമേരിക്കയിലെ കായിക പാരമ്പര്യത്തിന്റെ ഭാഗമായ ഈ മോതിരങ്ങൾ ഫിഫ ചരിത്രത്തിൽ ആദ്യമായാണ് വിജയികൾക്ക് സമ്മാനിക്കുന്നത്. 14 മുതൽ 18 കാരറ്റ് വരെ സ്വർണ്ണത്തിലും അപൂർവ്വ രത്നങ്ങൾ പതിപ്പിച്ചും നിർമ്മിക്കുന്ന ഓരോ മോതിരത്തിനും ഏകദേശം 1,50,000 ഡോളർ മൂല്യം വരും. വിജയികളായ ടീമിലെ 30 അംഗങ്ങൾക്കായി പ്രത്യേകമായി ഡിസൈൻ ചെയ്ത മോതിരങ്ങൾക്ക് പുറമെ, ആരാധകർക്കായി 1,996 ലിമിറ്റഡ് എഡിഷൻ മോതിരങ്ങളും ഫിഫ വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

